നമ്മള്‍ കണ്ടു നില്‍ക്കെ  ഇന്ത്യ ഒരുപാട് മാറി-നടന്‍ സിദ്ധാര്‍ത്ഥ്

മുംബൈ- ഇന്ത്യ ഒരുപാട് മാറിപോയെന്നും നമ്മുടെയെല്ലാം കണ്‍മുന്നില്‍ വെച്ചാണ് എല്ലാം മാറിമറിഞ്ഞതെന്നും നടന്‍ സിദ്ധാര്‍ത്ഥ്. 2009ല്‍ അഭിപ്രായം പറഞ്ഞ് സംസാരിച്ചപ്പോള്‍ തനിക്കെതിരെ ആരും പരാതിയോ ഭീഷണിയോ ആയി രംഗത്തുവന്നില്ലെന്നും ആക്രമിച്ചില്ലെന്നും നടന്‍ പറഞ്ഞു. 2009ല്‍ ഇന്ത്യന്‍ ബിസിനസ് സ്‌ക്കൂളില്‍ വെച്ച് സംസാരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് സിദ്ധാര്‍ത്ഥ് ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യം വിമര്‍ശനവിധേയമാക്കിയത്. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചാണ് സിദ്ധാര്‍ത്ഥ് വീഡിയോയില്‍ സംസാരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയെയും സിദ്ധാര്‍ത്ഥ് വിമര്‍ശിച്ചു. 'മൂന്ന് ദിവസം നീണ്ട സര്‍ക്കസ്' എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനെ സിദ്ധാര്‍ത്ഥ് പരിഹസിച്ചത്. ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ജനം ആക്രമണം മറന്നെന്നും വളരെ കുറഞ്ഞ കാലയളവേ അതിന് ആയുസ്സുണ്ടായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.ടൂള്‍കിറ്റ് കേസില്‍ ദിശ രവിയെ അറസ്റ്റ് ചെയ്തതിനെതിരെ തുടര്‍ച്ചയായി സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
 

Latest News