മുംബൈ- കോവിഡ് പ്രതിരോധത്തില്‍ നിരവധി താരങ്ങളാണ് രാജ്യത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം നല്‍കിയിരിക്കുകയാണ് ഗായിക ലതാ മങ്കേഷ്‌കര്‍. ഏഴ് ലക്ഷം രൂപയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ലതാ മങ്കേഷ്‌കര്‍ നല്‍കിയത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ലതാ മങ്കേഷ്‌കര്‍ കാണിച്ച മനസിന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നന്ദി അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വാക്‌സിനേഷന്‍ എല്ലാവര്‍ക്കും നല്‍കുന്നതിനും ആവശ്യമായ തുക കണ്ടെത്താന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ തന്നാലാകും വിധം എല്ലാവരും ശ്രമിക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു.
ഈ ആഴ്ചയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രണ്ട് കോടി രൂപ വിധം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തിരുന്നു. മറ്റുള്ള നിയമസഭാംഗങ്ങള്‍ അടക്കമുള്ളവര്‍ അവരുടെ ശമ്പള വിഹിതവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും 18നും 44നും ഇടയില്‍ പ്രായമുള്ള 5.70 കോടി ആളുകള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ ഉപ മുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചിരുന്നു. ഇതുവരെ മഹാരാഷ്ട്രയില്‍ 68813 കോവിഡ് മരണവും 4602472 പേര്‍ക്ക് വൈറസ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.