Sorry, you need to enable JavaScript to visit this website.

കുറുപ്പ് ഒ.ടി.ടി.യില്‍ ഇറക്കാന്‍ ആലോചിച്ചു, തടഞ്ഞത് മമ്മൂട്ടി;  വാപ്പച്ചിയുടെ വാക്ക് അക്ഷരംപ്രതി അനുസരിച്ച് ദുല്‍ഖര്‍

വൈക്കം- ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'കുറുപ്പ്' ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ആലോചന നടന്നിരുന്ന സമയത്ത് വിലക്കിയത് മമ്മൂട്ടി. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ആമസോണ്‍ െ്രെപമില്‍ നിന്ന് അടക്കം കുറിപ്പിന് മികച്ച ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകള്‍ തുറക്കുമ്പോള്‍ സിനിമ വ്യവസായത്തിനു കരുത്ത് പകരാന്‍ കുറുപ്പിന് സാധിക്കുമെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് കുറുപ്പ് നിര്‍മിച്ചിരിക്കുന്നത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക് ഇപ്പോള്‍ സിനിമ നല്‍കരുതെന്നും തിയറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് നല്ലതെന്നും മകന്‍ ദുല്‍ഖറിനോട് മമ്മൂട്ടി പറയുകയായിരുന്നു. തിയറ്ററില്‍ റിലീസ് ചെയ്ത് 30 ദിവസത്തിനു ശേഷം ആവശ്യമെങ്കില്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ കൂടി പ്രദര്‍ശിപ്പിക്കാമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടതായി മലയാള സിനിമയോട് ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മമ്മൂട്ടിയുടെ നിര്‍ദേശം കുറുപ്പിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ അംഗീകരിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകള്‍ തുറക്കുമ്പോള്‍ വ്യവസായം പഴയപോലെ സജീവമാകാന്‍ ആവശ്യമായതെല്ലാം ചെയ്യാമെന്ന് തിയറ്റര്‍ ഉടമകള്‍ക്ക് മമ്മൂട്ടി ഉറപ്പുനല്‍കിയിട്ടുണ്ട്.
 

Latest News