പാലക്കാട്- പല തരത്തിലുള്ള കാസ്റ്റിങ് കോളുകളും കണ്ടിട്ടുണ്ടാവും. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു കാസ്റ്റിങ് കോള്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രതി പ്രണയത്തിലാണ് എന്ന ചിത്രത്തിന് ആവശ്യമായ വാഹനത്തിന് വേണ്ടിയുള്ള കാസ്റ്റിങ് കോളാണ്. അതും 20 നും 30 നും ഇടയില്‍ പ്രായമുള്ള വണ്ടി തന്നെ വേണമത്രെ
ഈ വ്യത്യസ്തമായ കാസ്റ്റിങ് കോളിന് പിന്നിലുള്ള രഹസ്യത്തെ കുറിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ തന്നെ പറയുന്നു. 'പ്രതി പ്രണയത്തിലാണ് എന്ന ചിത്രത്തില്‍ പ്രതിയെ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം കൊണ്ടു പോകുന്നതിനുള്ള വാഹനമാണ് . വിന്റേജ് ഫോക്‌സ്വാഗണ്‍ മൈക്രോ ബസിന് സമാനമായ മാറ്റഡോര്‍ വാന്‍ ആണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. അത്തരം വാഹനം കിട്ടുക എന്നത് വളരെ പ്രയാസമാണ്, എന്നാലും ഈ വാഹനത്തിന് കഥയില്‍ വളരെ അധികം പ്രാധാന്യവുമുണ്ട്. ഒരു കഥാപാത്രം തന്നെയാണ് സത്യത്തില്‍. യോജിച്ച ഒരു വാഹനം കിട്ടാതെയായപ്പോഴാണ് കാസ്റ്റിങ് കോള്‍ നടത്താം എന്ന് തീരുമാനിച്ചത്.
ഇതുപോലൊരു കാസ്റ്റിങ് കോള്‍ നടത്തണം എന്നൊന്നും പ്രതീക്ഷിച്ചിട്ടില്ല. അല്‍പം പഴക്കമുള്ള വാഹനം വേണം എന്നായിരുന്നു. അതുകൊണ്ടാണ് വണ്ടിയുടെ 'പ്രായം' കാസ്റ്റിങ് കോളില്‍ എടുത്ത് പറഞ്ഞത്. പിന്നെ സമൂഹ മാധ്യമങ്ങളില്‍ ഒന്ന് ശ്രദ്ധിക്കപ്പെടുകയും വേണം എന്നുള്ളത് കൊണ്ടാണ് ഇത്തരമൊരു പോസ്റ്റര്‍ റിലീസ് ചെയ്തത്' വിനോദ് വ്യക്തമാക്കി.
കാസ്റ്റിങ് കോള്‍ കണ്ട് പലരും വിളിച്ചു എന്നും സത്യത്തില്‍ പലരുടെയും പ്രതികരണം അത്ഭുതപ്പെടുത്തി എന്നും സംവിധായകന്‍ പറയുന്നു. ഇപ്പോള്‍ കിട്ടിയതില്‍ ഏത് വാഹനം എടുക്കണം എന്ന് അറിയാത്ത അവസ്ഥയാണ്. ഇപ്പോഴും ഇത്തരം അപൂര്‍വ്വ വാഹനം സൂക്ഷിക്കുന്നവരെ കുറിച്ച് അറിഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ അതിശയിച്ചു പോയി. വണ്ടി ശ്രദ്ധിയ്ക്കണം, ഇതേ രീതിയില്‍ തന്നെ തിരിച്ചു നല്‍കണം എന്ന് മാത്രമാണ് ഉടമസ്ഥരുടെ ഒരേ ഒരു നിബന്ധന വിനോദ് ഗുരുവായൂര്‍ പറഞ്ഞു. പ്രതി പ്രണയത്തിലാണ് എന്ന ചിത്രം ത്രില്ലര്‍ ആണ്. വാഗമണ്ണിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. നാല് ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമ. ആരാണ് പ്രതിയായി എത്തുന്ന നായകന്‍ എന്ന വിവരം വൈകാതെ ഔദ്യോഗികമായി അറിയിക്കും എന്നും ഷൂട്ടിങ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങള്‍ എന്നും സംവിധായകന്‍ അറിയിച്ചു.