ന്യൂദല്‍ഹി- വിവാദ ചിത്രം പത്മാവതിന് സെന്‍സര്‍ ബോര്‍ഡ് നല്കിയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹരജി സുപ്രീംകോടതി തള്ളി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹരജിയാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സിനിമയുടെ പ്രദര്‍ശനം ക്രമസമാധാനത്തിനു പുറമേ ജീവനും സ്വത്തിനും വലിയ ഭീഷണി ഉണ്ടാക്കുമെന്ന വാദവും കോടതി പരിഗണിച്ചില്ല.
ക്രമസമാധാനം നിലനിര്‍ത്തേണ്ടത് കോടതിയുടെ ജോലിയല്ല. അത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് പറഞ്ഞത്. സിനിമക്ക് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കിക്കഴിഞ്ഞാല് അതില്‍ പിന്നെ മറ്റൊരു ഇടപെടലിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഗുജറാത്ത്, രാജസ്ഥാന്, ഹരിയാന, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി വ്യാഴാഴ്ച സിനിമ രാജ്യവ്യാപകമായി റീലീസ് ചെയ്യാന്‍ സുപ്രീംകോടതി വഴിയൊരുക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളോടും സിനിമ പ്രദര്‍ശനം നടക്കുന്ന സമയത്ത് ക്രമസമാധാനം ഉറപ്പു വരുത്തണമെന്നും സിനിമക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും നിര്‍ദേശിച്ചിരുന്നു.
അതിനിടെ, സിനിമക്കെതിരേ അനൗദ്യോഗികമായി രാജ്യവ്യാപക വിലക്ക് വേണമെന്ന നിലപാടില്‍ രജപുത് കര്‍ണി സേന ഉറച്ചുനില്‍ക്കുകയാണ്. സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ സിനിമക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് രജപുത് കര്‍ണിസേനയുടെ സ്ഥാപക നേതാവ് ലോകേന്ദ്ര സിംഗ് കാല്‍വി പറഞ്ഞത്. സിനിമ റിലീസ് ചെയ്താല്‍ ചിറ്റോര്‍ഗഡില്‍ വനിതകള്‍ ആത്മാഹൂതി നടത്തുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ഈ മാസം 25നാണ് സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളുമായി പത്മാവത് റിലീസിംഗിനൊരുങ്ങുന്നത്.