Sorry, you need to enable JavaScript to visit this website.

അയല്‍വാസികള്‍ക്ക് നേരെ ഭീഷണി; ബോളിവുഡ് നടി  അറസ്റ്റില്‍ 

അഹമ്മദാബാദ്- ബോളിവുഡ് നടി പായല്‍ റോത്തഗി അറസ്റ്റില്‍. നടിയുടെ ഹൗസിംഗ് സൊസൈറ്റി അംഗം കൂടിയായ ഡോ.പരാഗ് ഷാ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അഹമ്മദാബാദിലെ ഒരു പോഷ് ഹൗസിഗ് സൊസൈറ്റിയില്‍ താമസക്കാരിയായ പായല്‍, ഇവിടുത്തെ ചെയര്‍പേഴ്‌സണെതിരെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപ പരാമര്‍ശം നടത്തുകയും സൊസൈറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗ്രൂപ്പില്‍ അവഹേളനപരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു എന്നു കാട്ടിയാണ് പരാതി. ഇതിന് പുറമെ തനിക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ കാല് തല്ലിയൊടുക്കുമെന്ന ഭീഷണിയും നടി നടത്തിയെന്നാണ് സാറ്റലൈറ്റ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ പറയുന്നത്.
പായല്‍ റോത്തഗി കുട്ടികളുള്‍പ്പെടെയുള്ള സൊസൈറ്റി അംഗങ്ങളെ കുറച്ചുകാലമായി ഉപദ്രവിക്കുകയാണെന്നും, സൊസൈറ്റിയിലെ പൊതുവായ കളിസ്ഥലത്ത് കളിച്ചാല്‍ കാലുകള്‍ ഒടിക്കുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും ഷാ തന്റെ പരാതിയില്‍ പറയുന്നു. പലകാര്യങ്ങളിലും പായല്‍ സൊസൈറ്റിയിലെ മറ്റ് അംഗങ്ങളുമായി തര്‍ക്കിക്കാറുണ്ടായിരുന്നുവെന്നും കുട്ടികളെപ്പോലും ഭീഷണിപ്പെടുത്താറുണ്ടെന്നുമാണ് ആരോപണം. സ്വന്തം വീടല്ലെങ്കില്‍ പോലും സൊസൈറ്റിയിലെ ഒരു വാര്‍ഷിക യോഗത്തില്‍ നടി പങ്കെടുത്തിരുന്നു. അംഗമല്ലെന്ന് അറിയിച്ചിട്ടും യോഗത്തില്‍ നിന്നും പോകാന്‍ കൂട്ടാക്കാത്ത പായല്‍, സൊസൈറ്റി അംഗങ്ങളെ യോഗത്തില്‍ അധിക്ഷേപിച്ചു എന്നാണ് ആരോപണം. ഇതിന് പുറമെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള അധിക്ഷേപ സന്ദേശങ്ങളും. തെറ്റായ കേസുകളില്‍ പെടുത്തി സൊസൈറ്റി അംഗങ്ങളെ അറസ്റ്റ് ചെയ്യിക്കുമെന്ന ഭീഷണി ഇവര്‍ മുഴക്കിയതായും ആരോപണമുണ്ട്.
36 കാരിയായ നടി കഴിഞ്ഞ ഒരുവര്‍ഷമായി അഹമ്മദാബാദിലെ ഹൗസിംഗ് സൊസൈറ്റിയിലാണ് താമസം. മാതാപിതാക്കളും ഒപ്പമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോാലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് സാറ്റലൈറ്റ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.എസ്.റോയി പറഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
 

Latest News