കൊയിലാണ്ടി- മമ്മൂട്ടി നായകനായി ഇന്ന് തിയറ്ററുകളിലെത്തിയ വണ്‍ സിനിമക്ക് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടേതായി എത്തിയ രാഷ്ട്രീയ ത്രില്ലര്‍ പക്ഷേ പുറത്തിറങ്ങുന്നതിന് മുമ്പേ വലിയ ആരോപണങ്ങളിലൂടെയാണ് കടന്നു പോയത്. സിനിമക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി വലിയ സാമ്യതയുണ്ടെന്ന് സമുഹ മാധ്യമങ്ങളില്‍ നിരവധി പേര് അഭിപ്രായം പങ്കുവെച്ചിരുന്നു.
ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ കാണിക്കുന്നത്. തിയറ്ററുകളിലെത്തിയ വണ്‍ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 'പാര്‍ട്ടി സംസ്ഥാന സെക്രട്ടറി' എന്ന ജോജു അവതരിപ്പിച്ച കഥാപാത്രം സെന്‍സറിംഗിന് ശേഷം 'പാര്‍ട്ടി അധ്യക്ഷന്‍' എന്ന പേരിലേക്ക് മാറി. 'സെക്രട്ടറിക്ക്' പകരം 'അധ്യക്ഷനെന്ന്' ഉപയോഗിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ സുഹൃത്ത് കൂടിയായ 'പാര്‍ട്ടി സെക്രട്ടറി' സെന്‍സര്‍ കട്ടിന് ശേഷം 'പാര്‍ട്ടി അധ്യക്ഷനായി' മാറുകയായിരുന്നു. രണ്ട് സീനുകളില്‍ 'പാര്‍ട്ടി സെക്രട്ടറി' എന്ന് പരാമര്‍ശിക്കുന്നത് മാറ്റി 'പാര്‍ട്ടി അധ്യക്ഷന്‍' എന്നാക്കിയാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശത്തെ അണിയറക്കാര്‍ മറികടക്കുന്നത്. കടക്കല്‍ ചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യം വരാതിരിക്കാന്‍ വേണ്ടിയാണ് സെന്‍സര്‍ ബോര്‍ഡ് തിരുത്ത് നിര്‍ദേശിച്ചത്.