കൊച്ചി- മലയാളത്തിലെ അവതാരകമാരിലെ സൂപ്പർതാരമാണ് ഞ്ജിനി ഹരിദാസ്. ടിവി പരിപാടികളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും എല്ലാം തിളങ്ങി നിൽക്കുന്ന രഞ്ജിനി അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർത്ഥിയുമായിരുന്നു രഞ്ജിനി. കഴിഞ്ഞ വാലന്റൈൻ ദിനത്തിൽ തന്റെ വാലന്റൈനെ പരിചയപ്പെടുത്തി രഞ്ജിനി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജിനി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിനിയുടെ പ്രതികരണം.
രഞ്ജിനിയുടെ വാക്കുകൾ ;
പ്രണയത്തിലാണ്. 39 വയസുണ്ട് എനിക്ക്. ഇതെന്റെ ആദ്യ പ്രണയമല്ല. പതിനാലാം വയസിൽ പ്രണയിക്കാൻ തുടങ്ങിയതാണ് ഞാൻ. ഓരോ പ്രണയവും സംഭവിച്ചപ്പോൾ ഏറ്റവും ആത്മാർത്ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാൽ ഒന്നും സക്‌സസ് ആയില്ല. ഇപ്പോൾ സോഷ്യൽമീഡിയയിൽ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. 16 വർഷമായി എന്റെ സുഹൃത്താണ് ശരത്. പക്ഷേ, പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആൾ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷൻഷിപ്പിലും. രണ്ടുപേരും സിംഗിളായതും ഞങ്ങൾക്കിടയിൽ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ, ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്കറിയില്ല. കല്ല്യാണം കഴിക്കണം എന്ന് വച്ചല്ല ഞാൻ പ്രണയിക്കുന്നത്. കല്ല്യാണം കഴിക്കാം എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, കല്ല്യാണം എന്ന കൺസപ്റ്റ് ഇന്നും എനിക്ക് സ്വീകാര്യമല്ല. അതിന്റെ ലീഗൽ കോൺട്രാക്ട് സൈഡ് ഇപ്പോഴും എനിക്ക് മനസ്സിലാക്കാൻ ആയിട്ടില്ല. കല്ല്യാണം കഴിച്ചാൽ പ്രഷർ കൂടും. എന്റെ ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാൻഡിൽ ചെയ്യാൻ പറ്റുന്ന ഒരാളല്ല ഞാൻ. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയും ആണ്. എന്റെ കൂടെ നിന്നാൽ മറ്റെയാൾക്കും ഈഗോ അടിക്കും. എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ആളാണ്. അതൊക്കെ എല്ലാവർക്കും സ്വീകരിക്കാൻ പറ്റില്ല. പിന്നെ, നാളെ ഒരാൾ എങ്ങനെയൊക്കെ മാറുമെന്ന് നമുക്ക് അറിയില്ലല്ലോ. നാളയെ കുറിച്ച് പറയാൻ നാം ആളല്ല. തത്കാലം വിവാഹം കഴിക്കാൻ പ്ലാനില്ല.