എം.ജി.ആര്‍ ലുക്ക് ചിത്രം  പുറത്തിറക്കി അരവിന്ദ് സ്വാമി 

ചെന്നൈ-തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംജിആറിന്റെ ചരമവാര്‍ഷികത്തില്‍ 'തലൈവി' ചിത്രത്തിലെ തന്റെ ലുക്ക് പുറത്തുവിട്ട് നടന്‍ അരവിന്ദ് സ്വാമി. മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. പുരട്ച്ചി തലൈവര്‍ എംജിആറിന്റെ വേഷം ചെയ്യുന്നത് ഒരു ബഹുമതി മാത്രമല്ല, വലിയ ഉത്തരവാദിത്തമാണെന്ന് കുറിച്ചു കൊണ്ടാണ് താരം ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. ചിത്രത്തില്‍ ജയലളിതയായി അഭിയനയിക്കുന്നത് കങ്കണ റണൗട്ട് ആണ്. 'സംവിധായകന്‍ എ എല്‍.വിജയ്ക്കും നിര്‍മ്മാതാക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു. താഴ്മയോടെ ഈ ചിത്രങ്ങള്‍ തലൈവറിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ പങ്കുവയ്ക്കുന്നു' അരവിന്ദ് സ്വാമി കുറിച്ചു. നേരത്തെ ജയലളിതയുടെ ചരമവാര്‍ഷിക ദിനത്തിലും സിനിമയില്‍ നിന്നുള്ള ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ബാഹുബലി, മണികര്‍ണിക, ഭജ്‌രംഗി ഭായിജാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് തലൈവിയുടെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.

Latest News