Sorry, you need to enable JavaScript to visit this website.

ഭീഷണിയായി   വെളിച്ചെണ്ണ മാഫിയ

കേരളത്തിൽ വെളിച്ചെണ്ണയിലെ മായം  വ്യാപാര രംഗത്തെ വലിയ പ്രതിസന്ധിയായി മാറിയിട്ടിപ്പോൾ നാളുകളായി. ഒരു ഭാഗത്ത് മായം തടയാൻ ശ്രമങ്ങൾ നടക്കുമ്പോഴും മറുഭാഗത്ത് അത് തകർക്കാനുള്ള നീക്കങ്ങളും തകൃതിയിലാവുന്നു എന്നതാണ് ഈ രംഗത്തെ വലിയ പ്രശ്‌നം.  ഇടക്കെപ്പോഴോ, മലയാളിയുടെ അടുക്കളയിൽ നിന്ന് ഇറങ്ങിപ്പോയ വെളിച്ചെണ്ണ അടുത്ത കാലത്താണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.  വീണ്ടും ഇറക്കിവിടാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നു.
ജി.എസ്.ടി യാഥാർഥ്യമായതോടെ അതിർത്തി ചെക്ക് പോസ്റ്റുകളിലെ പരിശോധന നിലച്ചപ്പോഴാണ്  വെളിച്ചെണ്ണയെന്ന പേരിൽ ആർക്കും എന്തും മാർക്കറ്റിൽ വിൽക്കാവുന്ന സ്ഥിതിവന്നത്. 
വെളിച്ചെണ്ണയെന്ന പേരിൽ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തുന്നവയിലധികവും  മാരക വിഷമാണിപ്പോൾ.  ഇവയെല്ലം തമിഴ്‌നാട്ടിൽ പാക്ക് ചെയ്തവയായതിനാൽ കേരളത്തിൽ നടപടിയെടുക്കലും അസാധ്യമായി തീരുന്നു.  മലയാളികൾ മാത്രം അധികമായി ഉപയോഗിക്കുന്നതായതിനാൽ പരിശോധിക്കാൻ മറ്റുള്ളവർക്ക് താൽപര്യവും കാണില്ല. 
നാളികേര  ഉൽപ്പാദനം കുറഞ്ഞതിനാൽ വെളിച്ചെണ്ണവിലയിലുണ്ടായ വർധനവും തട്ടിപ്പുകാർ അവസരമാക്കുന്നു. കേരളത്തിൽ വിതരണത്തിനെത്തുന്ന വെളിച്ചെണ്ണയുടെ വിവിധ ബ്രാൻഡുകളിൽ 21 ഇനങ്ങളിലാണ് പുതുതായി മായം കണ്ടെത്തിയത്. നാല് ബ്രാൻഡ് വെളിച്ചെണ്ണ കർശന പരിശോധനയുടെ ഫലമായി എറണാകുളം ജില്ലയിൽ നിരോധിച്ചത് കഴിഞ്ഞ  ജനുവരി 22 നാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണറുടെ (എറണാകുളം) പേരിൽ  ഇറങ്ങിയ  ഉത്തരവ് പ്രകാരം എറണാകുളം ജില്ലയിൽ  നിരോധിക്കപ്പെട്ട വെളിച്ചെണ്ണ ഇനങ്ങൾ, കളമശ്ശേരി എച്ച്.എം.ടി റോഡ്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ടിനടുത്തുള്ള റോയൽ ട്രേഡിംഗ് കമ്പനിയിൽ ഉൽപ്പാദിപ്പിക്കുന്ന  കേര ഫൈൻ, തിരുവനന്തപുരം, വിഴിഞ്ഞം വെങ്ങപ്പോട്ട ജിത്തു ഓയിൽ മില്ലിലുണ്ടാക്കുന്ന കേര പ്യുയർ ഗോൾഡ്, പാലക്കാട് കുന്നാച്ചി കല്ലുകുറ്റിയിൽ റോഡ്, വിഷ്ണു ഓയിൽ മില്ലിൽ ഉൽപ്പാദിപ്പിക്കുന്ന ആഗ്രോ കോക്കനട്ട് ഓയിൽ, എറണാകുളം പട്ടിമറ്റത്തെ കൈതക്കാട് പ്രൈം എന്റർ പ്രൈസസിലെ കുക്ക്‌സ് പ്രൈഡ് കോക്കനട്ട് ഓയിൽ  എന്നിവയാണ് നിരോധിക്കപ്പെട്ടത്. വെളിച്ചെണ്ണയുടെ അനാലിറ്റിക്കൽ ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസം കണ്ടതിനാലാണ് നിരോധമെന്നാണ് ഉത്തരവിൽ എടുത്തു പറയുന്നത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് (എറണാകുളം) അസിസ്റ്റന്റ് കമ്മീഷണർ ഇറക്കിയ വെളിച്ചെണ്ണ നിരോധന ഉത്തരവ്.

 

ഇവയിലെ കേര എന്ന പേരുപോലും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. കേര ഫെഡിന്റെ വെളിച്ചെണ്ണയാണെന്ന് ഒറ്റ നോട്ടത്തിൽ സംശയിക്കപ്പെടാം. മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പാമൊയിലിന്റെ അത്ര ഗുണമില്ലാത്ത ഇനമായ പാംകെർണൽ ഓയിലിന് മാർക്കറ്റ് വില അറുപത് രൂപയിൽ താഴെയാണ്. പനങ്കുരുവിന്റെ തോടിൽ നിന്നാണ് പാംകെർണൽ ഓയിൽ ഉണ്ടാക്കുന്നത്. ഭക്ഷ്യ എണ്ണയായി തന്നെയാണ് ഇതും ഉപയോഗിക്കുന്നത്. വെളിച്ചെണ്ണ കിലോക്ക്   മുന്നൂറിനടുത്ത്  വിലയുണ്ട്.  വില കുറഞ്ഞ എണ്ണയും അൽപ്പം വെളിച്ചെണ്ണയും ചേർത്ത് വിൽപ്പനക്ക് വെച്ചാൽ സാധാരണനിലയിൽ അത് മനസ്സിലാക്കിയെടുക്കാൻ പ്രയാസമാണ്. മായം കലർത്താതെ വെളിച്ചെണ്ണ വിറ്റാൽ വളരെ ചെറിയ  ലാഭം കിട്ടുമ്പോൾ മായം ചേർത്തവയിൽനിന്ന് ഒറ്റയടിക്ക് വൻതുക നേടാനാകുന്നു.  ഈ സാധ്യതയാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.  പാംകെർണൽ ഓയിലും വെളിച്ചെണ്ണയും ചേരുമ്പോഴുണ്ടാകുന്ന രാസപരിണാമം വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ്  കണ്ടെത്തിയിട്ടുള്ളത്. പാരഫിൻ ആണ് വെളിച്ചെണ്ണയിൽ ചേർക്കുന്ന മറ്റൊരു മായം. പെട്രോളിയം ഉൽപ്പന്നമായ പാരഫിൻ മെഴുകുണ്ടാക്കാനുപയോഗിക്കുന്ന വസ്തുവാണ്. പരുത്തിക്കുരുവും റബ്ബർ കുരവും കലർത്തിയുണ്ടാക്കുന്ന എണ്ണയും വെളിച്ചെണ്ണയിൽ ചേർത്ത് വിൽക്കുന്ന അവസ്ഥയുണ്ട്. 
വളരെ വേഗം ലാഭമുണ്ടാക്കാൻ കഴിയുന്ന കച്ചവടത്തിൽ നിന്ന്  കച്ചവടക്കാരെ പിന്തിരിപ്പിക്കുക പ്രയാസകരമാണ്. ധാർമ്മികത എന്നതൊക്കെ പണത്തിന് മുന്നിൽ ഒന്നുമല്ലാതാകുന്ന ഇക്കാലത്ത്  പ്രത്യേകിച്ച്.  

വെളിച്ചെണ്ണ മായത്തിന്റെ പ്രശ്‌നം കഴിഞ്ഞ ദിവസം കേരള നിയമസഭയിൽ ഉയർന്നുവരികയുണ്ടായി. കോൺഗ്രസ് അംഗം പി.ടി തോമസാണ് പ്രശ്‌നം  ഉപക്ഷേപമായി ഉന്നയിച്ചത്. മായം ചേർക്കുന്ന രീതികളെപ്പറ്റിയൊക്കെ അദ്ദേഹം നിയമസഭയിൽ വിശദമായി വിവരിക്കുകയുണ്ടായി.
വെളിച്ചെണ്ണ മാഫിയ എന്നപ്രയോഗം പോലും നിയമ സഭാരേഖകളിൽ വരുന്നത് ഇതാദ്യമാണ്.  വെളിച്ചെണ്ണ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നു.  വെളിച്ചെണ്ണയിൽ മായം കലർത്തുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കർശന പരിശോധന നടത്തുമെന്നും മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്.  നിയമത്തിൽ പ്രതിപാദിക്കുന്ന ശിക്ഷ ഉറപ്പാക്കലാണ് ഏറ്റവും പ്രധാനം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഭക്ഷ്യസുരക്ഷ പരിശോധിക്കുന്നതിന് ലാബുകൾ നിലവിലുള്ളത്.  കൂടുതൽ സ്ഥലത്ത് ലാബുകൾ തുടങ്ങുകയാണ് പ്രശ്‌ന പരിഹാര വഴികളിലൊന്നെന്ന് സർക്കാർ സംവിധാനം തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈദരാബാദിലെ ദേശീയ ലാബിന്റെ മാതൃകയിൽ അത്യാധുനിക ഭക്ഷ്യ സുരക്ഷാ ലാബ് സ്ഥാപിക്കുന്നതിന് തുക അനുവദിച്ചു കഴിഞ്ഞുവെന്ന മന്ത്രിയുടെ പ്രഖ്യാപനവും  ഉറച്ച കാൽവെപ്പ് തന്നെയാണ്.  ഇതൊക്കെ അതിവേഗം നടപ്പാകണമെന്നതാണ് കേരള സമൂഹമാകെ ആഗ്രഹിക്കുന്നത്. 
വെളിച്ചെണ്ണ ഉൽപാദനത്തിന് വിവിധ ലൈസൻസുകൾ ഏർപ്പെടുത്തുക എന്നതാണ്  മായം തടയാനുള്ള മാർഗ്ഗങ്ങളിലൊന്നായി പി.ടി തോമസ് മുന്നോട്ട് വെച്ച ആശയം. ആർക്കും എന്തും ആകാം എന്നതാണ് മന്ത്രി ശൈലജ ടീച്ചറും, പി.ടി തോമസും പറഞ്ഞതുപോലെ  ഈ രംഗത്തെ ഇപ്പോഴത്തെ  അവസ്ഥ. സംസ്ഥാന സർക്കാരിന്റെ ഉൽപന്നമായ കേരഫെഡ് പോലും  ദുരുപയോഗം ചെയ്യപ്പെടുന്നു.  മായം കലർന്ന വെളിച്ചെണ്ണ നിരോധിച്ചതിനുശേഷവും മറ്റ്  ബ്രാൻഡുകളിൽ ഇത് വിപണിയിലെത്തുകയാണ്. ഒരു രംഗത്ത് മാഫിയ വളർന്നാലുണ്ടാകുന്ന സ്വാഭാവിക അവസ്ഥ.
കേരളത്തിൽ വളരെ നല്ല നിലയിൽ ശുദ്ധവെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്ന ചെറുതും വലുതുമായ എത്രയോ   സ്ഥാപനങ്ങളുണ്ട്. വെളിച്ചെണ്ണമായം ഈ വിഭാഗത്തേയും സാരമായി ബാധിച്ചു കഴിഞ്ഞു. നാളികേര കർഷകർ സ്വന്തമായി തന്നെ വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്ന സമ്പ്രദായവും ചെറിയ തോതിലാണെങ്കിലും ഇപ്പോഴുമുണ്ട്. ഇത്തിരി വില കൂടിയാലും അത്തരം ആളുകളെ പ്രോത്സാഹിപ്പിക്കലാകും മായം  എന്ന അപടത്തിൽ നിന്ന് രക്ഷപ്പടാനുള്ള മറ്റൊരു വഴി. 
സഹകരണ സംഘങ്ങളും, വ്യക്തികളും നല്ല നിലയിൽ നടത്തുന്ന വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും വ്യാജന്മാരുടെ ദുഷ്‌ചെയ്തികൾ ബാധിക്കുകയാണ്. വർഷങ്ങളായി സത്യ സന്ധമായി വെളിച്ചെണ്ണ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവരായിരിക്കും ഇവരൊക്കെ.  ജനങ്ങളുടെ ആരോഗ്യത്തെ കാർന്നു തിന്നുന്ന ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുന്നവരെ തടയാൻ ജനജാഗ്രത കൊണ്ട് സാധിക്കും.   കേരളത്തിന്റെ പ്രധാന കൃഷിയായ നാളികേര മേഖലയുമാണ് സംരക്ഷിക്കപ്പെടുന്നതെന്ന തിരിച്ചറിവിന് മുന്നിൽ ജനങ്ങളും, സർക്കാർ സംവിധാനവും  ഉണരുകയാണെങ്കിൽ വെളിച്ചെണ്ണ മാഫിയയെയും തോൽപ്പിക്കാനാകും. 

 


 

Latest News