Sorry, you need to enable JavaScript to visit this website.

ഹോളിവുഡ് നടി ലിസ ബാനസ് അന്തരിച്ചു

ലോസ് ഏഞ്ചല്‍സ്- ഹോളിവുഡ് നടി ലിസ ബാനസ് അന്തരിച്ചു. 65 വയസായിരുന്നു. പത്ത് ദിവസം മുമ്പ് ന്യൂയോര്‍ക്ക് സിറ്റിയില്‍ റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നു. നടിയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഡേവിഡ് ഫിഞ്ചറിന്റെ 2014ല്‍ പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗോണ്‍ ഗേളിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടി കൂടിയാണ് ലിസ ബാനസ്. ടോം ക്രൂയിസിനൊപ്പം കോക്ക്‌ടെയിലിലും ലിസ ശ്രദ്ധേയ വേഷത്തിലെത്തിയിരുന്നു. സിനിമയ്ക്ക് പുറമെ നിരവധി ടെലിവിഷന്‍ ഷോകളിലൂടെയും ലിസ പ്രശസ്തയാണ്. നാഷ് വില്ലേ, മാഡം സെക്രട്ടറി, മാസ്റ്റര്‍ ഓഫ് സെക്‌സ് ആന്റ് എന്‍സിഐഎസ് എന്നിവയാണ് താരത്തിന്റെ പ്രധാന ടി.വി ഷോകള്‍. നല്ലൊരു നാടക നടി കൂടിയാണ് ലിസ. 1988ലെ നെയില്‍ സിമോണിന്റെ നാടകമായ റൂമേര്‍സിലും 1998ല്‍ സംഗീത ഹൈ സൊസൈറ്റിയിലും 2010ല്‍ പ്രസന്റ് ലാഫ്റ്ററിലും ലിസ അഭിനയിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ് താരം ചികിത്സയിലായിരുന്നെന്ന വിവരം നടിയുടെ മാനേജര്‍ ഡേവിഡ് വില്ല്യംസാണ് പുറത്തുവിട്ടത്. ലോസ് ഏഞ്ചല്‍സിലാണ് ലിസ ബാനസ് താമസിച്ചിരുന്നത്. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രിറ്റിയുടെ കോണ്‍ട്രിബ്യൂട്ടിങ് റിപ്പോര്‍ട്ടറായ കാത്രിന്‍ ക്രാന്‍ഹോള്‍ഡിനെയാണ് ലിസ വിവാഹം ചെയ്തത്. ഹോളിവുഡിലെ പ്രശ്‌സതര്‍ നടിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.
 

Latest News