ആലപ്പുഴ- തമിഴ്, മലയാളം സൂപ്പര്‍ പ്രണയനായകന്മാര്‍ ഒന്നിക്കുന്നു.. 'ഒറ്റ്' എന്ന ചിത്രത്തിലാണ് തമിഴ് പ്രണയനായകന്‍ അരവിന്ദ് സ്വാമിയും മലയാളത്തിന്റെ ഇഷ്ട താരം കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നത്. ഈ ചിത്രത്തിലൂടെ 25 വര്‍ഷത്തിനുശേഷം അരവിന്ദ് സ്വാമി മലയാളത്തിലേയ്ക്ക് വീണ്ടുമെത്തുകയാണ്. തീവണ്ടിയ്ക്ക് ശേഷം ടി പി ഫെല്ലിനി ഒരുക്കുന്ന ചിത്രമായ 'ഒറ്റ്' യാത്രയെക്കുറിച്ചുള്ള സിനിമയാണ്. മുംബൈ മുതല്‍ മംഗലാപുരം വരെയുള്ള യാത്രയ്ക്കിടയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സജീവാണ്.അരവിന്ദ് സ്വാമിയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതിലെ സന്തോഷം കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
മാര്‍ച്ചിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. തമിഴിലും മലയാളത്തിലും ഒരേ സമയം പുറത്തിറങ്ങുന്ന 'ഒറ്റ്' മുംബൈ , ഗോവ, എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലെത്തുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ദേവരാഗമായിരുന്നു അരവിന്ദ് സ്വാമിയുടെ അവസാന ചിത്രം. 1991ല്‍ മണിരത്‌നം ഒരുക്കിയ ദളപതിയിലൂടെയാണ് അരവിന്ദ് സ്വാമി തമിഴ് സിനിമയില്‍ താരമാകുന്നത്. അദ്ദേഹത്തിന്റെ റോജ എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഡാഡി, ബോംബെ, മിന്‍സാരകനവ്, ദേവരാഗം, എന്‍ ശ്വാസ കാട്രേ, കടല്‍, തനി ഒരുവന്‍, ബോഗന്‍, ഭാസ്‌കര്‍! ഒരു റാസ്‌കല്‍, ചെക്ക ചിവന്ത വാനം തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.