മുംബൈ- ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ജയില്‍ മോചിതനായി. വ്യാഴാഴ്ചയാണ് 23കാരന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്. പിതാവ് ഷാരൂഖ് ഖാന് മകനെ സ്വീകരിക്കാനായി ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് കൃത്യസമയത്ത് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിക്കാത്തത് കൊണ്ടാണ് വെള്ളിയാഴ്ച ആര്യന് പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്. 24 ദിവസമാണ് ആര്യന് ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞത്. ശനിയാഴ്ച രാവിലെ ഷാരൂഖ് ബാന്ദ്രയിലെ വസതിയായ മന്നത്തില്‍ നിന്നും ആര്‍തര്‍ റോഡ് ജയിലിലേക്ക് പുറപ്പെടുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ആര്യന് ഖാന് ജാമ്യം ലഭിക്കാനായി നടി ജൂഹി ചൗളയാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട് നല്‍കിയത്. ബോംബെ ഹൈക്കോടതിയിലെത്തിയാണ് ജൂഹി ബോണ്ട് ഒപ്പിട്ടുനല്‍കിയത്. ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ ജൂഹിയുടെ ഇടപെടല്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ, ഷാരൂഖിന്റെ അടുത്ത സുഹൃത്തായ ജൂഹി, അദ്ദേഹത്തിന്റെ പ്രയാസകാലത്ത് പ്രതികരിക്കുന്നില്ല എന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. അതെല്ലാം തള്ളിക്കൊണ്ടാണ് അവര്‍ കോടതിയില്‍ എത്തിയത്.