Sorry, you need to enable JavaScript to visit this website.

പ്രസിഡന്റ് അങ്കിളിനോട് അപേക്ഷിച്ച് ഷബ്‌നത്തിന്റെ  മകന്‍,  എന്റെ അമ്മയെ തൂക്കിലേറ്റരുത്, മാപ്പ് നല്‍കണം

ലഖ്‌നൗ- സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ തുക്കിലേറ്റാനുള്ള നടപടി ഉത്തര്‍പ്രദേശിലെ ജയിലില്‍ പുരോഗമിക്കുന്നതിനിടെ, ചോക്ക് ബോര്‍ഡില്‍ അമ്മയെ തൂക്കിക്കൊല്ലരുതെന്ന് രാഷ്ട്രപതിയോട് അപേക്ഷിച്ച് 12 വയസുകാരന്‍. മകന്‍ താജ്മുഹമ്മദാണ്‌ചോക്ക് ബോര്‍ഡില്‍ അമ്മയെ തൂക്കിലേറ്റരുതെന്ന് രാഷ്ട്രപതിയോട് അപേക്ഷിച്ചത്. 2008 ഏപ്രിലില്‍ കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ കോടാലിക്കു വെട്ടിക്കൊന്ന കേസിലെ പ്രതി ഷബ്‌നത്തിനെയാണു മഥുര ജയിലില്‍ തൂക്കിലേറ്റുന്നത്.അമ്മ ജയിലായതിന് ശേഷം ചില്‍ഡ്രന്‍സ് ഹോമിലാണ് 12 വയസുകാരന്‍ കഴിയുന്നത്. അമ്മയെ തൂക്കിക്കൊല്ലരുതെന്ന് ചോക്ക് ബോര്‍ഡില്‍ എഴുതിയാണ് രാഷ്ട്രപതിയോട് അപേക്ഷിക്കുന്നത്. അമ്മയുടെ കേസ് ഒരിക്കല്‍ കൂടി പരിഗണിച്ച ശേഷം അമ്മയ്ക്ക് മാപ്പ് നല്‍കണമെന്നും മകന്‍ പറയുന്നു. തൂക്കിലേറ്റരുതെന്ന് ആവശ്യപ്പെട്ട് ഷബ്‌നം ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കാരുണ്യഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ഹര്‍ജി രാഷ്ട്രപതിയും ഗവര്‍ണറും തള്ളിയിട്ടുണ്ട്. മരണവാറണ്ട് പുറപ്പെടുവിച്ചാല്‍ ഇവരെ ഉടന്‍ തൂക്കിലേറ്റും. ഷബ്‌നം നിലവില്‍ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവിലുള്ളത്.ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍ പവന്‍ ജല്ലാദ് രണ്ടു തവണ നടപടിക്രമങ്ങള്‍ പരിശോധിച്ചു. ശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.
2008 ഏപ്രില്‍ 14ന് രാത്രിയാണ് കേസിനാസ്പദമായ ക്രൂരകൃത്യം അരങ്ങേറിയത്. കാമുകനായ സലിമിനൊപ്പം ചേര്‍ന്ന് ഷബ്‌നം സ്വന്തം മാതാപിതാക്കളെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും സഹോദരിയെയും മരുമകനെയും മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കു പാലില്‍ മയക്കുമരുന്നു ചേര്‍ത്തു നല്‍കിയതിനു ശേഷമായിരുന്നു കൊടുംക്രൂരത. സലിമുമായുള്ള പ്രേമബന്ധത്തിനു കുടുംബാംഗങ്ങള്‍ തടസം നിന്നതാണ് കൊലയ്ക്കു കാരണം. മഥുരയിലെ ജയിലില്‍വെച്ചാകും ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നത്. സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്നത് മഥുരയിലെ ജയിലിലാണ്. 150 വര്‍ഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല.നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാകും ഷബ്‌നത്തെയും തൂക്കിലേറ്റുക. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പവന്‍ രണ്ട് തവണ മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തി. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളില്‍ അറ്റക്കുറ്റപ്പണി നടത്തിയിട്ടുണ്ട്. ബക്‌സറില്‍നിന്നുള്ള കയറും മഥുരയിലെ ജയിലില്‍ എത്തിച്ചു.മരണ വാറന്റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ഷബ്‌നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മഥുര ജയില്‍ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ വ്യക്തമാക്കി.

 

 


 

Latest News