ജീപ്പ് റാംഗ്ളറിന്റെ 2021 മോഡൽ എത്തിയത് ദിവസങ്ങൾക്കു മുമ്പാണ്. ഈ വരവിന് പുതിയ ഫീച്ചറുകളും സവിശേഷതകളുമെല്ലാം കൂട്ടിച്ചേർത്തതിനപ്പുറം മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നേരത്തെ പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താണ് ജീപ്പ് റാംഗ്ളർ ഇവിടെ എത്തിച്ചിരുന്നത്. ഈ പതിവ് അവസാനിപ്പിച്ചു. പകരം ഇനിമുതൽ ഇന്ത്യൻ മണ്ണിൽ വെച്ച് അസംബ്ളിങ് നടക്കും. വിദേശത്തു നിന്ന് ഘടകഭാഗങ്ങൾ (Completely Knocked Down) ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ഇത് ജീപ്പിനെ സംബന്ധിച്ചിടത്തോളം വിപണിയിൽ വലിയ വ്യത്യാസമുണ്ടാക്കും. ഇതിന്റെ പ്രതിഫലനം വിലയിലും കാണാം.
ഇപ്പോൾ ജീപ്പ് റാംഗ്ളറിന്റെ അൺലിമിറ്റഡ് വേരിയന്റിന് വില 57.9 ലക്ഷം രൂപയാണ്. പൂർണമായും വിദേശത്തു നിർമിച്ച് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നപ്പോൾ വില നിന്നിരുന്നത് ഏറ്റവും താഴ്ന്ന വേരിയവന്റിന് 63.94 ലക്ഷവും ഉയർന്ന വേരിയന്റിന് 68.94 ലക്ഷം രൂപയുമായിരുന്നു.
റാംഗ്ളറിനു പിന്നാലെ ഗ്രാൻഡ് ഷെറോക്കിയുടെയും ഘടകഭാഗങ്ങൾ ഇന്ത്യയിലെത്തിച്ച് അസംബ്ൾ ചെയ്യിക്കാൻ ജീപ്പിന് പരിപാടിയുണ്ട്. പൂർണമായും വിദേശത്ത് നിർമിച്ച വാഹനത്തിന് ഇന്ത്യയിലെ ഇറക്കുമതി നികുതി 60 ശതമാനം മുതൽ 100 ശതമാനം വരെയാണ്. എൻജിന്റെ ശേഷി, വാഹനത്തിന്റെ വില തുടങ്ങിയവയെ ആസ്പദിച്ചാണിത്. എന്നാൽ ഘടകഭാഗങ്ങളായി ഇറക്കുമതി ചെയ്യുമ്പോൾ നികുതി 15 ശതമാനം മുതൽ 30 ശതമാനം വരെ കുറയും.
റൈറ്റ് ഹാൻഡ് വാഹനങ്ങളുടെ നിർമാണകേന്ദ്രമായി ഇന്ത്യയെ മാറ്റാൻ ജീപ്പിന് പദ്ധതിയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതിനെ ബലപ്പെടുത്തുന്ന നീക്കമാണ് റാംഗ്ളറിന്റെ സികെഡി പ്രവേശം. താമസിയാതെ ഇന്ത്യയിൽ പൂർണമായും നിർമാണം നടത്താൻ കഴിയുന്ന സാഹചര്യത്തിലേക്ക് മാറിയേക്കും ജീപ്പ്. ഇവിടെ നിന്ന് മറ്റ് റൈറ്റ് ഹാൻഡ് വിപണികളിലേക്ക് കയറ്റി അയയ്ക്കും. മഹാരാഷ്ട്രയിലെ രഞ്ജൻഗാവിലാണ് ജീപ്പിന് പ്ലാന്റുള്ളത്.