ഇന്റര്‍നെറ്റിനെ മാറ്റി മറിച്ച് സെര്‍ച്ച് എഞ്ചിന്‍ വിപ്ലവം സൃഷ്ടിച്ച് വളര്‍ന്ന് പന്തലിച്ച യുഎസ് ടെക് ഭീമന്‍ ഗൂഗ്‌ളിന് ഇന്ന് 23ാം പിറന്നാള്‍. ഹോം പേജില്‍ ഡൂഡ്ല്‍ കേക്കുമായാണ് കമ്പനി ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നത്. 1997ല്‍ സ്റ്റാന്‍ഫഡ് യൂനിവേഴ്‌സിറ്റി കാമ്പസില്‍ കണ്ടുമുട്ടിയ സെര്‍ജി ബ്രിന്നും ലാറി പേജും ചേര്‍ന്ന് അവരുടെ ഡോമിറ്ററിയിലാണ് ഗൂഗ്‌ളിന് തുടക്കമിട്ടത്. ഇരുവരും ചേര്‍ന്ന് നിര്‍മിച്ച സെര്‍ച് എഞ്ചിന്റെ ആദ്യ രൂപം 1998ല്‍ പൂര്‍ത്തിയായി. 1998 സെപ്തംബര്‍ നാലിനായിരുന്നു ഗൂഗ്‌ളിന്റെ ജനനം. ആദ്യ ഏഴു വര്‍ഷങ്ങളില്‍ കമ്പനി ജന്മദിനം ആഘോഷിച്ചതും ഈ ദിവമായിരുന്നു. പിന്നീട് ഗൂഗ്ള്‍ ഇന്‍ഡെക്‌സ് ചെയ്യുന്ന വെബ് പേജുകളുടെ എണ്ണം റെക്കോര്‍ഡിലെത്തിയത് സെപ്തംബര്‍ 27നായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ ദിവസമാണ് ഗൂഗ്ള്‍ ഔദ്യോഗിക ജന്മദിനമാക്കിയത്. ഇപ്പോള്‍ ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചയ് ആണ് കമ്പനി സിഇഒ. 2015 ഒക്ടോബര്‍ 24ന് ലാറി പേജിന്റെ പിന്‍ഗാമി ആയാണ് പിച്ചയ് എത്തിയത്.
ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്തുള്ള സെര്‍ച് എഞ്ചിനായ ഗൂഗ്‌ളില്‍ ദിവസവും 150 ഭാഷകളിലായി ശതകോടിക്കണക്കിന് സെര്‍ചുകളാണ് നടക്കുന്നത്. ടോയ് ബ്ലോക്കുകള്‍ കൊണ്ട് നിര്‍മിച്ച ആദ്യ സെര്‍വറില്‍ നിന്ന് തുടങ്ങിയ ഈ ടെക്ക് ഭീമന് ഇന്ന് ലോകത്തൊട്ടാകെ 20ലേറെ വമ്പന്‍ ഡേറ്റ സെന്ററുകളുണ്ട്. വിവരം എല്ലാവരുടേയും വിരല്‍തുമ്പിലെത്തിക്കു എന്നതാണ് അന്നും ഇന്നും ഗൂഗ്‌ളിന്റെ ദൗത്യമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.