മുംബൈ- പോസ്റ്റര്‍ ഡിസൈനിലെ സാമ്യത മോഷണമാണെന്ന ആരോപണം ഉയര്‍ന്നതോടെ സിനിമയുടെ പോസ്റ്റര്‍ പിന്‍വലിച്ച് ബോളിവുഡ് നിര്‍മാതാക്കള്‍. എക്താ കപ്പൂര്‍ സ്ട്രീമിങ് സര്‍വീസിന് കീഴിലെ ആള്‍ട്ട് ബാലാജിയാണ് 'ഹിസ് സ്‌റ്റോറി' എന്ന സീരീസിന്റെ പോസ്റ്റര്‍ കോപ്പിയടിയാണെന്ന മറ്റൊരു സംവിധായകന്റെ ആരോപണത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. ലവ് എന്ന തന്റെ സിനിമക്ക് വേണ്ടി ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ അത് പോലെ ആള്‍ട്ട് ബാലാജി അവരുടെ ഷോയ്ക്ക് വേണ്ടി ഉപയോഗിച്ചതായി സുധാന്‍ഷും സാരിയ ആണ് ട്വിറ്ററില്‍ ഉയര്‍ത്തിയത്.
ആരോപണം കടുത്തതോടെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും പോസ്റ്റര്‍ നീക്കം ചെയ്യുന്നതായി ആള്‍ഡ് ബാലാജി അറിയിച്ചു. പോസ്റ്ററിലെ വിചിത്രമായ സാമ്യതയും സമാനതയും കേവലം യാദൃശ്ചികം എന്ന് എഴുതിത്തള്ളാന്‍ കഴിയില്ലെന്നും ഇത് തങ്ങളുടെ ഡിസൈനിങ് ടീമിന്റെ ഭാഗത്തു നിന്നുള്ളതാണെന്നും അതില്‍ തങ്ങള്‍ ക്ഷമ ചോദിക്കുന്നതായും ആള്‍ട്ട് ബാലാജി അറിയിച്ചു.
ആള്‍ട്ട് ബാലാജിയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും പോസ്റ്റര്‍ നീക്കം ചെയ്തതായും നിര്‍മാതാക്കള്‍ വ്യക്തമാക്കി. പോസ്റ്ററില്‍ മോഷണമാരോപണം ഉയര്‍ന്നതോടെ ബോളിവുഡ് സംവിധായകന്‍ വിക്രമാദിത്യ മോട്വാന സുധാന്‍ഷും സാരിയക്ക് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളിലൂടെ പിന്തുണ അറിയിച്ചിരുന്നു.