> ദുബയ് ജൈടെക്സ് മേളയിലേക്ക് കോഴിക്കോട് നിന്ന് 21 കമ്പനികള്‍
ഒക്ടോബര്‍ 17 മുതല്‍ 21 വരെ ദുബായില്‍ നടക്കുന്ന ആഗോള ടെക്നോളജി എക്സിബിഷനായ ജൈടെക്സില്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന 30 കമ്പനികളില്‍ 21ഉം കോഴിക്കോട്ട് നിന്ന്. സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്, യുഎല്‍ സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇവയിലേറെയും. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളുടെ പ്രധാന വിപണിയാണ് ഗള്‍ഫ് മേഖല. എല്ലാവര്‍ഷവും നടക്കുന്ന മേഖലയിലെ ഏറ്റവും വലിയ ടെക്നോളജി മേളയായ ജൈടെക്സ് വലിയ അവസരങ്ങളാണ് കമ്പനികള്‍ക്ക് തുറന്നിടുന്നത്. കോഴിക്കോട് പോലുള്ള ഐടി രംഗത്ത് മികച്ച വളര്‍ച്ചയുള്ള നഗരത്തിന് ജൈടെക്സ് പോലുള്ള വേദികള്‍ വലിയ അവസരങ്ങളാണ് തുറന്നു നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ജൈടെക്സ് വഴി ബിസിനസ് വളര്‍ച്ച കൈവരിച്ച ഒട്ടേറെ കമ്പനികള്‍ കോഴിക്കോട് ഉണ്ടെന്ന് കാലിക്കറ്റ് ഫോറം ഫോര്‍ ഐടി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ പറയുന്നു. മലബാറില്‍ നിന്നുള്ള ഐടി കയറ്റുമതിയുടെ ഏറിയ പങ്കും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. കയറ്റുമതിയില്‍ ഓരോ വര്‍ഷവും വളര്‍ച്ച കൈവരിക്കുന്നുമുണ്ട്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് കമ്പനികള്‍ പങ്കെടുക്കുന്ന വാര്‍ഷിക ടെക്നോളജി മേളയാണ് ജൈടെക്സ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിലെ ഐടി കമ്പനികള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ രാജ്യാന്തര ടെക്ക് മേള കൂടിയാണിത്. സ്റ്റാളുകള്‍ ഉള്‍പ്പെടെ ജൈടെക്സില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ക്ക് വരുന്ന ചെലവുകള്‍ വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള ഐടിയാണ്. കേരള ഐടി പാര്‍ക്സ് സിഇഒ ജോ എം തോമസും മേളയില്‍ പങ്കെടുക്കാനായി ദുബയിലെത്തും. ഇതോടനുബന്ധിച്ച് പ്രവാസി വ്യവസായികളെ പങ്കെടുപ്പിച്ച് പ്രത്യേക ബി-ടു-ബി മീറ്റും കേരള ഐടി സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നതിനു പുറമെ പുതിയ വിപണിയും പങ്കാളികളേയും കണ്ടെത്താനും ജൈടെക്സ് ഐടി കമ്പനികള്‍ക്ക് വലിയ അവസരമാണ് ഒരുക്കുന്നത്. ചെറുകിട, ഇടത്തരം ഐടി കമ്പനികള്‍ക്ക് രാജ്യാന്തര വിപണിയിലേക്കുള്ള മികച്ച വാതില്കൂടിയാണിത്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും ജനപങ്കാളിത്തമുള്ള ടെക്ക് മേളയായ ജൈടെക്സ് കേരളത്തിലെ ടെക്ക് കമ്പനികള്‍ക്ക് മികച്ച അവസരമാണ് തുറക്കുന്നത്. കൂടുതല്‍ നിക്ഷേപങ്ങളും വിപണിയും തേടുന്ന കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് മികച്ച വേദിയാണെന്ന് ജൈടെക്സില്‍ പങ്കെടുക്കുന്ന കോഴിക്കോട് ആസ്ഥാനമായ ഐടി കമ്പനിയായ കോഡ്ലെറ്റിസ് സഹസ്ഥാപകന്‍ വിജിത്ത് ശിവദാസന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഭക്ഷ്യോല്‍പ്പന്ന വിപണ സംരംഭമായ ഫ്രഷ് ടു ഹോമിനു വേണ്ടി യുഎഇയില്‍ അത്യാധുനിക ടെക്നോളജി സെന്റര്‍ സ്ഥാപിക്കുന്നതിനു കരാര്‍ ഈയിടെ കോഡ്ലെറ്റിസ് സ്വന്തമാക്കിയിരുന്നു. കമ്പനികള്‍ക്കു പുറമെ ഇത്തവണ 19 സ്റ്റാര്‍ട്ടപ്പ് കമ്പനികളും കേരളത്തില്‍ ജൈടെക്സില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി കേരള ഐടിയുടെ നേതൃത്വത്തില്‍ വിവിധ കമ്പനികള്‍ ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്.