കൊച്ചി- ദൈവത്തിന്റെ പേരിട്ടുവെന്നു കരുതി കോടതിക്ക് ഇടപെടാനാവില്ലെന്നു വ്യക്തമാക്കി ഈശോ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡി്വിഷന് ബെഞ്ചാണ് ഹരജി തള്ളിയത്. ക്രിസ്ത്യന്‍ അസോസിയേഷന് ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക് ഷന് എന്ന സംഘടന അഡ്വക്കറ്റ് സി രാജേന്ദ്രന് മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. ദൈവത്തിന്റെ പേര് സിനിമയ്ക്കിട്ടു എന്നാരോപിച്ചാണ് ഹരജി സമര്‍പ്പിച്ചത്. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ ഹരജി പ്രാഥമികമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ഹരജി ഫയലില്‍ സ്വീകരിക്കാതെ പ്രാഥമിക വാദം കേട്ടശേഷം തീര്‍പ്പാക്കുകയായിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം ചേംബേഴ്സിനെ എതിര്‍കക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചത്.