കോവിഡ് ബോധവത്കരണത്തിന് അധികാരികൾ പല മാർഗങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ വേറിട്ട ഒരു ഹ്രസ്വചിത്രവുമായി തൃശൂരിൽ നിന്ന് ഒരു സിവിൽ പോലീസ് ഓഫീസർ. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിലെ സിവിൽ പോലീസ് ഓഫീസറായ കെ. അരുൺ ഒരുക്കിയ മെന്റർ എന്ന മൈക്രോ മൂവി കണ്ടു കഴിയുന്ന പ്രേക്ഷകർ കോവിഡ് മുൻകരുതലുകൾ എന്തായാലും എടുത്തിരിക്കും. യൂ ട്യൂബടക്കം സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്ത നാല് മിനിറ്റ് മാത്രമുള്ള ഈ മൈക്രോ മൂവിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
മാസ്‌ക് ധരിക്കണമെന്നും സാനിറ്റൈസർ ശീലമാക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും മറ്റുമുള്ള നിർദ്ദേശങ്ങൾ കേട്ടു കേട്ടു മടുത്ത് അതെല്ലാം ലംഘിച്ച് പുറത്തിറങ്ങുന്ന ഒരാളാണ് മെന്ററിലെ രണ്ടു കഥാപാത്രങ്ങളിലൊരാൾ. ക്ലൈമാക്‌സിൽ അയാൾ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്ന ഷോട്ടിലാണ് മെന്റർ പൂർണമാകുന്നത്. നാലുമിനുറ്റിനുള്ളിൽ വലിയൊരു കഥ തന്നെ പറഞ്ഞവസാനിപ്പിക്കാൻ എഴുത്തുകാരനും സംവിധായകനുമായി ഇതിനകം ശ്രദ്ധേയനായ അരുണിന് സാധിച്ചിട്ടുണ്ട്. സാധാരണ മൊബൈൽ ഫോണിലാണ് സ്‌പോട്ട് ഡബ്ബിംഗോടെ മെന്റർ ചിത്രീകരിച്ചതെന്ന് അരുൺ പറഞ്ഞു. സി.പി.ഒമാരായ ലിജിൻരാജ്, കെ.പി.സുജിത്ത് എന്നിവരാണ് മെന്ററിലെ പേരില്ലാത്ത രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇരവിമംഗലം ഗ്രാമീണ വായനശാലയുടെ സജീവ പ്രവർത്തകനായ അരുൺ തന്റെ ഔദ്യോഗിക തിരക്കുകൾക്കിടയിൽ സംവിധാനം ചെയ്ത ശേഷിപ്പുകൾ എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ട്രാഫിക് നിയമങ്ങളുടെ അവബോധനത്തിന്റെ ഭാഗമായി തൃശൂർ സിറ്റി പോലീസിനു വേണ്ടി യഥാർത്ഥ റോഡപകടങ്ങളെ ആസ്പദമാക്കിയാണ് ശേഷിപ്പുകൾ ഒരുക്കിയത്.
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ തൃശൂർ സിറ്റി പോലീസ് തന്നെ നിർമിച്ച ലാസ്റ്റ് കോൾ എന്ന ഹ്രസ്വചിത്രത്തിൽ നടൻ സുനിൽ സുഗദയ്‌ക്കൊപ്പവും, സിനിമ സംവിധായകൻ സുദീപ് ഇയെസ് സംവിധാനം ചെയ്ത ഇനി ഞാൻ പറയട്ടെ എന്ന ഹ്രസ്വചിത്രത്തിലും അരുൺ അഭിനയിച്ചിട്ടുണ്ട്.
മരിച്ചവരുടെ ഇടത്താവളം എന്ന ചെറുകഥാ സമാഹാരവും അരുണിന്റേതായി കഴിഞ്ഞ വർഷം പുറത്തു വന്നു.