മുംബൈ-ലഹരി പാര്‍ട്ടിക്കിടെ എന്‍സിബി കസ്റ്റഡിയിലെടുത്ത ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പിന്തുണയുമായി നടന്‍ സുനില്‍ ഷെട്ടി. ബോളിവുഡില്‍ എന്ത് സംഭവിച്ചാലും മാധ്യമങ്ങള്‍ പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കുകയാണെന്നും യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നും സുനില്‍ ഷെട്ടി ആവശ്യപ്പെട്ടു. ഒരു റെയ്ഡ് എവിടെ നടന്നാലും അതിനെ തുടര്‍ന്ന് ആളുകള്‍ പിടിക്കപ്പെടും. ഇവിടെ അത്തരത്തില്‍ ഒരു പരിശോധന നടന്നതിന് പിന്നാലെ ഈ കുട്ടി കസ്റ്റഡിയിലായി. ഇതോടെ അവന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും കേസില്‍ പങ്കാളിയാണെന്നും നാം വിധിയെഴുതി. കേസ് നടപടികള്‍ പുരോഗമിക്കുകയാണെന്നും ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് കൊടുക്കണമെന്നും സുനില്‍ ഷെട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
മാത്രമല്ല, സിനിമാ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മീഡിയ അതിന് പിന്നാലെ കൂടും. പലതരത്തിലുള്ള അനുമാനങ്ങള്‍ ഉണ്ടാവും. സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് മുന്‍പ് അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്നും സുനില്‍ ഷെട്ടി വ്യക്തമാക്കി. ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മിന്നല്‍ റെയ്ഡ് നടത്തിയത്. ഷാരൂഖാന്റെ മകന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായ്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ പിടികൂടിയിട്ടുണ്ട്.