Sorry, you need to enable JavaScript to visit this website.

പെഷവാറില്‍നിന്ന് മുംബൈയിലേക്ക് വിഷാദനായകന്റെ ചലച്ചിത്ര യാത്ര

മുംബൈ- 1922ല്‍ പാകിസ്ഥാനിലെ പെഷാവറില്‍ ജനിച്ച യൂസഫ് ഖാനാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമാ ആസ്വാദകരുടെ സ്വന്തം ദിലീപ് കുമാറായി മാറിയത്. എങ്കിലും ബോളിവുഡിന്റെ ആദ്യത്തെ ഖാന്‍ ആയി ആരാധകര്‍ കാണുന്നത് ദിലീപ് കുമാറിനെയാണെന്നത് രസകരമായ വസ്തുത. നാസികിലെ സ്‌കൂളില്‍ നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദിലീപ് കുമാറിന്റെ ബാല്യകാല സുഹൃത്ത് തന്നെ പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനുമായി മാറി. സാക്ഷാല്‍ രാജ് കപൂര്‍.

https://www.malayalamnewsdaily.com/sites/default/files/filefield_paths/4e.jpg

പഴക്കച്ചവടക്കാരനായിരുന്ന പിതാവിനെ സഹായിക്കാനായി പൂനെ ആര്‍മി ക്ലബ്ബില്‍ സാന്‍വിച്ച് സ്റ്റാള്‍ നടത്തിയിട്ടുണ്ട് ദിലീപ് കുമാര്‍. കുടുംബത്തെ സഹായിക്കാനായി മുംബൈയിലേക്കും തന്റെ ബിസിനസ് വ്യാപിപ്പിക്കാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാല്‍ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. മുംബൈയില്‍ വച്ച് ഡോക്ടര്‍ മസാനിയെ കണ്ടുമുട്ടുന്ന ദിലീപിനെ അദ്ദേഹം നടിയും വിഖ്യാത ഫിലിം സ്റ്റുഡിയോ ബോംബെ ടാക്കീസിന്റെ ഉടമസ്ഥയുമായ ദേവിക റാണിക്ക് പരിചയപ്പെടുത്തുന്നു. ആ കണ്ടുമുട്ടലാണ് ദിലീപ് കുമാറിന്റെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്.

https://www.malayalamnewsdaily.com/sites/default/files/2021/07/07/4c.jpg

ദേവികാ റാണി ദിലീപ് കുമാറിനെ മാനേജരായി നിയമിച്ചു. പിന്നീട് അഭിനേതാവുമായി. ദേവികയുടെ ഉപദേശപ്രകാരമാണ് അദ്ദേഹം പേര് മാറ്റുന്നതും.  തൊട്ടടുത്ത വര്‍ഷമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ജ്വാര്‍ ഭട്ട റിലീസ് ചെയ്യുന്നത്. ആദ്യ സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുള്ള ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ഇതിഹാസമായി അദ്ദേഹം മാറി.  വെറും റൊമാന്റിക് ഹീറോ പരിവേഷത്തില്‍ ഒതുങ്ങാതെ വിഷാദ നായകനായും കാമ്പുള്ള കഥാപാത്രമായും ദിലീപ് കുമാര്‍ വേറിട്ടുനിന്നു. ദേവ്ദാസ്, ആന്ദാസ്, മുഗള്‍ ഇ അസം തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ 'ട്രാജഡി കിംഗ്' അല്ലെങ്കില്‍ 'വിഷാദ നായകന്‍' എന്ന പേരും ആരാധകര്‍ ചാര്‍ത്തിക്കൊടുത്തു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/4b.jpg

ഉര്‍ദു, ഹിന്ദി, പഞ്ചാബി, അവാധി, ഭോജ്പുരി, മറാത്തി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹത്തിന് നൈപുണ്യമുണ്ടായിരുന്നു.

91ല്‍ പത്മഭൂഷണും 2015 ല്‍ പത്മവിഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. 94ല്‍ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. 1998 ല്‍ പാകിസ്ഥാന്‍ സര്‍ക്കാറിന്റെ പരമോന്നത സിവിലിയന്‍ അവാര്‍ഡായ നിഷാന്‍-ഇ-ഇംതിയാസ് പുരസ്‌കാരം  അദ്ദേഹത്തിന് ലഭിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തൊട്ടടുത്ത വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഈ പുരസ്‌കാരം തിരികെ നല്‍കണമെന്ന് ശിവസേന മേധാവി ബാല്‍ താക്കറെ ദിലീപ് കുമാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ദിലീപ് കുമാര്‍ വിസമ്മതിക്കുകയും അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ ഈ വിഷയം ചര്‍ച്ച ചെയ്യാനായി സന്ദര്‍ശിക്കുകയും ചെയ്തു. ദിലീപ് കുമാറിന്റെ ദേശസ്‌നേഹത്തെക്കുറിച്ചും രാജ്യത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ചും യാതൊരു സംശയവുമില്ലെന്ന് വാജ്പേയ് പിന്നീട് പ്രഖ്യാപിച്ചതോടെ ആ വിവാദങ്ങള്‍ കെട്ടടങ്ങി.

 

Latest News