Sorry, you need to enable JavaScript to visit this website.

തിയേറ്ററുകളില്‍ കാണികള്‍ കുറഞ്ഞു;  സിനിമാമേഖല വീണ്ടും പ്രതിസന്ധിയില്‍

കൊച്ചി- ഏറെക്കാലത്തെ അടച്ചിടലിന് ശേഷം തുറന്ന സംസ്ഥാനത്തെ സിനിമ തിയേറ്ററുകള്‍ കോവിഡിന്റെ രണ്ടാം വരവില്‍ വീണ്ടും പ്രതിസന്ധിയില്‍. വിഷുക്കാലത്ത് കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങിയതോടെ നഷ്ടം നികത്താന്‍ ഒരുങ്ങിയിറങ്ങിയ തീയേറ്ററുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ തിരിച്ചടിയായി. തുറന്നിട്ട് മാസങ്ങളായെങ്കിലും സിനിമ തിയേറ്ററുകളിലെ ആളനക്കം ആരവമായിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ വിഷുച്ചിത്രങ്ങള്‍ നിറഞ്ഞോടി തുടങ്ങുമ്പോഴേക്കാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയെത്തിയത്.
നായാട്ട്, ചതുര്‍മുഖം, നിഴല്‍, കര്‍ണന്‍ എന്നിങ്ങനെ മികച്ച അഞ്ചോളം വിഷുച്ചിത്രങ്ങളെത്തിയിട്ടും കോവിഡ് കേസുകള്‍ കൂടിയതോടെ തിയേറ്ററുകളില്‍ കാണികള്‍ കുറഞ്ഞു. ഈ വിധം പോയാല്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന ഉത്സവകാലം ഗുണപ്പെടാതെ പോകുമോയെന്ന ആശങ്കയിലാണ് തിയേറ്റര്‍ ഉടമകള്‍.നോമ്പുകാലം തുടങ്ങിയതും തിയേറ്ററുകളെ തളര്‍ത്തും. മലബാര്‍ മേഖലയില്‍ ഭൂരിപക്ഷം തിയേറ്ററുകളിലും കാണികള്‍ വളരെ കുറയും. തിയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെത്തുമെന്ന പ്രതീക്ഷയില്‍ കൂടുതല്‍ ചിത്രങ്ങള്‍ തിയേറ്ററിലെത്തിച്ചെങ്കിലും കോവിഡും വേനല്‍ മഴയുമടക്കം കാണികളെ വിഷുക്കാലത്തും വീട്ടില്‍ത്തന്നെയിരുത്തുമോയെന്ന ആശങ്കയിലാണ് സിനിമാശാല  ഉടമകള്‍. ഇതിനൊക്കെ പുറമേയാണ് സര്‍ക്കാര്‍ പുതുതായി കൊണ്ടു വരുന്ന കോവിഡ് നിയന്ത്രണങ്ങള്‍. രാത്രി 9ന് ഹോട്ടലുകള്‍ അടച്ചിടണമെന്ന് നിര്‍ദേശിച്ച സര്‍ക്കാര്‍ ഏത് നിമിഷവും സെക്കന്റ് ഷോയ്ക്കുള്ള അനുമതിയും റദ്ദാക്കാനിടയുണ്ട്. തിയേറ്റര്‍ ഉടമകളുടെ കണക്ക് പ്രകാരം കലക്ഷനില്‍ അറുപത് ശ്തമാനവും ഈ ഷോയിലൂടെയാണ് ലഭിക്കുന്നത്. 
 

Latest News