കണ്ണൂര്‍-തടികുറയ്ക്കാന്‍ ജിമ്മില്‍ പോയി അവിടെ നിന്നും ജീവിത പങ്കാളിയെ കണ്ടെത്തിയ കഥ പറയുകയാണ് ഗായികയും സംഗീതസവിധായകയുമായ സയനോര. ജിമ്മിലെ ഇന്‍സ്ട്രക്റ്ററെ പ്രണയിച്ച് കല്ല്യാണം കഴിക്കുകയായിരുന്നു താനെന്ന് ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ സയനോര പറഞ്ഞു. .
തടി കുറയ്ക്കാനായി ജിമ്മില്‍ പോയപ്പോഴാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഭര്‍ത്താവ് പൈസയുള്ളവനായിരിക്കണമെന്നോ ഭര്‍ത്താവ് ഇങ്ങനെയായിരിക്കണമെന്നോ എനിക്ക് പണ്ടേ നിര്‍ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ജിമ്മില്‍ വെച്ച് അവനെ കണ്ടപ്പോള്‍ തന്നെ എനിക്ക് നല്ല ഇഷ്ടമായി. ഒരു മൊഞ്ചന്‍ ചെക്കനുണ്ട് ഇവിടെ, അതുകൊണ്ട് സ്ഥിരമായി ഞാന്‍ ജിമ്മില്‍ പോവുമെന്ന് സുഹൃത്തുക്കളെ വിളിച്ച് പറയുകയും ചെയ്തു. ആണുങ്ങള് മാത്രമുള്ള ബാച്ചില്‍ ഞാന്‍ മാത്രമായിരുന്നു ഒരു പെണ്‍കുട്ടി. കാരണം ചോദിക്കുമ്പോള്‍ ഞാന്‍ പറയും മോട്ടിവേഷന്‍ കിട്ടുന്നത് ഈ ബാച്ചില്‍ ആണെന്ന്- സയനോര പറഞ്ഞു.
ഞങ്ങളുടെ സംസാരം ജിമ്മിലെല്ലാം ചര്‍ച്ചാവിഷയമായപ്പോള്‍ അധികമിനി സംസാരിക്കേണ്ടെന്നും വീട്ടില്‍ എനിക്ക് കല്ല്യാണമാലോചിക്കുന്നുണ്ടെന്നും ഞാന്‍ ആന്റണിയോട് പറഞ്ഞു. അങ്ങനെയാണെങ്കില്‍ സയനോര എന്റെ വീട്ടില്‍ വന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചോളൂ എന്നിട്ട് കല്ല്യാണം കഴിക്കാം എന്നാണ് അവന് പറഞ്ഞത്. അങ്ങനെയാണ് ഞങ്ങളുടെ കല്ല്യാണം നടക്കുന്നത്,' സയനോരയുടെ വാക്കുകള്‍. താനൊരു പ്ലേബാക്ക് സിംഗറാണെന്ന് ആന്റണിക്ക് അറിയില്ലായിരുന്നുവെന്നും ടി.വിയിലൊക്കെ എന്തോ പരിപാടി അവതരിപ്പിക്കുന്ന ഒരാളാണെന്ന് മാത്രമാണ് അറിഞ്ഞിരുന്നുള്ളൂവെന്നും സയനോര കൂട്ടിച്ചേര്‍ത്തു. വിന്‍സ്റ്റണ്‍ ആന്റണി ഡിക്രൂസ് ആണ് സയനോരയുടെ പങ്കാളി. ഒരു മകളും ഇവര്‍ക്കുണ്ട്.