Sorry, you need to enable JavaScript to visit this website.

ഗോവ മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി 

കൊച്ചി- സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയ്ക്ക് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്ന് ചിത്രം ഒഴിവാക്കിയതിനെതിരെ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. 

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ഇടപെട്ടാണ് ഗോവ മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്ന് എസ് ദുര്‍ഗയും മറാത്തി ചിത്രമായ ന്യൂഡും ഒഴിവാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ സുജയ് ഘോഷും ജൂറി അംഗം അപൂര്‍വ് അസ്രാനിയും സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു. 

സിനിമകള്‍ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജൂറി അംഗങ്ങളായ സത്രുപ സന്യാല്‍, സുരേഷ് ഹെബ്ലിക്കര്‍, ഗോപി ദേശായി, സച്ചിന്‍ ചാത്തെ, രുചി നരൈന്‍, ഹരി വിശ്വനാഥ് എന്നിവര്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. 
നിരവധി രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത സെക്‌സി ദുര്‍ഗയുടെ പേര് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് എസ് ദുര്‍ഗ എന്ന് മാറ്റിയത്. മഹേഷ് നാരായണന്റെ ടേക്ക് ഓഫാണ് ഇന്ത്യന്‍ പനോരമയിലുള്ള മറ്റൊരു മലയാള ചിത്രം. 

Latest News