ഇരിങ്ങല്‍- മികച്ച ചിത്രത്തിന്റെ ദേശീയ പുരസ്കാര നിറവില്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം നില്‍ക്കുമ്പോഴും തനിക്ക് ഒരു വലിയ സങ്കടമുണ്ടെന്ന് മോഹന്‍ലാല്‍. അഭിനയിച്ച ചിത്രമാണെങ്കിലും താന്‍ ഇതുവരെ പൂര്‍ണമായി മരയ്ക്കാര്‍ കണ്ടിട്ടില്ലെന്നും അതൊരു വലിയ സങ്കടമായി അവശേഷിക്കുകയാണ്. ചെറിയ ഭാഗം പോലും പുറത്തു പോകാതിരിക്കാനായിരുന്നു അത്. ഫൈനല്‍ പ്രിവ്യൂ എന്നത് ഇനിയും കാണാന്‍ പറ്റിയിട്ടില്ല. എല്ലാവരേയും പോലെ താനും അത് കാണാന്‍ കാത്തിരിക്കുകയാണ് എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരത്തിനു പുറമേ മികച്ച വിഷ്വല്‍ എഫക്ട്സിനുള്ള പുരസ്കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും മരക്കാര്‍ നേടിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്.
മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു.
മരക്കാര്‍ മെയ് 13നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് പറഞ്ഞിരുന്നു.മരക്കാര്‍ എന്നത് മലയാള സിനിമയുടെ ബാഹുബലിയാണെന്നാണ് ജൂറി അംഗം തന്നെ വിശേഷിപ്പിച്ചത്.