കൊച്ചി- ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബിഗ് ബജറ്റ് ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് കോവിഡും ലോക്ഡൗണും കാരണം സിനിമാ ഇന്‍ഡസ്ട്രി തന്നെ അവതാളത്തിലായി.
ഇതോടെ ചിത്രത്തിന്റെ റീലീസ് മാറ്റിവയ്ക്കുക ആയിരുന്നു. ഇപ്പോഴിതാ മുമ്പ് അറിയിച്ചത് പോലെ മരക്കാര്‍ ഓഗസ്റ്റ് 12ന് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തുമെന്ന് പറയുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. 'സ്‌നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്. അതിനു നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു.'ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ഒപ്പത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന സിനിമ കൂടിയാണ് മരക്കാര്‍. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.