സ്വന്തം ജീവിതാനുഭവങ്ങൾ സിനിമയ്ക്ക് ഇതിവൃത്തമാക്കിയ ഒരു കലാസ്‌നേഹിയാണ് ഡോ. സിജു വിജയൻ. സംവിധായകനും നിർമാതാവുമെല്ലാമായ അദ്ദേഹം ഒരുക്കിയ 'ഇൻഷ' എന്ന ചലച്ചിത്രം വീൽ ചെയറിൽ ജീവിതം തളച്ചിടപ്പെട്ട ഒരു പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. അനുദിനം പേശികളുടെ ബലം കുറയുന്ന സ്‌പൈനൽ മസ്‌കുലാർ അസ്‌ട്രോഫി രോഗത്താൽ അരയ്ക്കു കീഴ്‌പോട്ട് തളർന്ന് വീൽചെയറിൽ കഴിയുന്നയാളാണ് ഡോ. സിജു വിജയൻ.
വീൽചെയറിലിരുന്ന് സ്വന്തം ജീവിതം മാറ്റിയെഴുതിയ ഒരു 13 കാരിയുടെ സ്വപ്നങ്ങളും അതിനായുള്ള പരിശ്രമങ്ങളുമാണ് ഇൻഷ എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം. കായലുകളാൽ ചുറ്റപ്പെട്ട ഒരു കൊച്ചുഗ്രാമത്തിലാണ് ഇൻഷയുടെ കഥ നടക്കുന്നത്. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടതാണ് ജീവിതമെങ്കിലും അവളുടെ മനസ്സിൽ ഏറെ സ്വപ്നങ്ങളുണ്ട്. അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായി അവളുടെ കൂട്ടുകാർ പരിശ്രമിക്കുന്നതും അതിനിടയിലുണ്ടാകുന്ന പ്രതിബന്ധങ്ങളും ചിത്രം വരച്ചുകാട്ടുന്നു. മാത്രമല്ല, ജീവിതത്തിൽ നിസ്സഹായരായിപ്പോയ ഒരമ്മയുടെയും മകളുടെയും ആത്മബന്ധത്തിന്റെ കഥകൂടിയാണ് ഇൻഷ പറയുന്നത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഇൻഷയെ അവതരിപ്പിക്കുന്നത് തൃശൂരിനടുത്തെ മാളയിലെ പ്രാർഥന സന്ദീപാണ്. ജീവിതത്തിൽ അവൾ അനുഭവിക്കുന്ന നിസ്സഹായാവസ്ഥയും രോഗകാഠിന്യത്താൽ അനുഭവിക്കുന്ന വേദനയുമെല്ലാം ആരേയും വേദനിപ്പിക്കും. ഇൻഷയായി ജീവിക്കുകയായിരുന്ന പ്രാർഥന ഒരു ഇരുത്തംവന്ന അഭിനേത്രിയുടെ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
മാളയിലെ ഡോ. രാജു ഡേവിഡ് ഇന്റർനാഷനൽ സ്‌കൂളിലെ ഈ ഒമ്പതാം ക്ലാസുകാരി അഭിനയരംഗത്ത് ഏറെകാതം മുന്നേറിക്കഴിഞ്ഞു. ബാലതാരമായി 14 ചിത്രങ്ങളിൽ വേഷമിട്ട പ്രാർഥന ഇതിനകംതന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പമെല്ലാം അഭിനയിച്ചു. മാത്രമല്ല, അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുക്കാനും ഈ കൊച്ചുകലാകാരിക്ക് കഴിഞ്ഞിരിക്കുന്നു.
കുട്ടിക്കാലംതൊട്ടേ സിനിമയെ മനസ്സിൽ പ്രതിഷ്ഠിച്ചുനടന്ന പ്രാർഥനയുടെ ഇഷ്ടവിനോദം നടീനടന്മാരെ അനുകരിക്കുക എന്നതായിരുന്നു. ആകാശവാണിയിൽ കഥകൾ അവതരിപ്പിച്ചിരുന്ന അമ്മൂമ്മയാണ് പ്രാർഥനയുടെ സിനിമാമോഹങ്ങൾക്ക് ചിറകുകൾ നൽകിയത്. ഒഡീഷനുകൾക്ക് കൊണ്ടുപോയതും സംവിധായകർക്ക് ഫോട്ടോകൾ അയച്ചുകൊടുത്തിരുന്നതും അവരായിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് ഒരുക്കിയ ആൽബത്തിലൂടെയാണ് പ്രാർഥന ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്. പിന്നീട് ഒരു പ്രമുഖ ചാനലിൽ മാന്ത്രികൻ മുതുകാടിനൊപ്പം കുട്ടികളുടെ ഷോയിലും പങ്കാളിയായി.
മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. ചിത്രത്തിൽ ആര്യയുടെ ബന്ധുവായാണ് അഭിനയിച്ചത്. തുടർന്ന് ഡോ. പി.വി. ജോസിന്റെ ഖരം എന്ന ചിത്രത്തിലും വേഷമിട്ടു. 70 കളിലെ ജന്മി കുടിയാൻ ബന്ധത്തിന്റെ കഥ പറഞ്ഞ ഖരത്തിൽ ജന്മിയുടെ മകളായ ആദിത്യയെന്ന കഥാപാത്രത്തെയാണ് പ്രാർഥന അവതരിപ്പിച്ചത്. ബെൽജിയം ഇന്റർനാഷനൽ എം.എം.പി ചലച്ചിത്രോത്സവത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ഖരത്തിലൂടെ സ്വന്തമാക്കാനും പ്രാർഥനയ്ക്കു കഴിഞ്ഞു.
ഡൊമിൻ ഡിസിൽവ സംവിധാനം ചെയ്ത പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ മാളുവിന്റെ വേഷമാണ് പ്രാർഥനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ആശാ ശരത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ജയസൂര്യ ചിത്രമായ ഞാൻ മേരിക്കുട്ടിയിൽ ജുവൽ മേരിയുടെ മകളുടെ വേഷമായിരുന്നു.
ഞാൻ മേരിക്കുട്ടി കണ്ടാണ് പൃഥ്വിരാജ് ലൂസിഫറിലേയ്ക്ക് ക്ഷണിച്ചത്. ചിത്രത്തിൽ ഇന്ദ്രജിത്തിന്റെയും ശിവദയുടെയും മകളായി വേഷമിട്ടു. ജിജു അശോകന്റെ പ്രേമസൂത്രം, മനോജ് വർഗീസിന്റെ ക്യൂബൻ കോളനി, ജിബി ജോജുവിന്റെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ഇട്ടിമാണിയിൽ ജോണി ആന്റണിയുടെ മകളുടെ വേഷമായിരുന്നു.
ഒടുവിൽ പുറത്തിറങ്ങിയ ഇൻഷയുടെ ജീവിതം ഒരിക്കലും മറക്കാനാവില്ലെന്ന് പ്രാർഥന പറയുന്നു. അമ്മൂമ്മയോടൊപ്പം ഒഡീഷനെത്തിയപ്പോൾ ചിത്രത്തിലെ ഒന്നുരണ്ടു രംഗങ്ങൾ അഭിനയിപ്പിച്ചിരുന്നു. കഥ കേട്ടപ്പോൾ ഏറെ ഇഷ്ടമായ ആ കഥാപാത്രം തനിക്കുതന്നെ അവതരിപ്പിക്കണമെന്ന് അവൾ മോഹിച്ചു. ഒഡീഷൻ കഴിഞ്ഞപ്പോൾ പ്രാർഛനയ്ക്കുതന്നെ നറുക്കു വീഴുകയായിരുന്നു.
ഇൻഷയുടെ വേഷം ശരിക്കുമൊരു വെല്ലുവിളിയായിരുന്നുവെന്ന് പ്രാർത്ഥന പറയുന്നു. വീൽചെയറിൽ യാത്ര ചെയ്തു പഠിക്കാനായിരുന്നു ആദ്യശ്രമം. സംവിധായകനായ സിജുസാറിന്റെ ഓരോ ചലനവും ശ്രദ്ധിക്കുമായിരുന്നു. ഒട്ടും കുലുങ്ങാതെ വീൽചെയറിൽ കാൽവയ്ക്കുന്നതും ശ്രദ്ധിച്ചിരുന്നു.
ആ ശ്രമം വിജയം കണ്ടതോടെ കൊച്ചി സ്ലാങ്ങിലുള്ള സംസാരമായിരുന്നു പഠിക്കേണ്ടിയിരുന്നത്. അതിനായി അമ്മയുടെ വീട്ടിൽ ചെന്നുനിന്ന് കൊച്ചി ഭാഷ വശത്താക്കി. മൂന്നു മാസത്തെ പരിശീലനം കഴിഞ്ഞാണ് സിനിമ തുടങ്ങിയത്. ചിത്രത്തിൽ അമ്മയായും അമ്മൂമ്മയായും മാമനായുമെല്ലാം വേഷമിട്ടവർ നൽകിയ പ്രോത്സാഹനം ചെറുതായിരുന്നില്ലെന്നും പ്രാർഥന പറയുന്നു. അതുകൊണ്ടുതന്നെ വളരെ ആസ്വദിച്ചായിരുന്നു ഇൻഷയെ അവതരിപ്പിച്ചത്.
ഇൻഷയിൽ വള്ളത്തിൽ യാത്രപോകുന്ന ഒരു സീനുണ്ടായിരുന്നു. നിർഭാഗ്യവശാൽ മഴയിൽ വള്ളം ആടിയുലഞ്ഞപ്പോൾ എല്ലാവരും വെള്ളത്തിൽ വീണു. വീൽചെയറും മറിഞ്ഞുവീണപ്പോൾ അതിനിടയിൽപ്പെട്ട് കാലിൽ പൊട്ടലുണ്ടായി. ഡോക്ടറായ സിജുസാർ തന്നെയായിരുന്നു ചികിത്സിച്ചത്.
ഇൻഷയ്ക്കുശേഷം ജയ് ജിതിൻ പ്രകാശ് സംവിധാനം ചെയ്ത കൺഫഷൻ ഓഫ് കുക്കൂസ് എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ വിഷയമാക്കിയ ഈ ചിത്രത്തിൽ അന്നയെയാണ് അവതരിപ്പിച്ചത്. തുടർന്ന് അരവിന്ദ് രാജേന്ദ്രന്റെ ഫാദർ പ്രോമിസ് എന്ന ഹ്രസ്വചിത്രത്തിലും വേഷമിട്ടു. മികച്ച ബാലതാരം ഉൾപ്പെടെ ആറ് പുരസ്‌കാരങ്ങളാണ് ഈ ഹ്രസ്വചിത്രത്തിന് ലഭിച്ചത്.
സിവപ്പ് മഞ്ഞൾ പച്ചൈ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേയ്ക്കുള്ള ചുവടുവയ്പ്. പിച്ചൈക്കാരൻ എന്ന ചിത്രത്തിന്റെ സംവിധായകനായ ശശിയാണ് ഈ ചിത്രവും ഒരുക്കിയത്. ലിജോമോൾ ആദ്യമായി തമിഴിൽ നായികയായി അരങ്ങേറുന്ന ചിത്രം കൂടിയാണിത്. ലിജോമോളാണ് പ്രാർഥനയ്ക്കുവേണ്ടി ശുപാർശ ചെയ്തത്. പ്രേമസൂത്രം എന്ന ചിത്രത്തിൽ ലിജോമോളുടെ കുട്ടിക്കാലം അവതരിപ്പിച്ചത് പ്രാർഥനയായിരുന്നു. ആ അടുപ്പമാണ് തമിഴിലും തുണയായത്.
ഈറോഡ് സൗന്ദർ തിരക്കഥയും സംവിധാനവും നിർവഹിച്ച അയ്യ ഉള്ളെൻ അയ്യ എന്ന കുട്ടികളുടെ ചിത്രത്തിൽ നായികാവേഷത്തിലാണ് പ്രാർഥനയെത്തിയത്. സംവിധായകൻ കെ.എസ്. രവികുമാറും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് ആന്റണിയും റിതിക സിംഗും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മകളായി പ്രാർഥനയുമെത്തുന്നു. കൂടാതെ വികൃതിയുടെ സംവിധായകനായ എം.സി. ജോസഫിന്റെ പേരിടാത്ത ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. അന്ന ബെൻ, അർജുൻ അശോകൻ എന്നിവരാണ് ഇതിൽ മുഖ്യകഥാപാത്രങ്ങളാകുന്നത്. തമിഴ് നടൻ സത്യരാജിന്റെ ഒരു വെബ് സീരീസിലും വേഷമിടുന്നുണ്ട്.
തെലുങ്കിലേയ്ക്കുള്ള ചുവടുവയ്പിന് കളമൊരുങ്ങിയപ്പോഴാണ് കോവിഡ് വില്ലനായത്. പുലിമുരുകനിലെ വില്ലനായ ഡാഡി ഗിരിജയെ അവതരിപ്പിച്ച ജഗപതി ബാബുവിനോടൊപ്പമായിരുന്നു തെലുങ്കിൽ അഭിനയിക്കാനിരുന്നത്. ഈ മാസം ചിത്രീകരണം ആരംഭിക്കാനിരുന്നെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.
കേരള ഇലക്ട്രിസിറ്റി ബോർഡിൽ ഓവർസിയറായ സന്ദീപിന്റെയും വീട്ടമ്മയായ ഉണ്ണിമായയുടെയും ഏകമകളാണ് പ്രാർഥന. പഠനത്തിൽ മിടുക്കിയായ പ്രാർഥനയ്ക്ക് ഐ.എ.എസ് നേടണമെന്ന ലക്ഷ്യവുമുണ്ട്. സ്‌കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും തികഞ്ഞ സഹകരണമാണ് അഭിനയരംഗത്ത് നിലയുറപ്പിക്കാൻ സഹായിക്കുന്നതെന്നും നയൻതാരയുടെ കട്ടഫാനായ പ്രാർഥന പറയുന്നു.