കൊച്ചി- മലയാള സിനിമയില്‍ മമ്മൂട്ടിയുടെ ലെഗസിയുമായി അരങ്ങേറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഡിക്യുവിന് ഇന്ന് പിറന്നാളാണ്. മമ്മൂട്ടിയെ പോലെ മകനും മലയാള സിനിമയുടെ അഭിമാനമായി. മലയാളത്തിനു പുറത്തേക്കും ദുല്‍ഖര്‍ എന്ന താരം വളര്‍ന്നു. മമ്മൂട്ടിയുടെ മകന്‍ ആയതുകൊണ്ട് തന്നെ മലയാളത്തിലും പുറത്തും ദുല്‍ഖറിന് പ്രത്യേക വാല്‍സല്യവും കരുതലും കിട്ടിയിരുന്നു. മമ്മൂട്ടിയുടെ സുഹൃത്തുക്കളെല്ലാം ദുല്‍ഖറിന് പിതൃതുല്യരാണ്. അതിലൊരാളാണ് നടന്‍ സിദ്ദിഖും. ദുല്‍ഖറിനൊപ്പമുള്ള ഏറ്റവും ഹൃദയസ്പര്‍ശിയായ സംഭവത്തെ കുറിച്ച് സിദ്ദിഖ് ഒരിക്കല്‍ പങ്കുവച്ചിരുന്നു.
ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖറിന്റെ പിതാവിന്റെ വേഷമാണ് സിദ്ദിഖ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രീകരണ വേളയില്‍ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് സിദ്ദിഖ് ഒരു അഭുമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. സിനിമയില്‍ ഒരു ഭാഗത്ത് സിദ്ധിഖിന്റെ നെഞ്ചോട് ചേര്‍ന്നുകിടന്ന് ദുല്‍ഖര്‍ പൊട്ടിക്കരയുന്ന ഒരു ഭാഗമുണ്ട്. ഉള്ളുലയ്ക്കുന്ന ഒരു സീനായിരുന്നു അതെന്നാണ് സിദ്ദിഖ് പറയുന്നത്.
'ആ സീക്വന്‍സില്‍ നെഞ്ചോടു ചേര്‍ന്ന് നിന്ന് കരയുന്ന രംഗമുണ്ട്. അങ്ങനെ കരയുമ്പോള്‍ അവന്റെ നെഞ്ച് പിടയ്ക്കുന്നത് എനിക്ക് മനസ്സിലാവും. അവന്‍ ശരിക്കും പൊട്ടിക്കരയുകയായിരുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ കഥാപാത്രത്തിലേക്ക് ഇത്രയും ആഴ്ന്നിറങ്ങുമോ എന്ന് ഞാന്‍ അതിശയിച്ചു...,' അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞു.ഷൂട്ടിങ്ങിന് ശേഷം ആ രംഗം വീണ്ടും എടുക്കണമെന്ന് ക്യാമറമാന്‍ ആവശ്യപ്പെട്ടു. വീണ്ടും ഷൂട്ട് ചെയ്യാന്‍ മാത്രം എന്താണ് പ്രശ്‌നമെന്ന് സിദ്ദിഖ് ക്യാമറമാനോട് ചോദിച്ചു. അത് നിങ്ങള്‍ക്ക് മനസിലാവില്ല എന്നാണ് ക്യാമറമാന്‍ സിദ്ധിഖിന് മറുപടി നല്‍കിയത്. ഇത് താരത്തെ കുഭിതനാക്കി. ഒരിക്കല്‍ കൂടി ആ രംഗം പകര്‍ത്തേണ്ടി വന്നാല്‍ താന്‍ അഭിനയിക്കില്ല എന്ന നിലപാടില്‍ സിദ്ദിഖ് ഉറച്ചു നിന്നു. പുതിയതായിട്ട് വരുന്ന ഒരാളെ ഇങ്ങനെ ടോര്‍ച്ചര്‍ ചെയ്യരുത് എന്ന് ക്യാമറാമാനോട് പ്രതികരിച്ചു. ആദ്യം ചെയ്തപ്പോള്‍ വളരെ ഇമോഷണലായി തന്നെ ദുല്‍ഖര്‍ അത് ചെയ്തിട്ടുണ്ടെന്നും ഒരിക്കല്‍ കൂടി എടുക്കുമ്പോള്‍ അത്ര പെര്‍ഫക്ഷന്‍ വന്നില്ലെങ്കിലോ എന്നും സിദ്ദിഖ് കരുതി. ഒടുവില്‍ സിദ്ദിഖിന്റെ നിര്‍ബന്ധത്തിനു ക്യാമറമാന്‍ വഴങ്ങി.
അന്നത്തെ ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സിദ്ദിഖിന്റെ ഫോണിലേക്ക് മമ്മൂട്ടി വിളിച്ചു. ഷൂട്ടിങ്ങിനിടയില്‍ എന്തിനാണ് ക്യാമറമാനോട് ദേഷ്യപ്പെട്ടതെന്ന് തിരക്കാനായിരുന്നു മമ്മൂട്ടി വിളിച്ചത്. സിദ്ദിഖ് നടന്ന സംഭവം വിവരിച്ചു. അപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു; ' നമുക്ക് നമ്മുടെ മക്കളായോണ്ട് തോന്നുന്നതാ, അവര്‍ ചെയ്യും, ചെയ്യുമായിരിക്കും. അങ്ങനെ ചെയ്ത് പഠിക്കട്ടെ. ഒരു ഷോട്ട് ഒരിക്കലേ ചെയ്യൂ എന്ന് നീയായിട്ടു അവനെ ശീലിപ്പിക്കേണ്ട. ഒരു ഷോട്ട് രണ്ടും മൂന്നും തവണ ചെയ്ത് തന്നെ വരട്ടെ,'