Sorry, you need to enable JavaScript to visit this website.

മക്കളെ രക്ഷിക്കാന്‍ സൗദി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ജിദ്ദ- കുട്ടികള്‍ ഇലക്ടോണിക് ഗെയിമുകള്‍ കളിക്കുന്നത് എല്ലായ്‌പ്പോഴും നിരീക്ഷിക്കണമെന്നും അവര്‍ അനുയോജ്യമായ ഗെയിമുകളാണ് കളിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ കുട്ടികളില്‍ അക്രമ സ്വഭാവം വളരുന്നതിനു പുറമെ അവര്‍ ചൂഷണത്തിനു വിധേയരാകാന്‍ സാധ്യതയുണ്ടെന്നും സ്വദേശികളും വിദേശികളുമടങ്ങുന്ന മാതാപിതാക്കള്‍ക്ക് അയച്ച എം.എസ്.എസില്‍ പറയുന്നു. അധാര്‍മിക ഉള്ളടക്കത്തിലേക്ക് പോകുന്നതിനു പുറമെ സൈബര്‍ കുറ്റകൃത്യങ്ങളുെട ഇരകളാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം രക്ഷിതാക്കളെ ഉണര്‍ത്തി.
സൈബര്‍ ലോകത്ത് കുട്ടികള്‍ ധാരാളമായി ചൂഷണം ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ് അധികൃതര്‍ ആവര്‍ത്തിച്ചുനല്‍കുന്ന മുന്നറിയിപ്പ്. നൂറുകണക്കിനു ഗെയിമുകള്‍ക്ക് സൗദിയില്‍ നിരോധമുണ്ട്.
ഓണ്‍ലൈന്‍ ഗെയിമുകളിലാണ് ഇപ്പോള്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യം. പഠനാവശ്യത്തിനായി കൂടുതല്‍ സമയം ഫോണുകളും ടാബ്‌ലെറ്റുകളും കൈകളില്‍വന്നതോടെ സുഹൃത്തുക്കളുടെ ഗ്രൂപ്പുകളുണ്ടാക്കിയും അല്ലാതെയും ഗെയിം കളിച്ച് കുട്ടികള്‍ സമയം കൊല്ലുന്നു.
മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളില്‍ പ്രത്യേകിച്ച് കൗമാരക്കാരില്‍ തലച്ചോറിന്റെ വികാസത്തെയും വ്യക്തിത്വത്തെയും അതുവഴി ഭാവിജീവിതത്തെയും വരെ സ്‌ക്രീന്‍ അഡിക്ഷന്‍ സ്വാധീനിക്കുന്നു എന്നാണ് കണ്ടെത്തല്‍.  
പല ഗെയിമുകള്‍ കളിക്കുമ്പോഴും അഡ്രിനാലിന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്.  ഈ അഡ്രിനാലിന്‍ എഫക്ട് മണിക്കൂറുകളോളം നീട്ടിക്കൊണ്ടുപോകാനാണ് ഗെയിമുകള്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ അഡ്രിനാലിന്‍ ഉല്‍പാദനം നീണ്ടു നില്‍ക്കുന്നതോടൊപ്പം തലച്ചോറില്‍ വലിയ അളവില്‍ ഡോപമൈന്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

അഡ്രിനാലിന്‍-ഡോപമൈന്‍ ഇഫക്ട് ആണ് അഡിക്ഷന്‍ ശക്തമാക്കുന്നത്. ഗെയിം കളിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയും ജീവന്മരണ പോരാട്ടം നടത്തി രക്ഷപെട്ട തോന്നലും യഥാര്‍ഥ ജീവിതത്തില്‍ ലഭിക്കാത്തതായതുകൊണ്ട് കുട്ടികള്‍ ഗെയിമുകളുടെ, സ്‌ക്രീനുകളുടെ ലോകത്തെ കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്യും.
ഓരോ ഗെയിമും പരീക്ഷിക്കാന്‍ കുട്ടികളെക്കൊണ്ട് ഗെയിം കളിപ്പിക്കുകയും അവരുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും അഡ്രിനാലിന്‍ എഫക്ട് വേണ്ടത്ര ഉണ്ടാവുന്നില്ലെന്നു കണ്ടാല്‍ ഗെയിം അഴിച്ചു പണിത് കൂടുതല്‍ ആവേശകരമാക്കുകയും ചെയ്താണ് ഓരോ ഗെയിമും കമ്പനികള്‍ അവതരിപ്പിക്കുന്നത്. കളിക്കുന്നവരെല്ലാം അഡിക്ടുകളാകുന്ന ലോകമാണ്  അവര്‍ സൃഷ്ടിക്കുന്നത്.

കുട്ടികള്‍ക്കു ഫോണ്‍, ടാബ്‌ലെറ്റ്, ഗെയിം  തുടങ്ങിയ ഡിജിറ്റല്‍ വിനോദോപാധികള്‍ സ്വതന്ത്രമായി നല്‍കുന്നതില്‍ സമൂഹം നേരത്തെ തന്നെ രണ്ടു തട്ടിലാണ്. ഇന്നത്തെ കാലത്ത് ഇവയൊക്കെ കൈകാര്യം ചെയ്യാനറിയുന്ന കുട്ടികളാണ് സ്മാര്‍ട്ടെന്നു കരുതി ഒരു വിഭാഗം പ്രോല്‍സാഹിപ്പിക്കുന്നു.  
ടെക്‌നോളജിയും ഡിജിറ്റല്‍ വിനോദങ്ങളും സാര്‍വത്രികമായ ഇക്കാലത്ത് ഇക്കാര്യങ്ങളിലുള്ള നിയന്ത്രണം സമൂഹത്തിനു ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. അതേസമയം, കുട്ടികള്‍ക്ക് ഫോണ്‍, ടാബ്‌ലെറ്റ്, ഗെയിം, ടിവി തുടങ്ങിയ ഡിജിറ്റല്‍ വിനോദങ്ങള്‍ നല്‍കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് യു.എസിലെയും യൂറോപ്പിലെയും രക്ഷിതാക്കളും മനശാസ്ത്രജ്ഞരും ഗവേഷകരും മുന്നോട്ടു വന്നിട്ടുണ്ട്. കുട്ടികള്‍ക്ക് സ്‌ക്രീന്‍ ടൈം നിയന്ത്രണം അനിവാര്യമാണെന്നാണ് മനഃശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത്.
നിലവില്‍, യുഎസില്‍ 18 മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു തരത്തിലുള്ള സ്‌ക്രീനുകളും നല്‍കുന്നത് ശിശുരോഗവിദഗ്ധര്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഫ്രാന്‍സില്‍ മൂന്ന് വയസ് വരെയുള്ള കുട്ടികളെ ടിവി കാണുന്നതില്‍ നിന്നു പോലും വിലക്കുണ്ട്.
ചെറുപ്രായത്തില്‍ അമിതമായ സ്‌കീന്‍ ഉപയോഗം മസ്തിഷ്‌ക വികാസത്തെ പ്രതികൂലമായി ബാധിക്കുകയും സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും ആത്മനിയന്ത്രണവും ദുര്‍ബലമാക്കുകയും ചെയ്യുമെന്നും പുതിയ പഠനങ്ങളില്‍ പറയുന്നു.

 

Latest News