Sorry, you need to enable JavaScript to visit this website.

ആര്യന്‍ ഖാനെ മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്കു മാറ്റി

മുംബൈ- ആഡംബരക്കപ്പലിലെ ലഹരിവിരുന്നു കേസില്‍ നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുള്‍പ്പെടെ 8 പേരെ ജയിലിലേക്കു മാറ്റി. അമ്മ ഗൗരി ഖാന്റെ 51ാം പിറന്നാള്‍ദിനമായ ഇന്നലെ ജാമ്യം ലഭിച്ച് വീട്ടിലെത്തുമെന്നു കുടുംബാഗങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളി.
ഒപ്പം അറസ്റ്റിലായ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചെന്റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ഛ എന്നിവരുടെ അപേക്ഷകളും നിരസിച്ചു. ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് കോടതിക്ക് പരിഗണിക്കാനാകില്ലെന്നും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അഭിഭാഷകന്‍ വാദിച്ചു. ആര്യന്റെ പക്കല്‍ നിന്നു ലഹരിമരുന്നു പിടിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. ഇരുഭാഗവും കേട്ടശേഷം ജാമ്യാപേക്ഷ ഇവിടെ പരിഗണിക്കില്ലെന്ന് മജിസ്‌ട്രേട്ട് കോടതി അറിയിക്കുകയായിരുന്നു.
ലഹരിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കും. ആര്യനടക്കം 6 പേര്‍ ആര്‍തര്‍ റോഡ് ജയിലിലും മുണ്‍മുണ്‍ അടക്കം 2 സ്ത്രീകള്‍ ബൈക്കുള വനിതാ ജയിലിലുമാണ്. കോവിഡ് പരിശോധനാഫലം നെഗറ്റീവായ ഇവരെയെല്ലാം ആദ്യ 5 ദിവസം ജയിലില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലാണു പാര്‍പ്പിക്കുക. ഇതിനിടെ ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാം. ഇല്ലെങ്കില്‍ തടവുകാരുടെ സെല്ലിലേക്കു മാറ്റും. ജയിലിലെ ഭക്ഷണം മാത്രമേ അനുവദിക്കൂ. ആവശ്യമെങ്കില്‍ പണമടച്ച് അധികഭക്ഷണം വാങ്ങാം.
വ്യാഴാഴ്ചയാണു 14 ദിവസത്തേക്ക് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. വിധി വന്നതു രാത്രിയായതിനാല്‍ അന്ന് എന്‍സിബി ഓഫിസില്‍ കഴിഞ്ഞ ഇവരെ ഇന്നലെ രാവിലെയാണു ജയിലിലേക്കു മാറ്റിയത്. തൊട്ടുപിന്നാലെ ജാമ്യാപേക്ഷ പരിഗണിച്ചു.
മുംബൈയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ സെന്‍ട്രല്‍ ജയിലാണ് ആര്‍തര്‍ റോഡ് ജയില്‍ എന്നറിയപ്പെടുന്നത്. മുംബൈ ഭീകരാക്രമണക്കേസ് പ്രതിയായ പാക്ക് ഭീകരന്‍ അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ളവരെ ഇവിടെയാണു പാര്‍പ്പിച്ചിരുന്നത്. ആയുധക്കേസില്‍ നടന്‍ സഞ്ജയ് ദത്ത് തുടങ്ങിയവരും ഇവിടെയാണു കഴിഞ്ഞത്.
 

Latest News