മുംബൈ- നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് നദിയ മൊയ്തു. ചിത്രത്തിലെ കുറുമ്പും കുസൃതിയുമായി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഗേളി എന്ന കഥാപാത്രം ഇന്നും മലയാളിയുടെ മനസിലുണ്ട്. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത തരത്തില്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മിടുക്കി പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന നദിയ മൊയ്തു എന്ന നടിയായി മാറുകയായിരുന്നു. കാലമെത്ര തന്നെ കഴിഞ്ഞാലും ഗേളി ആയി എത്തിയ നദിയയെ ആണ് പ്രേക്ഷകര്‍ക്ക് ഇന്നും ഇഷ്ടം. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് നദിയ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ചിരുന്ന അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മക്കളായ ജെക്കബ് അലക്‌സാണ്ടര്‍, ഉണ്ണി അലക്‌സാണ്ടര്‍, ജോ അലക്‌സാണ്ടര്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സാം, ആസിഫ്, ചെറിയാന്‍ എന്നീ താരങ്ങളായിരുന്നു. ഇതിലെ രണ്ട് പേര്‍ക്കൊപ്പമുള്ള ചിത്രമാണ് നദിയ പങ്കുവച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സാം, ആസിഫ് എന്നിവരെ താരം കണ്ടപ്പോഴുള്ള ചിത്രമാണിത്.
'ചില ചിത്രങ്ങളിലൂടെ ഓടിച്ച് നോക്കിയപ്പോള്‍ ഇത് കണ്ടെത്തി. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ എന്റെ കൂട്ടാളികള്‍. സമീറും ആസിഫും. കാലം എത്ര പെട്ടെന്നാണ് പോകുന്നത്,' എന്നാണ് ഫോട്ടോ പങ്കുവച്ച് നദിയ കുറിച്ചത്.
മുംബൈയില്‍ സ്ഥിര താമസമാക്കിയ നദിയയ്ക്ക് സനം, ജാന എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്. ഭര്‍ത്താവ് ശിരീഷ് മുംബൈയില്‍ സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു. വിവാഹ കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ ശേഷമാണ് നദിയ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ ആയിരുന്നു നദിയയുടെ രണ്ടാം വരവ്. മോഹന്‍ലാലിന്റെ നീരാളി എന്ന ചിത്രത്തിലും താരം നായികയായി എത്തി. വിരലില്‍ എണ്ണാവുന്ന മലയാളം ചിത്രങ്ങളെ ചെയ്തുള്ളൂവെങ്കിലും മലയാളത്തിലെ നല്ല നായികാ കഥാപാത്രങ്ങളാകാന്‍ നദിയ മൊയ്ദുവിന് സാധിച്ചിട്ടുണ്ട്. വന്നു കണ്ടു കീഴടക്കി,ശ്യാമ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഇന്നും സിനിമാ പ്രേമികള്‍ക്ക് പ്രിയമാണ്.