ഒന്നിക്കാന്‍ കാരണം ഞാന്‍, എന്നിട്ടും യുവയും  മൃദുലയും വിവാഹം അറിയിച്ചില്ല- രേഖ രതീഷ്

തിരുവനന്തപുരം- മിനിസ്‌ക്രീന്‍ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയ്‌യുടെയും വിവാഹം ഇക്കഴിഞ്ഞ എട്ടിനായിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ വിവാഹ ചടങ്ങുകളില്‍ സീരിയല്‍ രംഗത്ത് നിന്നുള്ളവരും എത്തി. വിവാഹത്തിന്റെ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടി രേഖയുടെ അഭാവം ആരാധകര്‍ ചര്‍ച്ചയാക്കി. ഇവരുടെ വിവാഹാലോചന രേഖ രതീഷ് ആണ് ആദ്യം കൊണ്ടു വന്നത്. അതിനാല്‍ നിരവധി പേരാണ് രേഖയോട് വിവാഹത്തിന് എത്താത്തതിന്റെ കാരണം ചോദിച്ച് എത്തിയത്. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രേഖ. ഓണ്‍സ്‌ക്രീനില്‍ തന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തില്‍ താന്‍ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വന്നിരുന്നു. ഉത്തരം ലളിതമാണ്. തന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് താരം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. ചിലപ്പോള്‍ താന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള്‍ അല്ലെന്ന് അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ താന്‍ വളരെ സന്തുഷ്ടയാണ്. തന്റെ കുട്ടികള്‍ക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. പ്രാര്‍ഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകുമെന്നും രേഖ പറയുന്നു.

Latest News