വോൾവോ ആദ്യമായി അവതരിപ്പിക്കുന്ന പൂർണ ഇലക്ട്രിക് മോഡൽ സി40 റീചാർജ് എസ്യുവി വിപണിയിലെത്തി. ഈ കാർ പൂർണമായും ഓൺലൈനായാണ് വിൽക്കുക എന്ന പ്രത്യേകതയുമുണ്ട്. കൂപെ ഡിസൈനിന്റെയും എസ്യുവിയുടെയും ഒരു ക്രോസ്സാണ് ഈ വാഹനമെന്ന് പറയാം. എസ്യുവി കൂപെ എന്നാണ് കാറിനെ നിരൂപകർ വിശേഷിപ്പിക്കുന്നതും.
വോൾവോയുടെ ഭാവിയിലേക്ക് വിരൽചൂണ്ടുന്ന മോഡലെന്ന നിലയിലാണ് ഓട്ടോ നിരൂപകർ ഈ കാറിന്റെ വരവിനെ കാണുന്നത്. ഏതാണ്ട് പൂർണമായും വോൾവോ സ്വയം വികസിപ്പിച്ചെടുത്തതാണ് ഈ കാർ. ഇതോടൊപ്പം, 2030ഓടെ പൂർണമായും ഇലക്ട്രിക് സാങ്കേതികതയിലേക്ക് തങ്ങൾ മാറുമെന്നും ഫോസിൽ ഇന്ധന എൻജിനുകളിന്മേലുള്ള ആശ്രിതത്വം ഇല്ലാതാക്കുമെന്നും വോൾവോ പ്രഖ്യാപിച്ചിരുന്ന കാര്യവും ഓർക്കേണ്ടതുണ്ട്.
ഡിസൈനിൽ ഉയർന്ന എയ്റോഡൈനമിക്സ് കൊണ്ടുവരാൻ വോൾവോ ശ്രമിച്ചതിന്റെ ഫലമാണ് ഈ പ്രത്യേക ഡിസൈൻ. ഈ രൂപകൽപന മൂലം കാർ കാറ്റിനെക്കൂടി ഉപയോഗപ്പെടുത്തു മുന്നോട്ടായുകയും അതുവഴി വൈദ്യുതി ഉപഭോഗം ഏറെ കുറയ്ക്കുകയും ചെയ്യുന്നു.
ഈ കാറിന്റെ മറ്റൊരു പ്രത്യേകത അകത്ത് കയറിയാലാണ് മനസ്സിലാവുക. മറ്റ് വോൾവോ കാറുകളെപ്പോലെ ഇതിനൊരു പൂർണ തുകൽ അപ്ഹോൾസ്റ്ററി പതിപ്പില്ല. അഥവാ, പാരിസ്ഥിതിക സൗഹാര്‍ദ്ദം അവിടെയും സൂക്ഷിക്കുന്നു.
ഗൂഗിൾ വികസിപ്പിച്ചെടുത്ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് കാറിനകത്ത് ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമാണിത് ഉപയോഗിക്കുന്നത്. എക്സ്സി40 മോഡലിന്റെ അതേ സാങ്കേതികത തന്നെയാണ് സി40യും പിൻതുടരുന്നതെന്ന് പറയാം. ഡിസൈനിൽ മാത്രമാണ് കാര്യമായ വ്യതിയാനം പറയാനുള്ളത്. 78 കിലോവാട്ടിന്റെ രണ്ട് ബാറ്ററി ഒറ്റച്ചാർജിൽ 420 കിലോമീറ്റർ മൈലേജ് തരുന്നു. 408 കുതിരശക്തിയാണ് വാഹനത്തിനുള്ളത്.