Sorry, you need to enable JavaScript to visit this website.

കുട്ടികളിൽ വ്യായാമത്തിന്റെ ആവശ്യകത


വ്യായാമം, ഭക്ഷണം, വിശ്രമം, മാനസിക സന്തുലനാവസ്ഥ ഇത്രയും ചേരുമ്പോഴാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തിനു സമ്പൂർണ്ണത കൈവരുന്നത്. മനുഷ്യ ശരീരം നിർമ്മിക്കപ്പെട്ടത് തന്നെ നിരന്തരമായ ശാരീരിക ചലനത്തിന് (regular movements) വേണ്ടിയാണ് .
ഒരു കുട്ടി ഗർഭാവസ്ഥയിൽ രൂപം കൊള്ളുന്നത് മുതൽ,  ജനന ശേഷവും, കുട്ടിയുടെ ജീവന്റെ തുടിപ്പ് അളക്കുന്ന  അളവ് കോലുകളിൽ സുപ്രധാനമായ ഒന്ന് ചലനാത്മഗതയാണല്ലോ, ജനിക്കുന്നത് മുതൽ  ഉള്ള ചിട്ടയായ, നിരന്തരമായ ചലനം, ഘട്ടംഘട്ടമായുള്ള വളർച്ചയുടെ പടവുകൾ താണ്ടി, നടക്കുകയും ഓടുകയും ചാടുകയും ചെയ്താണ് കുട്ടി വളർന്നു വരുന്നത്.
ഈ വളർച്ചയുടെ ഓരോ ഘട്ടങ്ങളും, പടവുകളും വളരെ പ്രധാനപ്പെട്ടതാണ്. അവ ഓരോ  ഇന്ദ്രിയങ്ങളുടെ വികാസത്തെയും പ്രചോദിപ്പിക്കുകയും, പുതിയ പുതിയ അറിവുകളുടെ വാതായനങ്ങളിലേക്ക്  കുട്ടികളെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്യുന്നു.

ഇന്നത്തെ കുട്ടിക്കാലം
ഇന്നത്തെ ജീവിത ശൈലിയും സൗകര്യങ്ങളും പുതു തലമുറയെ അലസരാക്കി  മാറ്റിക്കൊണ്ടിരിക്കുകയാണ് . മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഗെയിംസ്, സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം എന്നിവ ഇന്നത്തെ  കുട്ടിക്കാലത്തെ തന്നെ  വളരെയധികം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അനാരോഗ്യകരമായ ഭക്ഷണ രീതിയും അലസമായ ജീവിത രീതിയും ചേരുമ്പോൾ തീരെ  പ്രതിരോധ ശക്തിയില്ലാത്ത, ആരോഗ്യമില്ലാത്ത  ഒരു സമൂഹം  രൂപപ്പെട്ടു വരുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ചലനമില്ലായ്മ (physical inactivtiy), പ്രായമാവാതെ മരണപ്പെടുന്നതിനുള്ള സുപ്രധാന കാരണങ്ങളിൽ നാലാം സ്ഥാനത്താണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ടിൽ പറയുന്നത്. 
പുതിയ പഠനങ്ങൾ പറയുന്നത്, ശരീരം നേരെ നിർത്താൻ സഹായിക്കുന്ന പേശികൾക്ക്  (postural muscles) ബലമില്ലാതാവുന്നത് കുട്ടികളുടെ  പഠന നിലവാരത്തെയും ബുദ്ധിവികാസത്തെയും വരെ ബാധിക്കും എന്നാണ്. ( ''Active Education: Growing Evidence on Physical Activtiy and Academic Performance'' BY ACTIVE LIVING ORGANIZATION,USA2015.) ഇന്നത്തെ പല കുട്ടികൾക്കും കുത്തിയിരുന്ന് എഴുന്നേൽക്കുന്നത് (Squatting)പോലെ ഉള്ള കാര്യങ്ങൾ ചെയ്യാൻ കഴിയില്ല എന്നതാണ് സത്യം . 
കബഡി പോലെ ഉള്ള പേശി ബലവും തന്ത്രവും ആവശ്യമുള്ള കളികൾ ഇന്നില്ലല്ലോ. പഴയ കാലഘട്ടത്തിൽ നിലവിൽ ഉണ്ടായിരുന്ന പല കളികളും കുട്ടികളെ ഊർജസ്വലരും കർമ്മോൽസുകരും ആക്കുന്നതായിരുന്നു. നല്ല ഒരു ശതമാനം കുട്ടികളും അമിത വണ്ണത്തിന്റെയും, അമിത ഭാരത്തിന്റെയും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇവിടെയൊക്കെയാണ് വ്യായാമത്തിന്റെ പ്രാധാന്യം വ്യക്തമാവുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങളിലൂടെ ഒട്ടുമിക്ക സമൂഹങ്ങളിലും അമിത വണ്ണത്തിന്റെ തോത് കൂടിവരുന്നു എന്നാണു പഠനങ്ങൾ കാണിക്കുന്നത്. 
 


വ്യായാമം എന്ത് നൽകുന്നു?

  •  ആരോഗ്യകരമായ വളർച്ചയെയും വികാസത്തെയും സഹായിക്കുന്നു.
  •  ആവശ്യമായ ശരീര ഭാരം നിലനിർത്തുന്നതിന് സഹായിക്കുന്നു.
  •  പേശികളെയും എല്ലുകളെയും ബലപ്പെടുത്തുന്നു.
  •  ഹൃദയത്തെയും രക്തധമനികളെയും ആരോഗ്യമുള്ളതാക്കുന്നു .
  •  തലച്ചോറിന്റെ പ്രവർത്തങ്ങളെ ഊർജസ്വലമാക്കുന്നു.
  •  നല്ല ഉറക്കം നൽകുന്നു.
  •  മനസ്സിന് ശാന്തത നൽകുന്നു
  •  ശരീരത്തിന്റെ സന്തുലനാവസ്ഥ മെച്ചപ്പെടുത്തുന്നു.
  •  ശരീര ഭാഗങ്ങളുടെ നിൽപ്പ് (posture ) നേരെയാക്കാൻ സഹായിക്കുന്നു.
  •  ജീവിത ശൈലി രോഗങ്ങളെ തടയാൻ സഹായിക്കുന്നു.
  •  നല്ല ചിന്തകളെ ഉീദ്ദീപിപ്പിക്കുകയും  ,ഏകാഗ്രത ഉണ്ടാക്കുകയും ചെയ്യുന്നു.
  •  ആത്മവിശ്വാസവും തന്നിലുള്ള മതിപ്പും വർധിപ്പിക്കുന്നു.
  •  കാര്യങ്ങളെ ഏകോപിപ്പിച്ചു (CO ORDINATE ) ചെയ്യാൻ കഴിയുന്നു.
  •  ശരീരത്തിന്റെ വളയാനും (FLEXIBLITY ) തിരിയാനും ഉള്ള  കഴിവിനെ കൂട്ടുന്നു.
  •  ശരീര സന്ധികളുടെ  പ്രവർത്തനങ്ങൾ ആയാസരഹിതമാക്കുന്നു.
  •  മാനസിക സമ്മർദ്ദം കുറക്കുന്നു.
  •  പ്രശ്‌നപരിഹാര (problem solving) കഴിവ് മെച്ചപ്പെടുന്നു.
  •  ഒന്നിച്ചുള്ള കളികളിൽ ഏർപ്പെടുന്നതിലൂടെ സാമൂഹികമായ  
  •    കഴിവുകൾ വളരുന്നു.
  •  പഠനകാര്യത്തിൽ ശ്രദ്ധയുണ്ടാവുന്നു

എങ്ങനെ കുട്ടികളെ ഊർജസ്വലരാക്കാം?
പുതിയ സാഹചര്യവും സാമൂഹിക അന്തരീക്ഷവും കുട്ടികളെ മടിയന്മാരാക്കുന്നു. അതിനെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് വളരെ അധികം ചിന്തിക്കേണ്ട സമയമായിരിക്കുന്നു.
വീട്ടിലെ ദൈനംദിന കാര്യങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാം, ഉദാഹരണത്തിന് അടുക്കളയിൽ, മുറികൾ വൃത്തിയാക്കുന്നതിൽ തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളുടെ കൂടി പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിലൂടെ വ്യായാമവും ഒപ്പം വീട് പരിപാലനത്തിന്റെ ആദ്യപാഠം കുട്ടികൾക്ക് പകർന്നു നൽകാനും കഴിയും.

  •  കൃഷി, ചെടികൾ നട്ടു പിടിപ്പിക്കൽ കാർ കഴുകൽ ഷൂ പോളിഷിംഗ് തുടങ്ങിയവയിൽ അവരുടെ സഹായം തേടാം
  •  സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്താം , സ്ട്രീറ്റ് ക്ലീനിങ്, പാവങ്ങളെ സഹായിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയിൽ അവരെ കൂടെ ഉൾപ്പെടുത്താം
  •  കുടുംബത്തോടൊപ്പമുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ എന്നിവ കുടുംബത്തിനുള്ളിലെ  ബന്ധം ഊട്ടി ഉറപ്പിക്കാൻ കൂടി കാരണമാവുകയും  നല്ല ഒരു കുടുംബ അന്തരീക്ഷം രൂപപ്പെടുത്തുകയും ചെയ്യും.
  •  കരാട്ടെ കുങ്ഫു, കിക്ക് ബോക്‌സിങ് ജൂഡോ തുടങ്ങിയ ആയോധന കലകളിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നുണ്ട് , ഇത്തരം ക്ലാസ്സുകളിൽ ചേർക്കാം 
  •  ഡാൻസ് ക്ലാസ്സുകളിൽ ചേർക്കാം
  •  ഫുട്‌ബോൾ , നീന്തൽ , സൈക്ലിംഗ് തുടങ്ങിയവയ്ക്കായുള്ള ക്ലബ്ബുകൾ, ക്ലാസ്സുകൾ എന്നിവയിൽ വിടാം
  •  പാർക്കുകൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങളെന്നിവ ഉപയോഗപ്പെടുത്താം

കൂട്ടുകരോടൊത്തുള്ള പലതരം കളികൾ, വ്യായാമം ചെയ്യുമ്പോഴുള്ള മടുപ്പ് കുറക്കാൻ സഹായിക്കും . കുട്ടികളെ വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുകയും, അവരെ അഭിനന്ദിച്ചും (reinforcement) നിരന്തരമായ പ്രചോദനം നൽകിയും (motivation), കൂടുതൽ ഊർജസ്വലരാക്കാൻ  മാതാപിതാക്കൾ ശ്രമിക്കണം. അതിലൂടെ നമുക്ക് നല്ല ഒരു ഭാവി സമൂഹത്തെ രൂപപ്പെടുത്താൻ കഴിയും .കുട്ടികൾ ചെറുപ്പത്തിൽ തന്നെ വ്യായാമം ശീലമാക്കുകയും കാര്യക്ഷമതയുള്ളവരാവുകയും ചെയ്താൽ ജീവിതത്തിൽ ഉടനീളം അതിന്റെ ഫലം അവർക്ക്  അനുഭവിക്കാനാവും.

ഒരു കുട്ടി എത്ര വ്യായാമം ചെയ്യണം?
5 വയസ്സ് മുതൽ 17  വയസ്സ് വരെ ഉള്ള കുട്ടികൾ ഒരു ദിവസം  60 മിനുട്ട്, അധികം ആയാസമില്ലാത്തതും  കുറച്ച് ആയാസമുള്ളതുമായ വ്യായാമം ( moderate to vigorous intenstiy ) ചെയ്യണം എന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്, പേശിബലം കൂട്ടാനുള്ള വ്യായാമങ്ങൾ(strengthening exercises) ആഴ്ചയിൽ 3 ദിവസമെങ്കിലും ഉൾപ്പെടുത്തണം, അതിൽ കൂടുതൽ ചെയ്യുന്നത്, കൂടുതൽ നേട്ടം ആരോഗ്യത്തിനു നൽകും.

വീട്ടിനുള്ളിൽ എന്തൊക്കെ ചെയ്യാം ?
സമയക്കുറവ്, പ്രതികൂലമായ കാലാവസ്ഥ -ഇതൊക്കെ ആവും വ്യായാമത്തിൽ നിന്ന് കുട്ടികളെ പിന്നോട്ട് വലിക്കുന്നത്. വീടിനുള്ളിൽ തന്നെ ചെയ്യാവുന്ന ചില വ്യായാമങ്ങൾ ഒരു പരിധി വരെ കുട്ടികൾക്ക്  സഹായകമായേക്കാം
വീട്ടിലെ മറ്റു കുട്ടികളുടെ കൂടെ കളിക്കാം , ഉദാഹരണത്തിന് ആനയായി കളിക്കുന്ന കളി , ഒരാൾ ഒരു ഷീറ്റിലിരുന്നു മറ്റേ ആൾ വലിച്ചു നീക്കിക്കൊണ്ട് പോവുന്നത്, കളം വരച്ചു ഒരു കാലിൽ തുള്ളി ഉള്ള കളി . ഇതൊക്കെ ഒരു കാലത്തു കുട്ടികളുടെ കളികൾ ആയിരുന്നു, വളരെ ശാസ്ത്രീയവും. കുട്ടികളുടെ കൂടെ മുതിർന്നവർക്കും കളികളിൽ പങ്കു ചേരാം. നമ്മൾ കുട്ടികൾക്ക് വേണ്ടി ചെലവഴിക്കുന്ന വേറെ പലതും ഉപകാരപ്രദമായില്ലെങ്കിലും കുട്ടികളുടെ കൂടെ കളിയ്ക്കാൻ ചെലവഴിക്കുന്ന അര  മണിക്കൂറോ ഒരു മണിക്കൂറോ അവരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ കൊണ്ടുവരും , അത് ജീവിതത്തിൽ ഉടനീളം ശാരീരികവും മാനസികവുമായ കരുത്ത് നൽകുന്ന സമ്പാദ്യമായി നിലനിൽക്കും.
ട്രംപോളിൻ, ട്രെഡ്മിൽ , ഫിസിയോബോൾ എന്നിവ വാങ്ങിയാൽ കുട്ടികളുടെ കൂടെ വലിയവർക്കും ഉപകാരപ്പെടുത്താം. മ്യൂസികിനോടൊപ്പം ഡാൻസ് കളിക്കുന്നത്, നിലത്തു ഷീറ്റ് ഇട്ടു ചെയ്യാവുന്ന വ്യായാമങ്ങൾ ഒക്കെ എപ്പോഴും ചെയ്യാവുന്നതും വളരെ എളുപ്പമുള്ളതുമാണ് . കൂടുതൽ പണം മുടക്കുന്നതിൽ അല്ല, ലഭ്യമായ സംവിധാനങ്ങൾ എത്ര നന്നായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രദാനം .

എങ്ങനെ മാറ്റം കൊണ്ട് വരാം?
വ്യായാമമുള്ള കുടുംബം ആരോഗ്യമുള്ള കുട്ടികളെ രൂപപ്പെടുത്തും. ജീവിത ശൈലിയിൽ മാറ്റം വരുത്തുന്നത് തന്നെ നല്ലതു പോലെ ഗുണം ചെയ്യും.  ചെറിയ ദൂരങ്ങൾ നടന്നു പോകുന്നത്, എസ്‌കലേറ്റർ ,ലിഫ്റ്റ് പോലുള്ള സംവിധാനങ്ങൾക്ക് പകരം നടത്തവും പടികൾ കയറുന്നതും ശീലമാക്കുന്നത് പോലെയുള്ള മാറ്റങ്ങൾ വലിയ  ഫലങ്ങൾ നൽകും. കുട്ടികളോടൊപ്പം പാർക്കിൽ നടക്കാൻ പോകാം. മറ്റു കുട്ടികളുമായി കൂട്ടുകൂടി കളിച്ചു ജീവിതം ആസ്വദിക്കാനും ആരോഗ്യത്തോടെ വളരാനും കുട്ടികൾക്ക് അവസരം നൽകണം. ചെറിയ കാൽവെപ്പുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ചിന്തിക്കുക. 
കുട്ടികൾക്ക് സമ്മാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സ്‌പോർട്‌സ് ഐറ്റംസ് തിരഞ്ഞെടുക്കാം. ബാസ്‌കറ്റ് ബോൾ, ടെന്നീസ് റാക്കറ്റ്, ഫുട്‌ബോൾ, സൈക്കിൾ, തുടങ്ങിയവ ആവട്ടെ മക്കൾക്കുള്ള അടുത്ത പുതുവത്സര, ജന്മദിന സമ്മാനങ്ങൾ. അതിലൂടെ നമ്മുടെ കുട്ടികൾ കളിച്ചു വളരട്ടെ അങ്ങനെ ആരോഗ്യമുള്ള, ഊർജസ്വലരായ നല്ല ഒരു പുതു തലമുറ വളർന്നു വരട്ടെ.
 

Latest News