Sorry, you need to enable JavaScript to visit this website.

അഞ്ജു ജോർജ്  വീണ്ടും

അൻസിബ ഹസൻ
മോഹൻലാലിനൊപ്പം

അഞ്ജുവിനെ ഓർമയില്ലേ. പ്രാദേശിക കേബിൾ ടി.വി നടത്തിപ്പുകാരനായ ജോർജ് കുട്ടിയുടെ മകളായിരുന്നു അഞ്ജു. പ്ലസ് ടുകാരിയായ അവളും അമ്മ റാണിയും അനുജത്തി അനുവും അടങ്ങിയ കുടുംബം അറിയാതെ സംഭവിച്ച തെറ്റിന്റെ പേരിൽ അനുഭവിക്കേണ്ടിവന്ന യാതനകളും അവയെ അതിജീവിക്കാൻ അച്ഛൻ ജോർജ് കുട്ടി നടത്തിയ കഠിനപ്രയത്‌നവും പ്രേക്ഷക മനസ്സിൽനിന്നും എങ്ങനെ മായ്ക്കാനാവും. ജിത്തു ജോസഫ് ഒരുക്കിയ ദൃശ്യം സകല റെക്കോർഡുകളും ഭേദിച്ചാണ് മുന്നേറിയത്.
ഇപ്പോഴിതാ ദൃശ്യത്തിന്റെ രണ്ടാം പതിപ്പും പുറത്തിറങ്ങുകയാണ്. ജോർജ് കുട്ടിയും കുടുംബവും പുതിയ ചിത്രത്തിലും എത്തുന്നുണ്ട്. ജോർജ് കുട്ടി പഴയ അവസ്ഥയിൽനിന്നും മാറി ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടു. പ്ലസ് ടുകാരിയായിരുന്ന അഞ്ജു പി.ജിക്കാരിയായി.
ഏഴു വർഷം മുമ്പ് സൂപ്പർ ഹിറ്റായ ക്രൈം ത്രില്ലറും കുടുംബ ചിത്രവുമെല്ലാമായ ദൃശ്യത്തിലെ കേന്ദ്ര ബിന്ദുവായിരുന്നു അഞ്ജുവായി വേഷമിട്ട അൻസിബ ഹസൻ. കോഴിക്കോട് നഗരത്തിൽനിന്നും ഏറെയകലെയല്ലാത്ത പന്നിയങ്കരയിൽനിന്നും എത്തിയ നാട്ടിൻപുറത്തുകാരി. യാദൃഛികമായി സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ അവൾക്ക് ലഭിച്ച അപൂർവ ഭാഗ്യമായിരുന്നു ദൃശ്യത്തിലെ വേഷം. മോഹൻലാലിന്റെ മൂത്ത മകളായി വേഷമിട്ട അൻസിബ ഇപ്പോൾ കൊച്ചിയിലാണ് താമസം. കൊച്ചിയിലെ ഫ്‌ളാറ്റിലിരുന്നാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അൻസിബ പങ്കുവെച്ചത്.

 

ആകസ്മികമായുള്ള സിനിമാ പ്രവേശം?
ഏഷ്യാനെറ്റിൽ സ്‌ക്രീൻ ടെസ്റ്റ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആദ്യമായി ക്യാമറക്കു മുന്നിലെത്തിയത്. സിനിമാഭിനയം സ്വപ്നത്തിൽപോലുമില്ലാതിരുന്ന സമയത്ത് ഉമ്മയും അനിയനുമാണ് റിയാലിറ്റി ഷോയുടെ പരസ്യം കണ്ട് ഫോട്ടോ അയക്കുന്നത്. ഉമ്മക്ക് ഞാനൊരു അഭിനേത്രിയാകണമെന്ന മോഹമുണ്ടായിരുന്നു. നൃത്തരംഗത്തോ അഭിനയ രംഗത്തോ യാതൊരു മുൻ പരിചയമില്ലാതെയാണ് ഷോയിലെത്തിയത്. റോഷൻ ആൻഡ്രൂസ് സാറായിരുന്നു ഷോയിൽ ജഡ്ജിയായെത്തിയത്. മോസ്റ്റ് പോപ്പുലർ ആക്ട്രസ് എന്ന ടൈറ്റിലിൽ അവസാന പത്തിൽ ഇടം നേടാൻ കഴിഞ്ഞു. അതോടെയാണ് അഭിനയിക്കാനാവുമെന്നു തോന്നിത്തുടങ്ങിയത്.
ആദ്യ ക്ഷണം ലഭിച്ചത് തമിഴകത്തു നിന്നായിരുന്നു. ഏകാദശി സംവിധാനം ചെയ്ത കൊഞ്ചം വെയിൽ കൊഞ്ചം മഴൈ എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു തുടക്കം. ചെന്നൈയിലായിരുന്നു ഒഡീഷൻ. പ്ലസ് ടു കാരിയായും 28 കാരിയായ വീട്ടമ്മയായുമെല്ലാം അഭിനയിച്ചു കാണിച്ചു. ഒരു മാസം കഴിഞ്ഞാണ് സെലക്ഷനായ വിവരമറിയിക്കുന്നത്. ഗോമതി എന്ന ഗ്രാമീണ പെൺകുട്ടിയുടെ വേഷം. തേജ് നായകനായ ചിത്രം ചിത്രീകരിച്ചത് മധുരയിലായിരുന്നു. സ്‌കൂൾ പഠനകാലത്തെ പ്രണയ നായകനെ വർഷങ്ങൾ കഴിഞ്ഞ് കണ്ടുമുട്ടുന്നതും വീണ്ടും ഒന്നിക്കുന്നതും അത് ആ ഗ്രാമത്തിലുണ്ടാക്കുന്ന ചലനങ്ങളുമായിരുന്നു ഇതിവൃത്തം.
തുടർന്നു വന്നതും തമിഴായിരുന്നു. നാഗരാജ ചോളൻ എം.എ, എം.എൽ.എ എന്ന ചിത്രത്തിൽ ഒരു ആദിവാസി യുവതിയുടെ വേഷമായിരുന്നു. ഭരത് നായകനായ പാക്കണം പോലിറുക്ക് എന്ന ചിത്രമായിരുന്നു അടുത്തത്. പരിഷ്‌കാരിയായ മഹേശ്വരിയുടെ വേഷം.

 

ദൃശ്യത്തിലേക്കുള്ള വഴി?
തമിഴിൽ നാലോളം ചിത്രങ്ങളിൽ വേഷമിട്ട ശേഷമായിരുന്നു ദൃശ്യത്തിലേക്കുള്ള ജിത്തു സാറിന്റെ ക്ഷണമെത്തുന്നത്. ഒരു മാഗസിനിൽ വന്ന ഫോട്ടോ കണ്ടായിരുന്നു വിളിച്ചത്. ഒരു നാട്ടിൻപുറത്തുകാരിയായ പ്ലസ് ടുകാരിയുടെ വേഷമുണ്ടെന്നും ഒഡീഷനിൽ പങ്കെടുക്കണമെന്നും പറഞ്ഞു. എറണാകുളത്തെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലായിരുന്നു കൂടിക്കാഴ്ച. സ്‌ക്രിപ്റ്റിന്റെ ഒരു ഭാഗം അഭിനയിച്ചു കാണിച്ചു. ചിത്രീകരണം തുടങ്ങാൻ രണ്ടു ദിവസം മാത്രമുള്ളപ്പോഴാണ് സെലക്ഷൻ ലഭിച്ച വിവരം അറിയിക്കുന്നത്. ലാലേട്ടനോടും മീനച്ചേച്ചിയോടും ഒപ്പമാണ് അഭിനയിക്കേണ്ടതെന്നു പറഞ്ഞപ്പോൾ അമ്പരപ്പാണുണ്ടായത്. ഷൂട്ടിംഗിനെത്തി എല്ലാവരെയും പരിചയപ്പെട്ടെങ്കിലും അഭിനയിച്ചു തുടങ്ങിയപ്പോഴാണ് സമാധാനമായത്.

 

മോഹൻലാലും മീനയും?
ലാലേട്ടനെ ആദ്യമായി കാണുന്നത് സെറ്റിൽ വെച്ചാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ടിരിക്കാൻ വളരെ രസമാണ്. അദ്ദേഹം അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണ്. പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കഥാപാത്രമായി മാറുന്നതു കാണുമ്പോൾ അത്ഭുതം തോന്നും. വളരെ നാച്വറലായ അഭിനയം.
മീനച്ചേച്ചിയാണെങ്കിൽ യാതൊരു താരജാഡയുമില്ലാത്ത അഭിനേത്രിയാണ്. ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വളരെ എളിമയോടെ പെരുമാറുന്ന പ്രകൃതമായിരുന്നു അവരുടേത്. ചേച്ചി മലയാളം പറയുന്നതു കേൾക്കാൻ തന്നെ രസമാണ്. വളരെ പെട്ടെന്നു തന്നെ ഞങ്ങൾ ഒരു കുടുംബം പോലെയായി. ഒരുപാട് സീനിയറായ ഇവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതു തന്നെ ഭാഗ്യം. ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള പരിശീലന കളരിയായാണ് തോന്നിയത്.

 

ദൃശ്യത്തിനു ശേഷം?
ദൃശത്തിനു ലഭിച്ച പ്രേക്ഷക അംഗീകാരം വളരെ വലുതായിരുന്നു. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ പിന്നീടു വന്ന പല കഥാപാത്രങ്ങളും സംതൃപ്തി നൽകുന്നതായിരുന്നില്ല. അത്രയും നല്ലൊരു കഥാപാത്രം അവതരിപ്പിച്ചതിനു ശേഷം ചെറിയ വേഷങ്ങൾ അവതരിപ്പിക്കാൻ മനസ്സു വന്നില്ല. അതുകൊണ്ടു തന്നെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

പഠനം?
കോയമ്പത്തൂർ രത്തിനം കോളേജിൽ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠനത്തിന്റെ ഭാഗമായി ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. എ ലൈവ് സ്റ്റോറി എന്ന ഹ്രസ്വ ചിത്രത്തിൽ പോളിയും പ്രചോദുമായിരുന്നു വേഷമിട്ടത്. കൂട്ടുകാരികൾക്ക് കഥ പറഞ്ഞുകൊടുക്കാൻ നേരത്തെ വലിയ ഇഷ്ടമായിരുന്നു. കൂടാതെ കഥയും തിരക്കഥയുമെല്ലാം എഴുതിനോക്കി. എഴുതിയ കൂട്ടത്തിലുള്ള ഒരു കഥ സിനിമയാക്കണമെന്നും സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. ഇപ്പോൾ ഭാരതിയാർ യൂനിവേഴ്‌സിറ്റിയുടെ ഡിസ്റ്റന്റ് എജ്യുക്കേഷൻ വഴി എം.എസ്‌സി വിഷ്വൽ കമ്യൂണിക്കേഷന് ചേർന്നിരിക്കുകയാണ്.

 

ദൃശ്യം 2
നാലു വർഷത്തോളം സിനിമയിൽനിന്നും അകന്നു നിന്നെങ്കിലും ദൃശ്യം 2 നായി ജിത്തു സാർ വീണ്ടും വിളിച്ചപ്പോൾ വലിയ സന്തോഷമാണുണ്ടായത്. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. സെറ്റിലെത്തിയപ്പോൾ കുടുംബത്തിലേക്കു വീണ്ടുമെത്തിയ സന്തോഷമായിരുന്നു എല്ലാവർക്കും. ആദ്യ ഭാഗത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും രണ്ടാം ഭാഗത്തിലുമുണ്ട്. ഓരോരുത്തരെയും ആരവത്തോടെയാണ് എതിരേറ്റത്. ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി ഒരുക്കിയ ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.

കുടുംബത്തിന്റെ പിന്തുണ?
ഉമ്മയുടെ ആഗ്രഹമാണ് സിനിമയിലെത്തുകയെന്നത്. ബാപ്പ ഹസനും ഉമ്മ റസിയയും സഹോദരങ്ങളായ ആഷിക്കും അസീബും അഫ്‌സലും അസ്‌നയുമെല്ലാം നല്ല പിന്തുണയാണ് നൽകുന്നത്. ലൊക്കേഷനിൽ കൂട്ട് വരുന്നത് ഉമ്മയാണ്. ദൃശ്യത്തിന്റെ സെറ്റിൽ ലാലേട്ടനെ കാണാൻ എല്ലാവരും വന്നിരുന്നു.

 

വിവാഹിതയാണോ?
അത്തരം വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാർത്ത ഞാനും വായിച്ചു. അതൊരു പുതിയ അറിവായിരുന്നു. എന്തായാലും വിവാഹിതയല്ല. വീട്ടുകാർ ആലോചിക്കുന്നുണ്ട്. റൊമാന്റിക്കായ യാത്രകൾ ഏറെ ഇഷ്ടമുള്ള ഒരാളായാൽ നന്നായിരുന്നു.

Latest News