ലണ്ടന്‍- രജപുത്ര സംഘടനകളുടേയും സംഘ്പരിവാറിന്റേയും ഭീഷണികളെ തുടര്‍ന്ന് ഇന്ത്യയില്‍ വിവാദത്തിലായ ബന്‍സാലി ചിത്രം പത്മാവതിക്ക് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ (ബി.ബി.എഫ്.സി) അനുമതി നല്കി.ഡിസംബര്‍ ഒന്നിന് സിനിമ യു.കെയില്‍ റിലീസ് ചെയ്യാമെങ്കിലും ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്ക് ശേഷമേ സിനിമ റിലീസ് ചെയ്യുന്നുള്ളൂ എന്ന നിലപാടിലാണ് നിര്‍മാതാക്കള്‍.
ഇന്ത്യയില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണ്. ഡിസംബര്‍ ഒന്നിനാണ് ഇന്ത്യയിലും റിലീസ് തീരുമാനിച്ചിരുന്നത്. പത്മാവതിയിലെ മിതമായ വയലന്‍സ് കണക്കിലെടുത്ത് ഫീച്ചര്‍ സിനിമയില്‍ ഉള്‍പ്പടുത്തി 12 എ സര്‍ട്ടിഫിക്കറ്റാണ് ബി.ബി.എഫ്.സി നല്‍കിയിരിക്കുന്നത്.
അതിനിടെ, അപേക്ഷ നല്കിയ ഉടന്‍ ഒരു സിനിമക്ക് സര്‍ട്ടഫിക്കറ്റ് നല്‍കാനാവില്ലെന്നും മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പ്രസൂണ്‍ ജോഷി പറഞ്ഞു. സിനിമയിലെ നായിക ദീപിക പദുക്കോണ്‍ അടക്കം ഭീഷണി നേരിടുകയാണ്. സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പ് ജനവികാരം കണക്കിലെടുക്കണമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനിമക്ക് അനുമതി നല്കുന്ന കാര്യം സെന്‍സര്‍ ബോര്‍ഡ് നീട്ടിക്കൊണ്ടു പോകുന്നത്.
സന്തുലിതമായ തീരുമാനം കൈക്കൊള്ളുന്നതിന് സമയം ആവശ്യമാണെന്ന് പ്രസൂണ്‍ ജോഷി വിശദീകരിക്കുന്നു. ദീപികക്കു പുറമെ, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവര്‍ വേഷമിടുന്ന പത്മാവതി ഈ വര്‍ഷാദ്യം ഷൂട്ടിംഗ് ആരംഭിച്ചതുമുതല്‍ വിവാദത്തിലാണ്.