തലശ്ശേരി- മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്രയാണ്? കണക്കുകള്‍ പറയുന്നത് ഇക്കാര്യത്തില്‍ നമ്മുടെ താരങ്ങളും ഒട്ടും പിന്നില്‍ അല്ലെന്നാണ്. അങ്ങനെയെങ്കില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആരാണെല്ലേ? താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച് ഐഎംഡിബി റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെയാണ് മോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. ഒരു സിനിമയ്ക്ക് അദ്ദേഹം 8 മുതല്‍ 11 കോടി വരെയാണത്രേ പ്രതിഫലമായി വാങ്ങുന്നത്. മറ്റ് ഭാഷാ ചിത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ 8 കോടി വരെ വാങ്ങാറുള്ളതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിഗ് ബോസ് എന്ന ടിവി റിയാലിറ്റി ഷോയില്‍ അവതാരകനാകാനും മോഹന്‍ലാല്‍ കോടികളാണ് വാങ്ങുന്നത്. രണ്ടാം സീസണ്‍ വരെ 12 കോടിയാണ് വാങ്ങിയിരുന്നതെങ്കില്‍ സീസണ്‍ ത്രീയ്ക്കായി 18 കോടിയാണ് അദ്ദേഹം വാങ്ങിതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എഴുപതാം വയസിന്റെ ചെറുപ്പത്തിലേക്ക് കടക്കുകയാണ് മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍. അദ്ദേഹത്തിന്റെ ലുക്കിനും ഗ്ലാമറിനും യാതൊരു കുറവുമില്ല. ഈ കോവിഡ് കാലത്ത് ചുറുചുറുക്കോടെ വര്‍ക്ക് ഔട്ട് ചെയ്യുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒരു പ്രോജക്ടിന് മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം 4 മുതല്‍ എട്ടര കോടി വരെയാണ്. പട്ടികയിലെ മൂന്നാം സ്ഥാനത്തെത്തിയ നടന്‍ ഫഹദ് ഫാസില്‍. സ്വതസിദ്ധമായ തന്റെ അഭിനയ ശൈലി മലയാളത്തിലെ മറ്റ് യുവ നടന്‍മാരില്‍ നിന്നും ഫഹദിനെ വേറിട്ട് നിര്‍ത്തുന്നു. ഏറ്റവും ഒടുവിലായി ഫഹദിന്റേതായി പുറത്തിറങ്ങിയ പടം ജോജിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് കോടി മുതല്‍ ആറ് കോടി വരെയാണത്രേ ഫഹദ് ഒരു സിനിമയ്ക്കായി വാങ്ങുന്നത്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമയ്ക്കായ് ദുല്‍ഖര്‍ വാങ്ങുന്നത് മൂന്ന് മുതല്‍ അഞ്ച് കോടി വരെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ പൃഥ്വിരാജ് ഇന്ന് ഇന്‍ഡസ്ട്രിയിലെ മുന്‍നിര നടന്‍ മാത്രമല്ല, മികച്ച സംവിധായകരില്‍ ഒരാള്‍ കൂടിയാണ്. ഇപ്പോള്‍. മൂന്ന് മുതല്‍ അഞ്ച് കോടി വരെയാണ് പൃഥ്വിരാജും ഒരു പ്രൊജക്ടിനായി വാങ്ങാറുള്ളത്.