ഷൂട്ടിംഗ് ലൊക്കേഷനുകളിലും വേദികളിലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് വേണ്ടെന്നുണ്ടോ... പരസ്പരം ഹസ്തദാനത്തിന് പോലും ആളുകള്‍ മടിക്കുന്ന കാലത്ത് റിയാലിറ്റി ഷോയില്‍ സിനിമാ താരം മത്സരാര്‍ഥിയെ കവിളില്‍ ചുംബിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയില്‍ നടി ഷംന കാസിമാണ് മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്തത്.
ഇ.ടി.വി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന 'ധീ ചാമ്പ്യന്‍സ്' ഷോയിലെ വിധികര്‍ത്താവാണ് ഷംന. ഈ റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം പുറത്തെടുത്ത മത്സരാര്‍ഥിയെ വിധികര്‍ത്താവായ ഷംന കവിളില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായടതോടെയാണ് ഒട്ടേറെ പേര് വിമര്‍ശനവുമായി രംഗത്ത് വന്നത്.
ഒരു റിയാലിറ്റി ഷോ വേദിയില്‍ വിധികര്‍ത്താവ് ഇങ്ങനെ പെരുമാറുന്നത് കടന്നുപോയെന്നും കവിളില്‍ കടിക്കുന്നത് മര്യാദയല്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. കൊറോണ കാലത്ത് ഇത് ശരിയായ മാതൃകയല്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഉഭയസമ്മതപ്രകാരം സ്നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കപടസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഷോയുടെ റേറ്റിംഗ് കൂട്ടാന്‍ ചാനല്‍ ഒരുക്കിയ വിവാദമാണെന്നും മറ്റു ചിലര്‍ പറയുന്നു.