മുംബൈ-കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ജി.എസ്.ടി നല്‍കാന്‍ താല്‍പര്യമില്ലെന്ന് നടി മീര ചോപ്ര. മീരയുടെ രണ്ട് അടുത്ത ബന്ധുക്കള്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഭരണകൂടത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. എന്റെ ഏറ്റവുമടുത്ത കസിന്‍സിനെ എനിക്ക് നഷ്ടമായിരിക്കുന്നു. കോവിഡല്ല കാരണം, മതിയായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍. അപ്രതീക്ഷിതമായി ഓക്‌സിജന്‍ നില കുറഞ്ഞതിനാല്‍ ശ്വാസംമുട്ടിയാണ് മരിച്ചത്. എന്തൊരു അവസ്ഥയാണെന്ന് നോക്കൂ. ഓക്‌സിജനില്ല, കോവിഡ് രോഗികള്‍ക്ക് കിടക്കാന്‍ മെത്തയില്ല, മരുന്നില്ല. ഇതെല്ലാം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കേണ്ടതായിരുന്നു.
എന്നാല്‍ ഒന്നും ചെയ്യുന്നില്ല. ഒരാഴ്ചയ്ക്കിടെ എന്റെ വീട്ടില്‍ രണ്ട് മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. എനിക്ക് ആശുപത്രിയില്‍ ശ്വസിക്കാന്‍ ഓക്‌സിജനും കിടക്കാന്‍ മെത്തയും ഇല്ലെങ്കില്‍ ഞാന്‍ ജി.എസ്.ടി അടക്കുകയില്ല- മീര കുറിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്താണ് മീരയുടെ കുറിപ്പ്. റീമൂവ് ജി.എസ്.ടി എന്ന ഹാഷ് ടാഗും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.