മുംബൈ-ബോളിവുഡ് നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ് 19 സ്ഥിരീകരിച്ചു. താന്‍ സമ്പര്‍ക്കവിലക്കില്‍ പോയിരിക്കുകയാണെന്നും പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും താരം വ്യക്തമാക്കി. രാകുല്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈക്കാര്യം പങ്കുവച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ഉടന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും രാകുല്‍ അഭ്യര്‍ഥിച്ചു. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കണമെന്നും ഉടന്‍ തന്നെ ലൊക്കേഷനില്‍ തിരിച്ചെത്താനാകുമെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന മെയ്‌ഡെ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. സിനിമയില്‍ അമിതാഭ് ബച്ചനോടൊപ്പമാണ് താരം എത്തുന്നത്.