ആലുവ-പ്രേമം സിനിമയിലെ ഹിറ്റ് കഥാപാത്രമായ മലര്‍ മിസ് എന്ന കഥാപാത്രത്തിനു വേണ്ടി ആദ്യം പരിഗണിച്ചതു നടി അസിനെ ആയിരുന്നുവെന്നു സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. എന്തുകൊണ്ടാണു താങ്കളുടെ സിനിമകളില്‍ എപ്പോഴും ഒരു തമിഴ് ടച്ച് വരുന്നത് എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കവേയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
തിരക്കഥയുടെ ആദ്യ ഘട്ടത്തില്‍ മലര്‍ എന്ന കഥാപാത്രം ഫോര്‍ട്ട് കൊച്ചിക്കാരിയായിരുന്നുവെന്നും അസിനെ ബന്ധപ്പെടാന്‍ കഴിയാതിരുന്നതോടെ ആ കഥാപാത്രത്തിനു തമിഴ് ടച്ചു നല്‍കുകയായിരുന്നുവെന്നും അല്‍ഫോന്‍സ് പറഞ്ഞു. തമിഴ് ഭാഷയുടെ സ്വാധീനം നിങ്ങളുടെ മുമ്പുള്ള സിനിമകളില്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും മലര്‍ എന്ന കഥാപാത്രം, പശ്ചാത്തലമായി വരുന്ന തമിഴ് ഗാനങ്ങള്‍. നിങ്ങളുടെ ചെന്നൈ ജീവിതവും അവിടെയുള്ള സുഹൃത് വലയങ്ങളും നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാം, അത് നിങ്ങളുടെ സിനിമയിലും പ്രതിഫലിച്ചിരിക്കാം. പ്രേമം സിനിമയില്‍ ഇതു നന്നായി ഇഴ ചേര്‍ന്നു. കോളേജ് സീക്വന്‍സ്, ആക്ഷന്‍, ഡാന്‍സ്, തമിഴ് സംസാരിക്കുന്ന നായിക ഇതൊക്കെ പ്രത്യേകതകളാണ്. മലയാളം സിനിമയിലെ തമിഴ് ഭാഷയുടെ സ്വാധീനത്തെ എങ്ങനെ കാണുന്നു. മലര്‍ എന്ന കഥാപാത്രം മലയാളി പെണ്‍കുട്ടിയായിരുന്നെങ്കില്‍ എങ്ങനെ ആയേനെ?' എന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം.
ഇതോടെ മറുപടിയുമായി അല്‍ഫോണ്‍സ് എത്തി. തിരക്കഥ എഴുതുന്ന ആദ്യ ഘട്ടത്തില്‍ ആ കഥാപാത്രം മലയാളിയായിരുന്നെന്നും അസിനെയാണ് മലര്‍ എന്ന കഥാപാത്രമായി താന്‍ ആഗ്രഹിച്ചതെന്നും അല്‍ഫോണ്‍സ് പറഞ്ഞു. ഫോര്‍ട്ടുകൊച്ചിക്കാരിയായിരുന്നു ആ കഥാപാത്രം. പക്ഷേ എനിക്ക് അസിനെ കോണ്ടാക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. നിവിന്‍ പോളിയും അസിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ കിട്ടിയില്ല. പിന്നീടാണ് എനിക്ക് മറ്റൊരു ഐഡിയ തോന്നിയതും മലര്‍ മിസിന് തമിഴ് ടച്ച് നല്‍കിയതും. തിരക്കഥയുടെ തുടക്കത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്. പിന്നെ, തമിഴ് ഭാഷയുമായി ശക്തമായ ഒരു ബന്ധം വരാന്‍ കാരണം, ഞാന്‍ ചെറുപ്പത്തില്‍ പഠിച്ചത് എല്ലാം ഊട്ടിയിലാണ്. സിനിമാ പഠനത്തിനായി ചെന്നൈയിലായിരുന്നു ബാക്കിയുള്ള കാലം. അതാണ് തമിഴും ഞാനുമായുള്ള ബന്ധം, അല്‍ഫോന്‍സ് വ്യക്തമാക്കി.