Sorry, you need to enable JavaScript to visit this website.

ആലാപന സപര്യയുടെ  കാൽ നൂറ്റാണ്ട് 

മധു ബാലകൃഷ്ണൻ


പാട്ടിന്റെ ലോകത്ത് അഭിരമിക്കാൻ തുടങ്ങിയിട്ട് 25 വത്സരം പിന്നിടുന്നു ഗായകൻ മധു ബാലകൃഷ്ണൻ. ഭാഷാഭേദമില്ലാതെ ജീവിതംതന്നെ പാട്ടിനായി സമർപ്പിച്ച വ്യക്തിത്വം. 
മലയാളം മാത്രമല്ല, തമിഴും തെലുങ്കും കന്നഡയും തുളുവും ബംഗാളിയും സൗരാഷ്ട്രയും ഹിന്ദിയുമെല്ലാമായി അഞ്ഞൂറോളം ഗാനങ്ങളാണ് ആ കണ്ഠത്തിലൂടെ ഒഴുകിയെത്തിയത്. ആലാപനത്തിന്റെ സിൽവർ ജൂബിലി വർഷത്തിൽതന്നെ സംഗീതസംവിധാനത്തിലേയ്ക്കും കടന്നിരിക്കുകയാണ് ഈ ഗായകൻ.
എന്നും തിരക്കിന്റെ ലോകത്താണ് മധു ബാലകൃഷ്ണൻ. റെക്കോർഡിംഗുകളുടെയും റിയാലിറ്റി ഷോകളുടെയുമെല്ലാം തിരക്കുകളിൽ മുഴുകിയുള്ള ജീവിതം. അവിചാരിതമായി കിട്ടിയ ഇടവേളയിൽ തൃപ്പൂണിത്തുറയിലെ മാധവം എന്ന വീട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കവേയാണ് അദ്ദേഹം മനസ്സ് തുറന്നത്.

ആലാപന രംഗത്തെ സിൽവർ ജൂബിലിയെ എങ്ങനെ കാണുന്നു?
സിനിമയിൽ പാടിത്തുടങ്ങിയിട്ട് 25 വർഷമായി എന്നു വിശ്വസിക്കാൻ കഴിയുന്നില്ല. ദൈവഭാഗ്യം എന്നല്ലാതെ എന്തുപറയാൻ. ഇത്രയും വർഷം സംഗീത രംഗത്ത് നിലയുറപ്പിക്കാൻ കഴിഞ്ഞതിനെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കുക. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തണം എന്നാണ് പ്രാർഥന.

ആലാപന രംഗത്തേയ്ക്കു കടന്നുവന്നത്?
ചെന്നൈയിൽ ജി.വി. ഗോപാലകൃഷ്ണൻ സാറിന്റെ അക്കാദമി ഓഫ് ഇന്ത്യൻ മ്യൂസിക്‌സിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഗീത സംവിധായകനായ ഷാ പുതിയൊരു ഗായകനെ അന്വേഷിച്ച് അവിടെ എത്തിയത്. ഗുരുനാഥൻ എന്റെ പേരാണ് നിർദേശിച്ചത്. വിജയകാന്ത് നായകനായ ഉഴവുതുറൈ എന്ന തമിഴ് ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചത് അങ്ങിനെയായിരുന്നു. ചിത്ര ചേച്ചിയോടൊപ്പം 'ഉള്ളത്തിൽ തിറന്ത്' എന്ന ഗാനമായിരുന്നു ആലപിച്ചത്.


ഇളയരാജക്കും വിദ്യാസാഗറിനുമൊപ്പമുള്ള അനുഭവങ്ങൾ?
ഭാരതി എന്ന ചിത്രത്തിലൂടെയാണ് ഇളയരാജ സാറിന്റെ പാട്ടുകൾ പാടിയത്. ഇതിൽ രണ്ടു പാട്ടുകളാണ് പാടിയത്. തുടർന്ന് അദ്ദേഹത്തിന്റെ ഒട്ടേറെ മലയാളം ഗാനങ്ങളും പാടാൻ അവസരം ലഭിച്ചു. ചിട്ടയും കൃത്യനിഷ്ഠയും പുലർത്തുന്ന അദ്ദേഹത്തിന്റെ പാട്ടുകൾ കംപോസ് ചെയ്തതിനപ്പുറം പോകാൻ അനുവദിക്കില്ല.
വിദ്യാസാഗർ സാറിനെ പരിചയപ്പെടുത്തിയത് വർക്കലയിലെ സൂര്യനാരായണസ്വാമിയാണ്. ഒരിക്കൽ അദ്ദേഹം ചെന്നൈയിലേയ്ക്കു ക്ഷണിച്ചു. പാർത്ഥിപൻ കനവ് എന്ന ചിത്രത്തിലെ 'കനാകണ്ടേനെടി തോഴീ' എന്ന ഗാനമായിരുന്നു ആലപിച്ചത്. കരിയറിലെ സൂപ്പർഹിറ്റായിരുന്നു ആ ഗാനം.

ആശാ ഭോസ്ലേക്കൊപ്പവും പാടിയോ?
വിദ്യാസാഗർ സാർ ഈണം പകർന്ന ചന്ദ്രമുഖിയിലെ 'കൊഞ്ചനേരം' എന്ന ഗാനമാണ് ആശാ ജിക്കൊപ്പം പാടിയത്. ഡ്യുയറ്റ് ആയിരുന്നെങ്കിലും രണ്ടുപേരും രണ്ടു സമയത്തായാണ് പാടിയത്. ആശാജി അന്ന് ദുബായിലായിരുന്നു. അവരുടെ സൗകര്യാർത്ഥം അവർ വന്ന് പാടി. എന്നാൽ അടുത്ത ദിവസമാണ് ഞാൻ പാടാനെത്തിയത്. ഒന്നിച്ചു പാടാൻ കഴിഞ്ഞില്ലെങ്കിലും ഫോണിലൂടെ ആ പാട്ട് പാടിത്തന്നിട്ടുണ്ട്.

 

സിൽവർ ജൂബിലി വർഷം തന്നെ സംഗീതസംവിധാനത്തിനും ഹരിശ്രീ കുറിക്കാനായത്?
സംഗീത സംവിധാനം ആദ്യമായി ചെയ്യുന്നതല്ല. ഇതിനുമുമ്പ് ചില ആൽബങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. പ്രണയഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതമൊരുക്കിയിട്ടുണ്ട്. എന്നാൽ സിനിമയ്ക്കുവേണ്ടി ആദ്യമായാണ് സംഗീതമൊരുക്കുന്നത്. ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന മൈ ഡിയർ മച്ചാൻസ് എന്ന ചിത്രത്തിനുവേണ്ടിയാണ് സംഗീതമൊരുക്കുന്നത്. സുഹൃത്തും സൗണ്ട് എൻജിനീയറുമായ ഷിയാസാണ് അവസരം ഒരുക്കിയത്. അദ്ദേഹത്തിന്റെ നിർബന്ധത്തിലാണ് ഇതിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കാൻ തയാറായത്. സിനിമയിൽ ആദ്യമായി പാടിയത് ചിത്ര ചേച്ചിയോടൊപ്പമായിരുന്നു. ആദ്യസംവിധാനത്തിലുള്ള പാട്ടും പാടാൻ അവസരം ലഭിച്ചത് ചിത്ര ചേച്ചിയോടൊപ്പമായത് ഒരു നിയോഗമായിരിക്കാം. എന്തായാലും ഇതിന് അവസരം ഒരുക്കിയ എല്ലാവരോടും വളരെയധികം നന്ദിയുണ്ട്.

സംവിധാനത്തിനുവേണ്ട മുന്നൊരുക്കം?
പാലക്കാട്ടെ കൽപാത്തി അഗ്രഹാരം ആധാരമാക്കിയാണ് മൈ ഡിയർ മച്ചാൻ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അഗ്രഹാരത്തിന്റെ പശ്ചാത്തലം പാട്ടിനുമുണ്ടാവണം എന്നുപറഞ്ഞിരുന്നു. എസ്. രമേശൻ നായരാണ് വരികൾ എഴുതിയത്. തമിഴും മലയാളവും കലർന്നാണ് അദ്ദേഹം വരികൾ തയാറാക്കിയത്. 'പൂമുടിച്ച് പുതുമനെപ്പോലെ ദീപാവലിക്ക് പുതുമയ്, കണ്ണീരും മുത്താകും വരും...' എന്ന ഗാനം അഗ്രഹാരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചതും.

പാട്ട് പുറത്തിറങ്ങിയപ്പോൾ?
നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. സാഹചര്യത്തിന് അനുകൂലമായ സംഗീതമെന്നാണ് കണ്ടവരെല്ലാം പറഞ്ഞത്. നല്ലൊരു ഗായകൻ മാത്രമല്ല, സംഗീത സംവിധായകൻ കൂടിയാണ് മധുവെന്ന് പറഞ്ഞ് ചിത്ര ചേച്ചിയും അഭിനന്ദിച്ചു. നല്ലൊരു ഭാവി ആശംസിച്ച അവരുടെ വാക്കുകൾ കേട്ടപ്പോൾ ഏറെ സന്തോഷം തോന്നി. ഓഡിയോ ലോഞ്ച് കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞപ്പോൾ പത്തു ലക്ഷത്തോളം പേർ പാട്ട് കേട്ടുകഴിഞ്ഞു. ഇപ്പോൾ അതിലും ഏറെയായിക്കാണും. ആദ്യമായി സംഗീതം നൽകിയ ഗാനം പ്രേക്ഷകർ സ്വീകരിച്ചു എന്നറിയുമ്പോഴുണ്ടാകുന്ന സന്തോഷം പറയാനാവില്ല.

യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം?
പലരും പറഞ്ഞിട്ടുണ്ട്. തുടക്കത്തിൽ കുറച്ചുകാലം മാത്രമേ ആ സാമ്യം പറഞ്ഞിട്ടുള്ളു. എന്നെപ്പോലെ ഡെപ്ത് കൂടിയ ശബ്ദമുള്ളവരെ ദാസേട്ടനുമായാണ് പലരും സാമ്യം പറയുന്നത്. കുട്ടിക്കാലംതൊട്ടേ കേൾക്കുന്നതാണ് ദാസേട്ടന്റെ പാട്ടുകൾ. അതുകൊണ്ടാകാം ആ ശൈലി സ്വാധീനിച്ചത്.

 

ഗായകനോ സംഗീത സംവിധായകനോ എളുപ്പം?
വ്യത്യസ്തമായ മേഖലകളാണ് രണ്ടും. പാട്ടു പാടുന്നതും സംഗീതം നൽകുന്നതും എളുപ്പമുള്ള കാര്യമല്ല. രണ്ടും ആസ്വദിച്ചുതന്നെയാണ് ചെയ്യുന്നത്. ഗായകനാകുമ്പോൾ നന്നായി പാടിയാൽ മതി. എന്നാൽ സംഗീതം നൽകുമ്പോൾ അതിൽ ക്രിയേറ്റിവിറ്റി കൂടി ചേരുന്നുണ്ട്.

ഭാവി പദ്ധതികൾ?
ആലാപന രംഗത്ത് നിലയുറപ്പിക്കാനാണ് തീരുമാനം. എന്നാൽ അവസരം ഒത്തുവന്നാൽ സംഗീത സംവിധാനവും നിർവഹിക്കും. ശ്രോതാക്കൾ സ്വീകരിക്കുമെന്നു കരുതുന്ന പാട്ടുകൾക്ക് സംഗീതം നൽകും. എല്ലാം ശ്രോതാക്കളുടെ കൈയിലാണ്. അവരാണ് ഒരു കലാകാരനെ നിലനിർത്തുന്നത്.

 

കുടുംബ വിശേഷം?
അച്ഛൻ ബാലകൃഷ്ണനും അമ്മ ലീലാവതിക്കും സംഗീതം ഇഷ്ടമാണെങ്കിലും സംഗീത രംഗത്തേയ്ക്ക് കടന്നുവന്നിരുന്നില്ല. ഭാര്യ ദിവ്യ ചെറുപ്പകാലത്ത് സംഗീതം അഭ്യസിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സഹോദരിയാണ് ദിവ്യ. ഞങ്ങൾ ബന്ധുക്കളാണെങ്കിലും പ്രേമമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് ഒരു ചാനലിൽ റിയാലിറ്റി ഷോ അവതരിപ്പിച്ചതുകണ്ടാണ് വിളിച്ചുതുടങ്ങിയത്. അത് ക്രമേണ പ്രണയത്തിലേയ്ക്കും വിവാഹത്തിലുമെത്തുകയായിരുന്നു. മക്കൾ മാധവും മഹാദേവും.

ദാസേട്ടൻ കഴിഞ്ഞാൽ എന്റെ പാട്ടുകൾ വൃത്തിയായി പാടിക്കേട്ടത് മധു ബാലകൃഷ്ണനാണ് എന്ന് രവീന്ദ്രൻ മാസ്റ്റർ പറഞ്ഞിട്ടുണ്ട്. ഈ ആലാപനവിശുദ്ധി തന്നെയാണ് ഈ ഗായകനെ മറ്റുള്ളവരിൽനിന്നും വേറിട്ടുനിർത്തുന്നത്. 

Latest News