Sorry, you need to enable JavaScript to visit this website.

ഫാറ്റി ലിവർ അഥവാ കരൾ കൊഴുപ്പ് 


ത്വക്ക് കഴിഞ്ഞാൽ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ (ലിവർ). ആന്തരിക അവയവങ്ങളിൽ ഏറ്റവും വലിപ്പം കൂടിയതും ഏറ്റവും ഭാരമേറിയതും കരളാണ്. 1.5 കിലോഗ്രാമിന് മുകളിൽ ഭാരമുള്ള നമ്മുടെ കരളിന് തലച്ചോറിനേക്കാൾ വലിപ്പമുണ്ട്. എഴുപത്തിയഞ്ച് ശതമാനത്തോളം മുറിച്ചുമാറ്റിയാലും വീണ്ടും പൂർവസ്ഥിതി പ്രാപിക്കാൻ കഴിവുള്ള അവയവവും കരളാണ്. പണ്ടൊക്കെ കരൾ രോഗം എന്നു കേട്ടാൽ നല്ല മദ്യപാനിയാണല്ലോ എന്നു പറയുമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ജീവിത ശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ (NAFLD )  അഥവാ മദ്യേതര കരൾ കൊഴുപ്പ് രോഗങ്ങളാണ് ഇപ്പോൾ കൂടുതലായും കണ്ടുവരുന്നത്. കരളിലെ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ആഗോള ജനസംഖ്യയിൽ ഇരുപത്തിയഞ്ച് ശതമാനം പേർക്കും മദ്യപാനവുമായി ബന്ധമില്ലാത്ത ഫാറ്റി ലിവർ ആണ് കണ്ടുവരുന്നത്.


90 മുതൽ 95 ശതമാനം പേരിലും യാതൊരു ലക്ഷണങ്ങളും ഈ രോഗം കാണിക്കാറില്ല. സമൂഹത്തിൽ ഏകദേശം 30 ശതമാനത്തോളം പേർക്ക് ഈ അസുഖമുണ്ടെങ്കിലും രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും യാദൃഛികമായാണ് രോഗം കണ്ടുപിടിക്കുന്നത്. വേറെ എന്തെങ്കിലും രോഗങ്ങൾക്കോ ആവശ്യങ്ങൾക്കോ മെഡിക്കൽ ചെക്കപ്പ് ചെയ്യുമ്പോൾ ആണ് ഫാറ്റി ലിവർ കണ്ടുപിടിക്കുന്നത്. രക്ത പരിശോധനയായ ലിവർ ഫംഗ്ഷൻ ടെസ്റ്റ് (എൽ.എഫ്.ടി), അൾട്രാ സൗണ്ട് സ്‌കാനിംഗ്, സി.ടി സ്‌കാൻ തുടങ്ങിയ പരിശോധനകളിലൂടെ ഇവയെ കണ്ടെത്താൻ സാധിക്കുന്നു. 

കരളിന്റെ പ്രവർത്തനങ്ങൾ
ഏറ്റവും സങ്കീർണമായ രാസപ്രവർത്തനങ്ങളുടെ ഉറവിടമാണ് കരൾ. സാധാരണ ഗതിയിൽ നമ്മൾ കഴിക്കുന്ന ആഹാരത്തിലെ അന്നജം, പ്രോട്ടീൻ, കൊഴുപ്പുകൾ ഇവയുടെയൊക്കെ ഉപാപചയ പ്രവർത്തനങ്ങളിൽ കരളിന് സുപ്രധാന പങ്കാണുള്ളത്. പിത്തരസം ഉൽപാദിപ്പിക്കുന്നതും ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതും അധികം വരുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി സൂക്ഷിക്കുന്നതും ആവശ്യത്തിലധികമുള്ള കൊഴുപ്പ് രക്തത്തിൽനിന്ന് മാറ്റുന്ന പ്രവർത്തനങ്ങളും ചെയ്യുന്നത് കരളാണ്.
ജങ്ക് ഫുഡ് സംസ്‌കാരം നമ്മുടെ കുട്ടികളിൽ ഫാറ്റി ലിവർ സാധ്യതകൾ വർധിപ്പിക്കുന്നു.

കാരണങ്ങൾ
ജീവിതശൈലീ രോഗങ്ങളായ അമിത വണ്ണം, പ്രമേഹം, രക്തസമ്മർദം, രക്തത്തിലെ കൊളസ്‌ട്രോൾ അളവ് കൂടിയവർ, കായികാധ്വാനമില്ലാത്ത ജീവിത രീതി (sedantary life style), അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ (un healthy food habits)  പിന്തുടരുന്നവർ എന്നിവരിലാണ് സാധാരണയായി കരൾ കൊഴുപ്പ് (ഫാറ്റി ലിവർ) ഉണ്ടാകുന്നത്.

അളവിലേറെ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ ശരീരത്തിൽ അമിതമായുള്ള ഊർജം കൊഴുപ്പായി മാറുകയും കരളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. കാലക്രമേണ ഫാറ്റി ലിവർ ഗുരുതരമായ കരൾ വീക്കത്തിലേക്കും (ലിവർ സീറോസിസ്) പിന്നീട് ചിലരിൽ കരളിലുണ്ടാകുന്ന കാൻസർ  (hepato cellular carcinoma)  എന്ന അവസ്ഥയിലേക്കും എത്തുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മരുന്നു കൊണ്ട് മാറാവുന്ന ഒരു അസുഖമല്ല കരൾ കൊഴുപ്പ്. ശരിയായ രീതിയിലുള്ള ആഹാര ക്രമീകരണവും കൃത്യമായ വ്യായാമവും ഒരുമിച്ച് ചെയ്താൽ ഒരു പരിധി വരെ കരൾ കൊഴുപ്പ് നിയന്ത്രിക്കാനാകും.
$ കഴിക്കുന്ന ഭക്ഷണത്തിൽ കൊഴുപ്പിനൊപ്പം അന്നജത്തിന്റെ അളവ് കുറക്കുക. ഇത് വഴി ശരീര ഭാരം നിയന്ത്രിക്കുവാനും ജീവിത ശൈലീ രോഗങ്ങളെ തടയുവാനും സാധിക്കും.
$ പഞ്ചസാര, മധുരപലഹാരങ്ങൾ, ഫ്രൂട് ജ്യൂസുകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
$ ഫ്രക്ടോസ് ധാരാളം അടങ്ങിയ കാർബൊണാറ്റഡ് പാനീയങ്ങൾക്ക് പകരം നാരങ്ങ വെള്ളമോ, മോരുവെള്ളമോ ഉപയോഗിക്കാം.
$ കൊഴുപ്പ് കുറഞ്ഞ പാൽ, പാലുൽപന്നങ്ങൾ ആവശ്യനുസരണം ഉപയോഗിക്കാം.
$ ഇടനേരത്തുള്ള ബേക്കറി സ്‌നാക്‌സിന് പകരം പച്ചക്കറി സാലഡോ, ഫ്രൂട്ട്‌സോ ഉപയോഗിക്കാം.
$ മൈദ കൊണ്ടുള്ള വിഭവങ്ങളായ കേക്ക്, പിസ, ബർഗർ, ബ്രെഡ്, ഷവർമ മുതലായവ ഒഴിവാക്കുക.
$ പൂരിത കൊഴുപ്പുകളായ ബട്ടർ, വനസ്പതി, മയോനൈസ്, ചീസ് എന്നിവക്ക് പകരം അപൂരിത കൊഴുപ്പടങ്ങിയ ഒലിവ് ഓയിൽ, കടുകെണ്ണ എന്നിവ ഉപയോഗിക്കാം.
$ ചെറുമീനുകൾ, മത്തി, അയല, ഡ്രൈ ഫ്രൂട്ട്‌സുകളായ ബദാം, വാൾനട്‌സ്, സീഡ്‌സ് എന്നിവയിൽ എല്ലാം അപൂരിത കൊഴുപ്പായ ജഡഎഅ (പോളി അൻസാചുരേറ്റഡ് ഫാറ്റി ആസിഡ്) അടങ്ങിയിരിക്കുന്നു. ഇവ ആവശ്യാനുസരണം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
$ ഭക്ഷണത്തിൽ ധാരാളം പയറു വർഗങ്ങളും ഇലക്കറികളും മറ്റു പച്ചക്കറികളും ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് ആവശ്യമായ മാംസ്യവും ധാതു ലവണങ്ങളും നാരുകളും ലഭിക്കുന്നു.
$ കൊഴുപ്പ് കൂടുതൽ അടങ്ങിയ ആട്ടിറച്ചി, പന്നിയിറച്ചി, പോത്തിറച്ചി എന്നിവ ഒഴിവാക്കുക.

ഫാസ്റ്റ് ഫുഡ് സംസ്‌കാരം (ജങ്ക് ഫുഡ് ), അമിതവണ്ണം, വ്യായാമമില്ലായ്മ, അമിതാഹാരം, നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് എന്നിവ നമ്മിലും നമ്മുടെ കുട്ടികളിലും വരെ ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാക്കുന്നു.

(കോഴിക്കോട് ഇഖ്‌റ ഇന്റർനാഷനൽ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിലെ സീനിയർ ഡയറ്റിഷ്യനാണ് ലേഖിക)

Latest News