Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്ഷാമത്തിനിടയിലും വിലയിടിവ്; കുരുമുളക് കർഷകർ  ആശങ്കയിൽ

കുരുമുളക് ക്ഷാമത്തിനിടയിലെ വില ഇടിവ് കാർഷിക മേഖലയിൽ ആശങ്ക ജനിപ്പിച്ചു.  ഇക്കുറി കുരുമുളക് ഉൽപാദനം കുറയുമെന്ന കാര്യം വ്യക്തമായിട്ടും ഉൽപന്ന വില ഇടിഞ്ഞത് കാർഷിക മേഖലയെ ചരക്ക് സൂക്ഷിക്കാൻ പ്രേരിപ്പിച്ചു. ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിലെ കർഷകർ ജൂലൈ, ഓഗസ്റ്റ് കാലയളവിലെ ഉത്സവ ഡിമാന്റിൽ പ്രതീക്ഷ നിലനിർത്തുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മുളകിന് ഓർഡറുകൾ എത്തുമെന്ന പ്രതീക്ഷയിലാണവർ. ദൽഹി, മധ്യപ്രദേശ്, ഗുജറാത്ത്  എന്നിവിടങ്ങളിൽ നിന്ന് കുരുമുളകിന് അന്വേഷണങ്ങളുണ്ട്. കാർഷിക മേഖല കേന്ദ്രീകരിച്ച് ചരക്ക് സംഭരിക്കുന്നവരും രംഗത്തുണ്ട്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 41,800 രൂപയായി താഴ്ന്നു.   ആഗോള വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6000 ഡോളറിൽ നിന്ന് 5650 ഡോളറായി. വിയറ്റ്‌നാം മുളക് വില 4135 ഡോളറായി ഉയർത്തിയതിന്റെ ചുവട് പിടിച്ച് ബ്രസീൽ വില ടണ്ണിന് 3800 ഡോളറിൽ നിന്ന് 4000 ഡോളറാക്കി. ഇന്തോനേഷ്യ 3840 ഡോളറിനും ശ്രീലങ്ക 388 ഡോളറിനും ക്വട്ടേഷൻ ഇറക്കി. 


ചുക്ക് വിലയിൽ മാറ്റമില്ല, അതേ സമയം ഉൽപന്നത്തിന് ആവശ്യക്കാരുണ്ട്. അറബ് രാജ്യങ്ങൾ ബക്രീദ് വേളയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ട് ചുക്ക് ശേഖരിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നും ഇഞ്ചി ശേഖരിച്ച് ചുക്ക് ഉൽപാദിപ്പിക്കുന്നവർ നിരക്ക് ഉയരുമെന്ന വിശ്വാസത്തിലാണ്. ഇതിനിടയിൽ മ്യാൻമറിൽ നിന്നുള്ള ചുക്കും ഇറക്കുമതി നടന്നു. കൊച്ചിയിൽ മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 17,500 രൂപയിലും പഞ്ച ഇനം ചുക്ക് 21,000 രൂപയിലുമാണ്. ഇറക്കുമതി ചുക്ക് വൻതോതിൽ എത്തിയത് വിലക്കയറ്റത്തിന് തടസ്സമായെങ്കിലും വൈകാതെ വിപണി ചൂടുപിടിക്കുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ. 


പുതിയ ജാതിക്ക വിൽപനയ്ക്ക് ഇറങ്ങി. പല അവസരത്തിലും ഉണക്ക് കുറഞ്ഞ ചരക്ക് വിപണികളിൽ എത്തിയത് വിലയെ ബാധിച്ചു. കയറ്റുമതിക്കാർ മികച്ചയിനം ജാതിക്ക, ജാതിപത്രി തുടങ്ങിവയിൽ താൽപര്യം കാണിച്ചു. ജാതിക്ക തൊണ്ടൻ കിലോ 240 275, തൊണ്ടില്ലാത്ത് 470 ---- 500, ജാതിപത്രി 1100----1300 രൂപയിലുമാണ്.  
പാം ഓയിൽ വില ഇടിഞ്ഞത് നാളികേരോൽപന്നങ്ങളിൽ സമ്മർദമുളവാക്കി. വില കുറഞ്ഞ വിദേശ പാം ഓയിൽ ഉയർന്ന അളവിലെത്തിയത് വെളിച്ചെണ്ണയ്ക്ക് തിരിച്ചടിയായി. ഇത് മൂലം ദക്ഷിണേന്ത്യൻ മില്ലുകാർ വില ഇടിച്ചാണ് കൊപ്ര സംഭരിച്ചത്. 11,350 രൂപയിൽ നിന്ന് കൊപ്ര വില 10,950 ലേയ്ക്ക് ഇടിഞ്ഞു, ക്വിന്റലിന് 400 രൂപയുടെ കുറവ്. വെളിച്ചെണ്ണ 17,600 രൂപയിൽ നിന്ന് 17,300 രൂപയായി. മില്ലുകാർ വെളിച്ചെണ്ണയ്ക്ക് താങ്ങ് പകർന്നങ്കിലും അവർ ശേഖരിക്കുന്ന കൊപ്രയ്ക്ക് എറ്റവും കുറഞ്ഞ ഉറപ്പ് വരുത്താനും ശ്രമിച്ചു. 


മികച്ച കാലാവസ്ഥയിൽ റബർ ഉൽപാദനം ഉയർന്നിട്ടും ടയർ കമ്പനികളിൽ നിന്നും ചെറുകിട വ്യവസായികളിൽ നിന്നും ഡിമാന്റ് ഉയർന്നില്ല. നാലാം ഗ്രേഡ് റബർ 16,850 രൂപയിലും അഞ്ചാം ഗ്രേഡ് 16,200-16,700 രൂപയിലും വ്യാപാരം നടന്നു. ബാങ്കോക്കിൽ നാലാം ഗ്രേഡ് 15,244 രൂപയിലാണ്.  ആഭരണ കേന്ദ്രങ്ങളിൽ പവൻ 35,200 രൂപയിൽ നിന്ന് 35,280 രൂപയായി. ഗ്രാമിന് വില  4410 രൂപ. ന്യുയോർക്കിൽ ട്രോയ് ഔൺസിന് 1763 ഡോളറിൽ നിന്ന് 1781 ഡോളറായി. 


 

Latest News