Sorry, you need to enable JavaScript to visit this website.

സ്ത്രീകളിലെ ഹൃദയാഘാതം ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് പഠനം

പാരിസ്- സ്ത്രീകളിലെ ഹൃദയ രോഗങ്ങളിലേക്ക് ആരോഗ്യരംഗത്തിന്റെ ശ്രദ്ധ വേണ്ടത്ര ചെല്ലുന്നില്ലെന്ന് പഠനം. വേണ്ടത്ര പഠനം നടക്കാത്ത ഒരു മേഖലയായി ഇത് ഇപ്പോഴും നിലനിൽക്കുന്നതായി യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി നടത്തിയ ഓൺലൈൻ സയന്റിഫിക് കോൺഗ്രസ്സിൽ അവതരിപ്പിക്കപ്പെട്ട പഠനത്തിലാണ് ഈ ഗൌരവമേറിയ പ്രശ്നം ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

നെഞ്ചുവേദന മുതൽക്കുള്ള ആദ്യലക്ഷണം മുതൽക്ക് സ്ത്രീകളിലെ ഹൃദയാഘാതം തിരിച്ചറിയപ്പെടാതിരിക്കുന്നതിലേക്കാണ് പഠനം വിരൽചൂണ്ടുന്നത്. ഹൃദയാഘാത സാധ്യത തിരിച്ചറിയുന്നകാര്യത്തിൽ പുരുഷന്മാരും സ്ത്രീകളും തമ്മിൽ വലിയ വിടവാണ് നിലനിൽക്കുന്നതെന്ന് പഠനം നടത്തിയ ഡോ. ജെമ്മ മാർട്ടിനസ് നദാൽ പറയുന്നു. സ്ത്രീകളും ഡോക്ടർമാരും ഹൃദയാഘാതം സംശയിക്കുന്നത് കുറവാണെന്ന് നദാൽ പറയുന്നു. രോഗവുമായി വരുന്നയാളുടെ യഥാർത്ഥ രോഗം തിരിച്ചറിയേണ്ട ഘട്ടം, നെഞ്ചുവേദനയുമായി അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികളെ പരിചരിക്കുന്ന ഘട്ടം, ഇവിടെ നിന്ന് അടിയന്തിര ചികിത്സാ വിഭാഗത്തിലേക്ക് നീക്കുന്ന ഘട്ടം എന്നിവയാണ് പഠന വിധേയമാക്കിയത്. ഹൃദയാഘാത സാധ്യത പഠിക്കുന്നതിനായി രക്തസമ്മർദ്ദം, അമിതവണ്ണം തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. 

ആകെ 41,828 പേരിലാണ് പഠനം നടത്തിയത്. ഇവരെല്ലാവരും നെഞ്ചുവേദനയുമായി വന്നവരായിരുന്നു. ഇതിൽ 42 ശതമാനമായിരുന്നു സ്ത്രീകൾ. സ്ത്രീകളുടെ ശരാശരി പ്രായം 65ഉം പുരുഷന്മാരുടെ ശരാശരി പ്രായം 59ഉം ആയിരുന്നു.  ഇവരിൽ സ്ത്രീകൾ രോഗലക്ഷണം കണ്ടതിനു ശേഷവും 12 മണിക്കൂറെങ്കിലും വൈകിയാണ് ആശുപത്രിയിലെത്തിയതെന്ന് പഠനം കണ്ടെത്തി. 41 ശതമാനം സ്ത്രീകളിലും ഇത് സംഭവിച്ചു. അതെസമയം പുരുഷന്മാരിൽ 37 ശതമാനം പേരിലാണ് ഇത്തരത്തിലുള്ള വൈകലുകളുണ്ടായത്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിന്റെ പ്രധാന ലക്ഷണമാണ് നെഞ്ചുവേദന എന്നതിനാൽത്തന്നെ ഈ വൈകൽ ആശങ്കാജനകമാണെന്ന് ഡോ. നദാൽ പറയുന്നു. 

Latest News