വസ്ത്രങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാനും വാങ്ങാനുമുള്ള നിരവധി പ്ലാറ്റ്ഫോമുകളുണ്ട്. ഇവയില്‍ നിന്ന് വ്യത്യസ്തമായി വന്‍കിട ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം സാധാരണക്കാരായ തയ്യല്‍കാര്‍ക്കും വസ്ത്രങ്ങള്‍ തയ്പ്പിച്ചു വില്‍ക്കാവുന്ന വേറിട്ടൊരു ഓണ്‍ലൈന്‍ ഫാഷന്‍ മാള്‍ ഒരുക്കിയിരിക്കുകയാണ് കോഴിക്കോട്ടെ ഗവ. സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ലീഐ ടി ടെക്നോ ഹബ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം. ഓപാക്സ് എന്ന വെബ്, മൊബൈല്‍ ആപ്പില്‍ വസ്ത്രങ്ങളും മറ്റു അനുബന്ധ സാമഗ്രികളുടേയും വില്‍പ്പനയാണ് നടക്കുന്നത്. ഇതോടൊപ്പം തയ്യല്‍ക്കാര്‍ക്കും ലോകത്ത് എവിടെ നിന്നും ഓര്‍ഡര്‍ സ്വീകരിച്ച് വീട്ടിലിരുന്ന് വസ്ത്രങ്ങള്‍ തയ്ച്ചു നല്കാന് ഓപാക്സ് അവസരമൊരുക്കുന്നു. ഇതിനായി ആപ്പിലെ ടൈലര്‍ ഒപ്ഷന്‍ വഴി രാജ്യത്തിനകത്തും പുറത്തുമുള്ള ഏതെങ്കിലുമൊരു തയ്യല്‍ക്കാരനെ നമുക്ക് ആപ്പിലൂടെ കണ്ടെത്താം. ശേഷം നമ്മുടെ ഫോണിലെ കാമറ ഉപയോഗിച്ച് ആപ്പ് തന്നെ വസ്ത്രത്തിന് അളവെടുക്കും. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മൊബൈല്‍ കാമറ കൃത്യമായി ശരീരത്തിന്റെ അളവെടുക്കുന്നത്. വേണമെങ്കില്‍ ഈ അളവുകള്‍ മാറ്റം വരുത്താനും ഉപഭോക്താവിനു കഴിയും. ഓര്‍ഡര്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ടൈലര്‍ വസ്ത്രം തയ്ച്ച് ഉപഭോക്താക്കള്‍ക്ക് അയച്ചു കൊടുക്കും. തയ്യല്‍ക്കാരില്‍ നിന്നുള്ള ഈ വസ്ത്രങ്ങള്‍ ഓപാക്സ് കുറിയര്‍ വഴിയാണ് ഉപഭോക്താക്കളിലെത്തിക്കുക. പ്രമുഖ കുറിയര്‍ കമ്പനിയുമായി ചേര്‍ന്ന്് ഇന്ത്യയിലുടനീളം ഡെലിവറി സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ലിഐ ടി ടെക്നോ ഹബ് സ്ഥാപകനും സിഇഒയുമായ ഷഫീഖ് പാറക്കുളത്ത് പറഞ്ഞു. ആപ്പിന്റെ സോഫ്റ്റ് ലോഞ്ചിങ്ങാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. വൈകാതെ പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമായി ആപ്പ് ലഭ്യമാകും.
പരമ്പരാഗത വിപണിക്കു പുറമെ ചെറുകിട തയ്യല്‍ക്കാര്‍ക്കും വീട്ടിലിരുന്ന് തയ്യല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒറ്റയാള്‍ സംരംഭങ്ങള്‍ക്കും വിശാല വിപണി സാധ്യതയാണ് ഓപാക്സ് തുറന്നു നല്‍കുന്നത്. പൂര്‍ണമായും കോഴിക്കോട് കേന്ദ്രീകരിച്ചാണ് ഓപാക്സിന്റെ പ്രവര്‍ത്തനം. നിരവധി തയ്യല്‍ക്കാര്‍ ഓപാക്സിന്റെ ഭാഗമാകാനും തയാറായിട്ടുണ്ടെന്ന് ഷഫീഖ് പറഞ്ഞു. അടുത്ത ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പിന്നീട് യുറോപ്പിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു. വന്‍കിട ഫാഷന്‍ ബ്രാന്‍ഡുകളുടെ മുന്നേറ്റത്തില്‍ പിടിച്ചു നില്ക്കാന് പ്രയാസപ്പെടുന്ന തയ്യല്‍ക്കാര്‍ക്ക് ഓപാക്സ് മികച്ച വിപണി സാധ്യതയും വരുമാന മാര്‍ഗവുമാണ് തുറന്നിടുന്നത്. ഓപാക്സില്‍ രജിസ്റ്റര്‍ ചെയ്ത് ഇ-കൊമേഴ്സ് ചെയ്യുന്നതിന് തയ്യല്‍ക്കാരില്‍ നിന്നും ഫീസോ വാടകയോ ഒന്നും ഈടാക്കുന്നില്ല, പൂര്‍ണമായും സൗജന്യമാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഉപഭോക്താക്കളെ കണ്ടെത്താന്‍ ഇതുവഴി അവര്‍ക്കു കഴിയും- ഷഫീഖ് പറഞ്ഞു.