ജിദ്ദ- സൗദിയില്‍ തിയേറ്ററുകള്‍ ആരംഭിച്ച് കുറച്ചു കാലമായെങ്കിലും നാട്ടില്‍ മലയാള പടം റിലീസ് ചെയ്യുമ്പോള്‍ ഇവിടെ എത്താറില്ല. അപൂര്‍വമായി വരുന്നത് നല്ല ഫ്‌ളോപ്പാണെന്ന് നൂറു ശതമാനം ഉറപ്പുള്ള ചില ലൗ സറ്റോറികള്‍ മാത്രവും. എന്നാല്‍ കുറുപ്പ് ഇക്കാര്യത്തിലും ചരിത്രം സൃഷ്ടിച്ചിരിക്കകുയാണ്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന 'കുറുപ്പ്' എന്ന ബിഗ് ബജറ്റ് ചിത്രം വെള്ളിയാഴ്ച സൗദിയിലും പ്രദര്‍ശനത്തിനെത്തും. കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന 'കുറുപ്പി'നെ വരവേല്‍ക്കാന്‍ സൗദിയില്‍ ദുല്‍ഖര്‍ ആരാധകര്‍ ഒരുങ്ങി കഴിഞ്ഞു. കോവിഡിന്റെ നിഴലകന്ന് രാജ്യം സാധാരണനിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ സൗദിയിലെ തിയറ്ററുകളില്‍ ഒരു വലിയ മലയാളം ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത് പ്രവാസി ചലച്ചിത്രപ്രേമികളെ ആവേശഭരിതരാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25ഓളം തിയറ്ററിലാണ് കുറുപ്പ് പ്രദര്‍ശനത്തിനെത്തുന്നത്. ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭ്യമാണ്. ടിക്കറ്റ് വിതരണം ആരംഭിച്ചതോടെ പലരും നേരത്തെ തന്നെ ഇരിപ്പിടം ഉറപ്പിച്ചു. സൗദിയിലെ പ്രമുഖ സിനിമ തിയറ്ററുകളായ വോക്‌സ് സിനിമ, എ.എം.സി, എമ്പയര്‍ സിനിമാസ്, സിനി പോളീസ് എന്നീ തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.