Sorry, you need to enable JavaScript to visit this website.

പ്രതിരോധ ഉപകരണ നിർമാണത്തിന്  കെൽട്രോൺ - എൻ.പി.ഒ.എൽ ധാരണ

കെൽട്രോണും എൻ.പി.ഒ.എല്ലും തമ്മിലുള്ള പ്രതിരോധ ഉപകരണ നിർമാണക്കരാർ വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ കെൽട്രോൺ സി.എം.ഡി എൻ. നാരായണ മൂർത്തിയും എൻ.പി.ഒ.എൽ ഡയറക്ടർ എസ്. വിജയൻ പിള്ളയും കൈമാറുന്നു. 

നാവിക പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന തന്ത്രപ്രധാന ഉപകരണങ്ങൾ നിർമിച്ച് കൈമാറാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ എൻ.പി.ഒ.എല്ലും തമ്മിൽ ധാരണ. വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ ഇതിനായുള്ള ധാരണാപത്രം കൊച്ചിയിൽ ഒപ്പുവച്ചു.
അന്തർവാഹിനികൾക്കായി പ്രത്യേകം തയാറാക്കിയ ഉഷസ് സോണാർ സിമുലേറ്റർ, കപ്പലുകളും അന്തർവാഹിനികളും തമ്മിലുള്ള സമുദ്രാന്തര വാർത്താ വിനിമയ സംവിധാനമായ യുവാക്‌സ് ട്രൈറ്റൺ, അന്തർവാഹിനികൾക്കായി അഡ്വാൻസ്ഡ് ഇൻഡിജിനസ് ഡിസ്ട്രസ് സോണാർ സിസ്റ്റം എന്നിവക്കായുള്ള ധാരണാപത്രമാണ് ഒപ്പുവച്ചത്. ഇലക്ട്രോണിക്‌സ് മേഖലയിൽ സർക്കാർ ആവിഷ്‌കരിക്കുന്ന ഇലക്ട്രോണിക്‌സ് പാർക്ക് ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ എൻ.പി.ഒ.എല്ലുമായി കൂടുതൽ സഹകരിക്കാൻ ഉതകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കെൽട്രോൺ സിഎംഡി എൻ. നാരായണ മൂർത്തിയും എൻ.പി.ഒ.എൽ ഡയറക്ടർ എസ്.വിജയൻ പിള്ളയും ധാരണാപത്രം കൈമാറി.
എൻ.പി.ഒ.എല്ലിനു വേണ്ടി അരൂരിലെ കെൽട്രോൺ കൺട്രോൾസിൽ നാലിനം ഉപകരണങ്ങൾ നിലവിൽ നിർമിക്കുന്നുണ്ട്. 70 കോടി രൂപയുടെ ഓർഡറാണ് കെ.സി.എക്ക് ലഭിച്ചിട്ടുള്ളത്. 45 കോടി രൂപയുടെ പുതിയ ഓർഡറും ഈ വർഷം കെൽട്രോണിന് ലഭിക്കും. കുറ്റിപ്പുറത്തെ കെൽട്രോൺ ടൂൾ റൂമിന് 20 കോടി രൂപയുടെ ഓർഡർ എൻ.പി.ഒ.എൽ നൽകിയിട്ടുണ്ട്. 18 കോടി രൂപയുടെ ഓർഡർ ഈ വർഷം ലഭിക്കും. കരകുളം കെൽട്രോണിന് എൽ.പി.ഒ.എല്ലിൽ നിന്ന് രണ്ട് ഉപകരണ നിർമാണ ഓർഡറുകൾ ഇപ്പോൾ ലഭിച്ചിട്ടുണ്ട്. ഡിസ്ട്രസ് സോണാർ സിസ്റ്റം, അണ്ടർവാട്ടർ ടെലിഫോൺ എന്നിവയാണവ. എൻ.പി.ഒ.എല്ലിലെ അക്വസ്റ്റിക് ടാങ്ക്, മെറ്റീരിയൽ ആന്റ് ട്രാൻസ്ഡ്യൂസേഴ്‌സ് സിമുലേറ്റഡ് ടെസ്റ്റ് സെന്റർ എന്നിവ മന്ത്രി സന്ദർശിച്ചു. 

 

Latest News