തിരുവനന്തപുരം- കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി 80 സിനിമകള്‍ സമര്‍പ്പിച്ചതില്‍ കലാകാരന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായി ജൂറി ചെയര്‍പെഴ്സണ്‍ സുഹാസിനി മണിരത്നം. ജൂറിയ്ക്ക് മുന്നില്‍ 80 സിനിമകളാണ് വന്നത്. കലാമൂല്യവും കാലഘട്ടത്തിനനുസരിച്ചുളള സിനിമകള്‍ കോവിഡിന്റെ സാഹചര്യത്തില്‍ എടുക്കുവാന്‍ സാധിക്കുന്നത് മലയാളത്തില്‍ മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്തത് ജൂറി ഏകകണ്ഠമായാണ്. എന്നാല്‍ മികച്ച നടിയെ തിരഞ്ഞെടുക്കുന്നതില്‍ ജൂറി പരിഗണനയില്‍ വന്ന ഏഴ് പേരും മികച്ച അഭിനയം കാഴ്ചവെച്ചു, എന്നാല്‍ പെണ്‍കുട്ടിയുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്ന വേഷം നന്നായി അഭിനയിച്ചതിനാണ് അന്നാ ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തത്. മികച്ച സിനിമയായി തെരഞ്ഞെടുത്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജനാധിപത്യം ഉയര്‍ത്തി കാണിക്കുന്ന സിനിമയാണെന്നും സുഹാസിനി വ്യക്തമാക്കി.